Education | തല്ലുമാലകൾ സൃഷ്ടിക്കുന്നതാര്? ഇനിയും പാരൻ്റിങ് പഠിച്ചിട്ടില്ലാത്ത രക്ഷിതാക്കൾ കൈ കഴുകി പോവാൻ വരട്ടെ; വീടിനുളളിലെ വയലൻസ് കലാലയങ്ങളിലേക്ക് എത്തുമ്പോൾ

 
 Image Representing Parents Who Haven't Learned Parenting Yet, Don't Wash Your Hands; When Violence Inside Homes Reaches Colleges
 Image Representing Parents Who Haven't Learned Parenting Yet, Don't Wash Your Hands; When Violence Inside Homes Reaches Colleges

Representational Image Generated by Meta AI

● കൗമാരക്കാർ അക്രമങ്ങളിൽ ഏർപ്പെടുന്ന പ്രവണത വർധിക്കുന്ന സാഹചര്യത്തിൽ, കുട്ടികൾ 
● വഴിതെറ്റുന്നതിൽ രക്ഷിതാക്കൾക്കുള്ള പങ്ക് ചർച്ച ചെയ്യുന്നു. ജനിതകപരമായ സ്വാധീനം മുതൽ 
● രക്ഷാകർതൃത്വത്തിലെ പിഴവുകൾ വരെ കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ നിർണായകമാണ്. 
● കുട്ടികളുടെ സ്വഭാവം രൂപീകരിക്കുന്നതിൽ കുടുംബത്തിൻ്റെ പങ്ക് വളരെ വലുതാണ്.

ഭാമനാവത്ത് 

കണ്ണൂർ: (KVARTHA) അടുത്ത കാലത്തായി കൗമാരക്കാർ അക്രമങ്ങളിൽ ഏർപ്പെടുന്ന ഒരു പ്രവണത നമ്മുടെ സമൂഹത്തിൽ വർധിച്ചുവരികയാണ്. ഞെട്ടിക്കുന്ന കൊലപാതകപരമ്പരകളിൽ വരെ നമ്മുടെ കുട്ടികൾ ചെന്നെത്തുന്ന അവസ്ഥയാണ് നിലവിലുള്ളത്. പല കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിലൊരു സാഹചര്യം ഉണ്ടാകുന്നത്. കുട്ടികൾ വഴി തെറ്റുന്നതിലെ ഉത്തരവാദിത്വം അവരുടെ രക്ഷിതാക്കൾക്കാണ് കൂടുതലെന്ന് പറയാതിരിക്കാൻ വയ്യ. ഇതിൽ പ്രധാനമായ കാരണം ജനിതകമായ സ്വാധീനം തന്നെയാണ്. 

സാമൂഹ്യവിരുദ്ധ വ്യക്തിത്വ വൈകല്യമുള്ള മാതാപിതാക്കൾ ഉണ്ടെങ്കിൽ അവർക്ക് ജനിക്കുന്ന കുഞ്ഞുങ്ങളിലും അത്തരം വ്യക്തിത്വം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കുട്ടികളെ വളർത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നത് മാതാപിതാക്കളാണെന്ന് ശാസ്ത്രീയമായ തെളിയിക്കപ്പെട്ടതാണ്. മാതാപിതാളുടെ പല ഘടകങ്ങളും അവസ്ഥകളും കുട്ടികളെ ബാധിക്കാറുണ്ട്. ശരിയായ വിധത്തിൽ നമ്മുടെ കുട്ടികളെ വളർത്തിയില്ലെങ്കിൽ അവർ കുടുംബത്തിനും സമൂഹത്തിനും പ്രയോജനരഹിതരായി തീരുമെന്ന് മാത്രമല്ല സമൂഹത്തിന് തീരാ ശല്യമായും തീരും.

രക്ഷകർതൃത്വത്തിലെ പിഴവുകളാണ് കുട്ടി കുറ്റവാളികളെ 'സൃഷ്ടിക്കുന്നതിലെ മൂലകാരണം. മൂല്യബോധവും വ്യക്തിത്വവികസനവും സാമൂഹ്യബോധവും സഹാനുഭൂതിയും എല്ലാം വീടുകളിൽ നിന്ന് തന്നെയാണ് അഭ്യസിപ്പിച്ചുതുടങ്ങേണ്ടത്. കുട്ടികളിലെ ധാർമികതയും പെരുമാറ്റവും ജീവിതവീക്ഷണവും എല്ലാം രക്ഷിതാക്കളുമായുള്ള ബന്ധത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അതുകൊണ്ടുതന്നെ രക്ഷാകർതൃത്വം തന്നെയാണ് കുട്ടികളിൽ അവരുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്ന പ്രധാന ഘടകം. എന്നാൽ ഈ യാഥാർത്ഥ്യം മിക്ക രക്ഷിതാക്കളും അംഗീകരിക്കാറില്ല. 

