Muhammed Shammas | സിലബസ് പോലും തയ്യാറാവാതെ തുടങ്ങുന്ന 4 വര്‍ഷ ബിരുദ കോഴ്‌സുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് വഞ്ചനയെന്ന് കെഎസ്‌യു നേതാവ് മുഹമ്മദ് ശമ്മാസ്


കണ്ണൂര്‍: (KVARTHA) കേരളത്തിലെ സര്‍വകലാശാലകളിലും അഫിലിയേറ്റഡ് കോളേജുകളിലും പുതുതായി നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുന്നത് സിലബസ് പോലും തയ്യാറാവാതെയാണെന്നും അകാഡമിക രംഗത്ത് പൂര്‍ത്തിയാക്കേണ്ടുന്ന കാര്യങ്ങള്‍ ചെയ്യാതെ കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി നാല് വര്‍ഷ ബിരുദ കോഴ്‌സിന്റെ പ്രവേശനം ഉദ്ഘാടനം ചെയ്യുന്നത് വിദ്യാര്‍ഥി വഞ്ചനയാണെന്നും കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ശമ്മാസ് കണ്ണൂര്‍ ഡിസിസി ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സിലബസുകള്‍ ഇതുവരെയും ലഭ്യമാക്കിയിട്ടില്ലെന്നിരിക്കെ വിദ്യാര്‍ഥികളുടെ ഭാവിക്ക് ഗുണകരമാകാത്ത തരത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയാസം സൃഷ്ടിച്ച് കൊണ്ട് പദ്ധതി ആരംഭിക്കാന്‍ എന്തിനാണ് ധൃതി കാണിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പും മുഖ്യമന്ത്രിയും വിശദമാക്കേണ്ടതാണ്.
കണ്ണൂര്‍ സര്‍വകലാശാലയില്‍ തന്നെ പകുതിയില്‍ അധികം കോഴ്‌സുകള്‍ക്കും പൂര്‍ണമായ സിലബസുകളില്ല.
പല വിഷയങ്ങളിലും രണ്ട് സെമസ്റ്ററിന്റെ സിലബസുകള്‍ മാത്രമാണുള്ളത്. മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങുന്നത് പോലെ ഗഡുക്കളായി വിദ്യാര്‍ഥികള്‍ക്ക് സിലബസുകള്‍ പോലും ഇപ്പോള്‍ നല്‍കുന്നത് വിരോധാഭാസമാണ്.
ഓരോ കോഴ്‌സിനും വിദ്യാര്‍ഥികള്‍ക്ക് വിഷയങ്ങള്‍ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാന്‍ കോഴ്‌സ് ബാസ്‌കറ്റുകള്‍ ഒരുക്കുമെന്ന് പ്രഖ്യാപിച്ച സര്‍കാര്‍, ബാസ്‌കറ്റ് പോയിട്ട് ഒരു കപ് പോലും ഒരുക്കിയിട്ടില്ല എന്നതാണ് വസ്തുത. സര്‍വത്ര ആശയക്കുഴപ്പവും ആശങ്കയും നിലനില്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
പുതിയ രീതിശാസ്ത്രം അനുസരിച്ചുള്ള മൂല്യനിര്‍ണയം വിദ്യാര്‍ഥികളുടെ നിലവാരം കൃത്യമായി ചോദ്യം ചെയ്യപ്പെടുമെന്നത് വസ്തുതയാണ്. വിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്ര നിലവാരമെന്ന് കൊട്ടിഘോഷിക്കുമ്പോള്‍ അതിന്റ അടിസ്ഥാനപരമായ യുജിസിയുടെ ക്രെഡിറ്റ് ഫോര്‍മുലയും സംസ്ഥാനത്തെ ക്രെഡിറ്റ് ഫോര്‍മുലയും തമ്മിലുള്ള വൈരുദ്ധ്യം സര്‍കാര്‍ മനസിലാക്കേണ്ടതായിരുന്നു. പുതിയ രീതിയനുസരിച്ച് ഇന്റേണ്‍ഷിപ് ചെയ്യുന്നത് സംബന്ധിച്ച് ഒരു രൂപരേഖയും ഇത് വരെ തയ്യാറായിട്ടില്ല.
യൂണിവേഴ്‌സിറ്റികളില്‍ ഇതെല്ലാം തയ്യാറാക്കേണ്ടത് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ആണെങ്കിലും. അതും ആകെ കുത്തഴിഞ്ഞ നിലയിലാണ് രാഷ്ട്രീയ താല്‍പര്യവും സ്വജനപക്ഷപാതവും ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെയും നിലവാരം തകര്‍ത്തു. കഴിവുള്ള ആളുകള്‍ ആരും ഇത്തരം സമിതികളില്‍ ഇല്ല തട്ടിക്കൂട്ടി ഉണ്ടാക്കിയ ഇത്തരം ബോര്‍ഡ് ഓഫ് സ്റ്റഡീസുകള്‍ തയ്യാറാക്കുന്ന സിലബസുകളും കേവലം തട്ടിക്കൂട്ട് സിലബസുകളായി മാറുന്നു എന്നതാണ് വസ്തുതയെന്നും അടിയന്തരമായി സര്‍കാര്‍ ഇത്തരം പ്രയാസകരമായ കാര്യങ്ങള്‍ പരിശോധിച്ച് നടപടി കൈകൊള്ളണമെന്നും പി മുഹമ്മദ് ശമ്മാസ് ആവശ്യപ്പെട്ടു.