NEET Counselling | നീറ്റ് യുജി പ്രവേശനത്തിനുള്ള കൗണ്‍സലിങ് മാറ്റിവച്ചു; പുതുക്കിയ തിയതി പിന്നീട് അറിയിക്കും


ന്യൂഡെല്‍ഹി: (KVARTHA) നീറ്റ് യുജി പ്രവേശനത്തിനുള്ള കൗണ്‍സലിങ് മാറ്റിവച്ചതായി ദേശീയ പരീക്ഷാ ഏജന്‍സി അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കൗണ്‍സലിങ് ഉണ്ടാകില്ലെന്നും എന്‍ടിഎ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
ശനിയാഴ്ച (06.07.2024) മുതലാണ് കൗണ്‍സലിങ് ആരംഭിക്കാനിരുന്നത്. സുപ്രീംകോടതിയില്‍ നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികള്‍ വന്നിരുന്നു. ഇതില്‍ നീറ്റ് യുജി കൗണ്‍സലിങ് മാറ്റിവയ്ക്കണമെന്ന ആവശ്യം ഉണ്ടായിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്ത് ഇത് മാറ്റിവയ്ക്കാനാകില്ലെന്നായിരുന്നു സുപ്രീംകോടതി അറിയിച്ചത്. എന്നാല്‍ വീണ്ടും ഇതുസംബന്ധിച്ച് ഹര്‍ജികള്‍ വന്നു. ഇത് കോടതി പരിഗണിക്കാനിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് നീറ്റ് യുജി കൗണ്‍സലിങ് മാറ്റിവയ്ക്കാന്‍ എന്‍ടിഎ തീരുമാനമെടുത്തത്.