പഠിക്കാൻ മാത്രമല്ല നന്നാവാൻ കൂടിയാണ് മക്കളെ സ്കൂളിലേക്ക് അയക്കുന്നതെന്നാണ് തൻ്റെ കുട്ടി എന്തെങ്കിലും പിഴവു കാണിച്ചാൽ ഇത്തരക്കാർ പറയുന്നത്. പഴി മുഴുവൻ സ്കൂൾ അധികൃതർക്കും അധ്യാപകർക്കുമാണ്. ധാർമ്മികമായ ഉത്തരവാദിത്വമേറ്റെടുക്കാൻ 90 ശതമാനം രക്ഷിതാക്കളും തയ്യാറാവാറില്ല. ഈ സമീപനം തന്നെയാണ് കൂടുതൽ തെറ്റുകളിലേക്ക് വഴുതി വീഴാൻ കുട്ടികളെ പ്രേരിപ്പിക്കുന്നത്. ഇതിന് ഘടകവിരുദ്ധമായ മറ്റൊരു കാര്യം കൂടിയുണ്ട്.

ചില രക്ഷിതാക്കൾ കുട്ടികളെ തങ്ങളുടെ വരുതിക്ക് നിർത്താൻ ഏറെ പരിശ്രമിക്കുന്നവരാണ്. അവരെ അനുസരിക്കുക എന്നതിനപ്പുറം തിരിച്ചൊന്നും ചെയ്യാൻ സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയിലേക്കാണ് ഈ മാതാപിതാക്കൾ കുട്ടികളെ കൊണ്ടുചെന്നെത്തിക്കുക. ഇങ്ങനെയുള്ള കുട്ടികൾ ആദ്യമെല്ലാം അച്ചടക്കം ഉള്ളവരാകുമെങ്കിലും പക്ഷെ പിന്നീട് വളർന്നുവരുമ്പോൾ രക്ഷിതാക്കളോടും അധികാരികളോടുമെല്ലാം വൈരാഗ്യം വെച്ചുപുലർത്തുന്നവരായിരിക്കും.

നിയന്ത്രണമില്ലാത്ത രക്ഷാകർതൃത്വമാണ് കേരളത്തിൽ കണ്ടുവരുന്ന മറ്റൊരു പ്രശ്നം. രക്ഷിതാക്കൾ കുട്ടികൾക്ക് അമിതമായ സ്നേഹവും വാത്സല്യവും എല്ലാം നൽകും. എന്നാൽ നിയന്ത്രണം ഇല്ലാത്തതിനാൽ ദുശീലങ്ങൾക്ക് അടിമപ്പെടാൻ സാധ്യതയുള്ളവരായിരിക്കും ഇക്കൂട്ടർ. ആവശ്യപ്പെടുന്ന കാര്യങ്ങളെല്ലാം അപ്പപ്പോൾ ലഭിക്കുന്ന തരത്തിൽ വളർന്നുവന്നവരായിരിക്കും ഇപ്പോളത്തെ ഭൂരിഭാഗം കുട്ടികളും. ഇത് നമ്മുടെ കുട്ടികളുടെ ക്ഷമാശീലത്തെ ഇല്ലാതാക്കുകയാണ് ചെയ്യുക. ഇങ്ങനെയുള്ള കുട്ടികൾക്ക് ചോദിക്കുന്ന കാര്യങ്ങൾ അപ്പോൾത്തന്നെ ലഭിച്ചില്ലെങ്കിൽ സഹിക്കാൻ പറ്റി എന്ന് വരില്ല. ആ തരത്തിലും നമ്മുടെ കുട്ടികളിൽ അക്രമവാസന ഉണ്ടാകുകയാണ്.

കുട്ടികളുടെ ഒരു കാര്യത്തിലും ഇടപെടാത്ത രക്ഷിതാക്കളുടെ സ്വഭാവവും നല്ലതല്ല. ഇത്തരം സാഹചര്യങ്ങളിലൂടെ വളർന്നുവരുന്ന കുട്ടികൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുള്ളവരായിരിക്കും. പക്ഷെ ബന്ധങ്ങളെയോ വികാരങ്ങളെയോ മാനിക്കാത്ത, മറ്റുള്ളവരെ സ്നേഹിക്കാനറിയാത്തവരായി ഇവർ മാറിത്തീരും. ഉത്തരവാദിത്വത്തോടെ കുട്ടികളെ വളർത്തേണ്ടതാണ് ശരിയായ രീതി. ഇത്തരം രീതിയിൽ മാതാപിതാക്കൾ കുട്ടികളുമായി ഹൃദയ അടുപ്പമുള്ളവരും കുട്ടികളിൽ നിന്ന് തങ്ങൾ എന്ത് പ്രതീക്ഷിക്കുന്നു എന്ന് ബോധ്യമുള്ളവരുമായിരിക്കണം. 

