Exam Centers | നീറ്റ് - പിജി പരീക്ഷകൾ കേരളത്തിൽ എഴുതാം! പരീക്ഷകേന്ദ്രം അനുവദിക്കുമെന്ന് കേന്ദ്രം; പ്രഖ്യാപനം ഓഗസ്റ്റ് 5ന് ഉണ്ടാവും
നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ ഉറപ്പ് നൽകിയതായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എക്സിലൂടെ അറിയിച്ചിട്ടുണ്ട്
തിരുവനന്തപുരം: (KVARTHA) മലയാളി വിദ്യാർഥികൾക്ക് നീറ്റ് - പിജി പരീക്ഷകൾ കേരളത്തിൽ എഴുതാം. പരീക്ഷകേന്ദ്രം അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയതായി ബിജെപി നേതാക്കൾ അറിയിച്ചു. വിദ്യാർഥികൾക്ക് കേരളത്തിലും അവരുടെ താമസസ്ഥലത്തിന് അടുത്തും പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുന്നത് ഉറപ്പാക്കാൻ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ ഉറപ്പ് നൽകിയതായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നേരത്തെ എക്സിലൂടെ കുറിച്ചിരുന്നു.
കേരളത്തിലെ ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ക്ക് നീറ്റ് പി ജി പരീക്ഷ സെൻ്ററായി ആന്ധ്ര ഉൾപ്പടെ വിവിധ സംസ്ഥാനങ്ങൾ അനുവദിച്ച പശ്ചാത്തലത്തിൽ ഈ തീരുമാനം പ്രധാനമാണ്. കേരളത്തിൽ തന്നെ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ എം പി മാർ കഴിഞ്ഞ ദിവസം ജെപി നദ്ദയെ കണ്ടിരുന്നു. ശശി തരൂർ, അടൂർ പ്രകാശ്, ആന്റോ ആന്റണി, ഹൈബി ഈഡൻ, ഡീൻ കുരിയാക്കോസ്, കെ രാധാകൃഷ്ണൻ, അബ്ദുസ്സമദ് സമദാനി, ബെന്നി ബെഹനാൻ തുടങ്ങിയവരാണ് ജെ പി നദ്ദയെ നേരിൽ കണ്ടത്.
നന്ദി അറിയിച്ച് കെ സുരേന്ദ്രൻ
കേരളത്തിന് നീറ്റ് പിജി എക്സാം സെൻ്റർ അനുവദിക്കാൻ തീരുമാനിച്ച നരേന്ദ്രമോദി സർക്കാരിന് നന്ദി അറിയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു. സംസ്ഥാനത്തെ എം ബി ബി എസ് ഡോക്ടർമാരുടെ നിരന്തരമായ ആവശ്യമായിരുന്നു ഇവിടെ നീറ്റ് പിജി എക്സാം സെന്റർ വേണമെന്നത്. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയ്ക്ക് ജൂലായ് 31 ന് നിവേദനം നൽകുകയും ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച് ഈ കാര്യം അനുവദിക്കാമെന്നും ഓഗസ്റ്റ് അഞ്ചിന് സെന്റർ പ്രഖ്യാപിക്കുമെന്നും അറിയിച്ചു. കേരളത്തിനോട് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആരോഗ്യമന്ത്രി ജെ.പി നദ്ദയും കാണിക്കുന്ന കരുതലിന് മുഴുവൻ മലയാളികളുടെയും പേരിൽ നന്ദി അറിയിക്കുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.