Tips | പേടി വേണ്ട, പരീക്ഷയെ കൂളായി നേരിടാം; 'പരീക്ഷ പേ ചർച്ച'യിൽ പ്രധാനമന്ത്രിയുടെ ഉപദേശങ്ങൾ!


● പ്രയാസമുള്ള വിഷയങ്ങൾക്ക് കൂടുതൽ സമയം കണ്ടെത്തണമെന്ന് മോദി
● 'അധ്യാപകർ കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കണം'
● 'പരീക്ഷകൾ അറിവിന്റെ അളവുകോലായി കാണരുത്'
ന്യൂഡൽഹി: (KVARTHA) പരീക്ഷ പേ ചർച്ചയുടെ എട്ടാം പതിപ്പിൽ വിദ്യാർത്ഥികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവരുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മീയ നേതാവ് സദ്ഗുരു, നടന്മാരായ ദീപിക പദുക്കോൺ, വിക്രാന്ത് മാസ്സി, ഒളിമ്പിക് ചാമ്പ്യൻ മേരി കോം, പാരാലിമ്പിക് സ്വർണ മെഡൽ ജേതാവ് അവനി ലേഖര എന്നിവരുൾപ്പെടെ പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുക്കുന്നു. അവർ തങ്ങളുടെ ഉൾക്കാഴ്ചകളും അനുഭവങ്ങളും പങ്കിടും.
ഈ വർഷം പരീക്ഷാ പേ ചർച്ചയ്ക്ക് വൻ പ്രതികരണമാണ് ലഭിച്ചത്, 3.30 കോടിയിലധികം വിദ്യാർത്ഥികളും 20.71 ലക്ഷം അധ്യാപകരും 5.51 ലക്ഷം രക്ഷിതാക്കളും രജിസ്റ്റർ ചെയ്തു. ഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് പരിപാടി. സമ്മർദമില്ലാതെ പരീക്ഷകളെ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പരീക്ഷയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ, മാനസികാരോഗ്യം, ഉന്നത വിദ്യാഭ്യാസ കോഴ്സുകളുടെ തെരഞ്ഞെടുപ്പുകൾ തുടങ്ങിയവയെക്കുറിച്ചുള്ള ചർച്ചകൾ പരിപാടിയിൽ നടക്കും.
മോദിയുടെ ഉപദേശങ്ങൾ
പരീക്ഷാക്കാലത്ത് സമയം കണ്ടെത്താനും ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള വിദഗ്ധോപദേശങ്ങൾ സംവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കിട്ടു.
പഠനത്തിൽ ശ്രദ്ധയും കാര്യക്ഷമതയും
പരീക്ഷാക്കാലത്ത് സമയം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാമെന്നും പഠനത്തിൽ ശ്രദ്ധ എങ്ങനെ കേന്ദ്രീകരിക്കാമെന്നും മോദി ഉപദേശം നൽകി. ഓരോ ദിവസവും മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും കൂടുതൽ സമയം ആവശ്യമുള്ള വിഷയങ്ങൾക്ക് കൂടുതൽ സമയം കണ്ടെത്തണമെന്നും ഇഷ്ടവിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, പ്രയാസമുള്ള വിഷയങ്ങൾക്കും സമയം കണ്ടെത്തണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു.
അധ്യാപകർക്ക് പ്രോത്സാഹനത്തിന്റെ പാഠം
അധ്യാപകർ കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കണം. കുട്ടികൾക്ക് വിലയുണ്ടെന്നും അവരെ മനസ്സിലാക്കുന്നു എന്നും തോന്നുന്ന ഒരു പഠന അന്തരീക്ഷം സൃഷ്ടിക്കണം. ഉപദേശം നൽകുന്നതിനപ്പുറം കുട്ടികളുടെ കഴിവുകൾക്ക് പ്രാധാന്യം നൽകണം.
പരീക്ഷയും അറിവും തമ്മിൽ
പരീക്ഷകൾ പ്രധാനമാണെങ്കിലും, പരീക്ഷകൾ മാത്രം അറിവിൻ്റെ അളവുകോലായി കാണരുത്. പരീക്ഷയ്ക്ക് വേണ്ടി മാത്രം പഠിക്കാതെ, അറിവ് നേടുന്നതിൽ ശ്രദ്ധിക്കുക.
ഹോബികളും പാഠ്യേതര പ്രവർത്തനങ്ങളും
കുട്ടികൾക്ക് അവരുടെ ഇഷ്ടവിഷയങ്ങൾ പഠിക്കാനും ഹോബികൾ പിന്തുടരാനും സമയം നൽകണം. പുസ്തകങ്ങളിൽ മാത്രം ഒതുങ്ങാതെ, കുട്ടികളുടെ സർവ്വതോന്മുഖമായ വികസനത്തിന് ഹോബികൾ അത്യാവശ്യമാണ്. രക്ഷിതാക്കൾ ഇക്കാര്യം ശ്രദ്ധിക്കണം.
Had a wonderful interaction with young students on different aspects of stress-free exams. Do watch Pariksha Pe Charcha. #PPC2025. https://t.co/WE6Y0GCmm7
— Narendra Modi (@narendramodi) February 10, 2025
സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യാം?
ക്രിക്കറ്റിലെ ഉദാഹരണം ഉദ്ധരിച്ച് സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യാമെന്ന് മോദി പറഞ്ഞു. ബാറ്റ്സ്മാൻ ആൾക്കൂട്ടത്തിൻ്റെ ശബ്ദം ശ്രദ്ധിക്കാതെ പന്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതുപോലെ, വിദ്യാർത്ഥികൾ സമ്മർദ്ദത്തെക്കുറിച്ച് ആശങ്കപ്പെടാതെ പഠനത്തിൽ ശ്രദ്ധ കൊടുക്കണമെന്ന് അദ്ദേഹം ഉണർത്തി.
ആരോഗ്യവും ഭക്ഷണക്രമവും
ആരോഗ്യം നല്ലരീതിയിൽ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗം മാത്രം ഒഴിവാക്കിയാൽ ആരോഗ്യമായി എന്ന് കരുതരുത്. ശരിയായ ഉറക്കവും സമീകൃതമായ ഭക്ഷണക്രമവും പൊതു ആരോഗ്യത്തിന് അത്യാവശ്യമാണെന്നും മോദി പറഞ്ഞു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക.
Prime Minister Narendra Modi interacted with students, teachers, and parents during the eighth edition of Pariksha Pe Charcha. He offered advice on time management, focus, and stress management during exams. Several prominent personalities also participated in the event.
#ParikshaPeCharcha #NarendraModi #ExamTips #StudentLife #Education #India