അത്തരത്തിലൊന്ന് ഉണ്ടായില്ലെങ്കിൽ എന്താകും ഭവിഷ്യത്തെന്ന് കുട്ടികളെ ബോധവാന്മാരാകാൻ ഇവർക്ക് സാധിക്കണം. ശാരീരികമായിട്ടുള്ളതോ, മാനസികമായിട്ടുള്ളതോ ആയ പീഡനങ്ങളല്ല, മറിച്ച് ആനുകൂല്യങ്ങൾ നഷ്ടപ്പെടും എന്ന ബോധ്യമാണ് മാതാപിതാക്കൾ കുട്ടികൾക്ക് നൽകേണ്ടത്. കുട്ടികളെ മികച്ച വ്യക്തികളാക്കാൻ മാതാപിതാക്കളും ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. കരുത്തരാക്കാനെന്ന പേരിൽ പലപ്പോഴും മാതാപിതാക്കൾ ചെയ്യുന്ന പല പ്രവൃത്തികളും യഥാർത്ഥത്തിൽ കുട്ടികളെ ദുർബലരാക്കുകയാണ് ചെയ്യുക. 

കുട്ടികളുടെ മനസ് യാഥാർത്ഥത്തിൽ മാതാപിതാക്കളുടെ പ്രവൃത്തി ഒപ്പിയെടുക്കാൻ തക്ക രീതിയിൽ നിർമിച്ചതാണ്. അതുകൊണ്ടുതന്നെ കുട്ടികൾ കണ്ടും കേട്ടും പഠിക്കുന്നത് തന്നെയായിരിക്കും അവരുടെ സ്വഭാവവും. മാതാപിതാക്കൾ എന്ന നിലയിൽ കുട്ടികളെ കൃത്യമായി നിരീക്ഷിക്കേണ്ടത് അവരുടെ കർത്തവ്യം തന്നെയാണ്. കുട്ടികളുടെ സൗഹൃദം എങ്ങനെയുള്ളതാണെന്നും, അവ ശരിയായതാണോ എന്നും മാതാപിതാക്കൾ കൃത്യമായി അറിഞ്ഞിരിക്കണം. അവ ശരിയല്ല എന്നുണ്ടെങ്കിൽ, അത് തിരിച്ചറിഞ്ഞ് ഇടപെടേണ്ടതും അത്യാവശ്യമാണ്.

കുട്ടികൾ പെട്ടെന്ന് സ്വാധീനിക്കപ്പെടുന്നവരാണ്. സിനിമയിൽ നിന്നും, സോഷ്യൽ മീഡിയയിൽ നിന്നും, ഇൻഫ്ലുവൻസർമാരിൽ നിന്നെല്ലാം ഇവർ സ്വാധീനിക്കപ്പെടും. അതുകൊണ്ടുതന്നെ കുട്ടികളെ ഇത്തരം കലാപ്രകടനങ്ങളിൽ നിന്നെല്ലാം മാറ്റി നിർത്തേണ്ടത് അനിവാര്യമാണ്. ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഇത്രയധികം വളർന്ന കാലത്ത് കുട്ടികൾക്ക് അവ നിഷേധിക്കുകയല്ല വേണ്ടത്, മറിച്ച് അവർ സ്വാധീനിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്. 

കുട്ടികളിൽ സ്വഭാവരൂപീകരണം നടത്തേണ്ടത് അത്യാവശ്യമാണ്. അതിനായുള്ള ലഭ്യമായ മാർഗങ്ങൾ ഇനിയെങ്കിലും എല്ലാം മാതാപിതാക്കളും നടത്തിയില്ലെങ്കിൽ ദുരന്തങ്ങൾ ആവർത്തിക്കപ്പെട്ടെക്കാം. തെറ്റായ രീതിയിൽ വളരുന്ന ഒരു കുട്ടി ചോർച്ചയുള്ള ഒരു ആണവ നിലയം പോലെ അപകടകരമാണ്. നാളത്തെ രാജ്യം അവരുടെ കൈയ്യിലാണ്. ഉത്തമ പൗരൻ മാരെ വളർത്തിയെടുക്കുന്നതിൻ്റെ ഉത്തരവാദിത്തം  രക്ഷിതാക്കൾ ഇനിയെങ്കിലും നിറവേറ്റണ്ടതുണ്ട്.

ഈ വാർത്ത നിങ്ങൾക്ക് ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ!

The article discusses the increasing trend of juvenile violence and crimes in society, attributing it largely to parenting failures. It emphasizes the importance of parents in shaping their children's character and behavior, and the need for responsible parenting to prevent children from becoming a menace to society.

#Parenting #JuvenileViolence #ChildPsychology #KeralaSociety #Education #SocialIssues

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia