സ്വതന്ത്ര സോഫ്റ്റ്‌വെയർ നടപ്പാക്കുന്നതിൽ കൈറ്റ് രാജ്യത്തിന് മാതൃകയാണെന്ന് ബാംഗ്ലൂരിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി തയ്യാറാക്കിയ പഠന റിപ്പോർട്ട്

 
National Law School Report Praises KITE for Pioneering Free and Open Source Software Adoption

Photo Credit: Website/KITE

ADVERTISEMENT

● 'ദി റൈസ് ഓഫ് ഫോസ് ഇൻ ഇന്ത്യ' എന്ന റിപ്പോർട്ടിലാണ് പ്രവർത്തനങ്ങളെ പ്രശംസിച്ചത്.
● സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് മാറിയതിലൂടെ കേരളത്തിന് 3000 കോടി രൂപ ലാഭിക്കാൻ സാധിച്ചു.
● പൊതുവിദ്യാലയങ്ങളിൽ കൈറ്റ് ഗ്നു ലിനക്സ് ഓപ്പറേറ്റിംഗ് സ്യൂട്ട് വിന്യസിച്ചത് വിദ്യാർത്ഥികൾക്ക് കരുത്തുറ്റ സാങ്കേതിക അടിത്തറ നൽകി.
● 'ലിറ്റിൽ കൈറ്റ്സ്' പദ്ധതി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളെ റിപ്പോർട്ട് എടുത്തുപറയുന്നു.

തിരുവനന്തപുരം: (KVARTHA) സ്വതന്ത്ര സോഫ്റ്റ്‌വെയർ (Free and Open Source Software-FOSS) നടപ്പാക്കുന്നതിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ് - KITE) രാജ്യത്തിന് മാതൃകയാണെന്ന് ബാംഗ്ലൂരിലെ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി (NLSIU) തയ്യാറാക്കിയ പഠന റിപ്പോർട്ട്. 'ദി റൈസ് ഓഫ് ഫോസ് ഇൻ ഇന്ത്യ' എന്ന പേരിൽ ജൂലൈയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് കൈറ്റിൻ്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചത്. സർക്കാർ മേഖലയിൽ നിന്നും കൈറ്റിനെ കൂടാതെ കേന്ദ്രസർക്കാരിന്റെ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) മാത്രമാണ് ഈ പട്ടികയിൽ ഇടംപിടിച്ചത്.

Aster mims 04/11/2022

കൈറ്റിന്റെ മുന്നേറ്റം 

2001-ൽ ഐടി@സ്കൂൾ പദ്ധതിയായി ആരംഭിച്ച കൈറ്റ്, 2007-ൽ പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് മാറിയിരുന്നു. 16,000-ലധികം പൊതുവിദ്യാലയങ്ങളിൽ 50-ൽ അധികം സ്വതന്ത്ര സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ 'കൈറ്റ് ഗ്നു ലിനക്സ് ഓപ്പറേറ്റിംഗ് സ്യൂട്ട്' (KITE GNU/Linux Operating Suite) എന്ന പേരിൽ വിന്യസിച്ചത് ഒരു തലമുറയിലെ വിദ്യാർത്ഥികൾക്ക് കരുത്തുറ്റതും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ സാങ്കേതിക അടിത്തറ നൽകിയെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിലൂടെ കേരളത്തിന് 3000 കോടി രൂപ ലാഭിക്കാൻ സാധിച്ചതായും പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.


'ഐസിടി (Information and Communication Technology) വിദ്യാഭ്യാസത്തിൽ തങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളുടെ വ്യാപ്തി സ്വതന്ത്ര സോഫ്റ്റ്‌വെയർ അല്ലായിരുന്നെങ്കിൽ സാധ്യമാകുമായിരുന്നില്ല,' - കൈറ്റ് സിഇഒ അൻവർ സാദത്തിനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. നിയന്ത്രണങ്ങളില്ലാത്ത ഉപയോഗവും പാഠ്യപദ്ധതിക്കനുസരിച്ച് മാറ്റങ്ങൾ വരുത്താനുള്ള കഴിവും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കൂടുതൽ പ്രയോജനകരമാക്കുന്നു. ഇത് കേരളത്തിൻ്റെ 'വിജ്ഞാന സമൂഹം' എന്ന പദവി ഉറപ്പിക്കാൻ സഹായിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

ദേശീയ മാതൃകയും സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനവും 

കൈറ്റിന്റെ വിജയം കേരളത്തിന് മാത്രമല്ല, രാജ്യത്തിന് തന്നെ ഒരു മാതൃകയാണ്. 'ലിറ്റിൽ കൈറ്റ്സ്' പദ്ധതി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള കൈറ്റിൻ്റെ ശ്രമങ്ങളെയും റിപ്പോർട്ട് പ്രത്യേകം എടുത്തുപറയുന്നു. ഇത് പൊതുമേഖലയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ സ്വീകരിക്കുന്നതിനുള്ള ഒരു മാതൃകയാണെന്നും ഈ വിജയഗാഥ ഫോസിന് എങ്ങനെ വലിയ തോതിലുള്ളതും, സുസ്ഥിരവും, വിതരണക്കാരെ ആശ്രയിക്കാത്തതുമായ ഡിജിറ്റൽ പരിവർത്തനം സാധ്യമാക്കാൻ കഴിയുമെന്നതിന്റെ ഉദാഹരണമാണെന്നും പഠന റിപ്പോർട്ട് വിശദീകരിക്കുന്നു.
എല്ലാ വർഷവും സെപ്റ്റംബറിലെ മൂന്നാമത്തെ ശനിയാഴ്ച 'സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ' അഥവാ സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനമായി ആചരിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറിൻ്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോള ആഘോഷമാണിത്. ഇന്ന് (സെപ്റ്റംബർ 20, വെള്ളിയാഴ്ച) കൈറ്റിൻ്റെ നേതൃത്വത്തിൽ എല്ലാ ജില്ലാ ഓഫീസുകൾ കേന്ദ്രീകരിച്ചും ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ജില്ലാതല പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൂജപ്പുരയിലെ കൈറ്റ് സ്റ്റുഡിയോയിൽ നിന്നും നിർവഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

വിവിധ പരിപാടികൾ 

പരിപാടികളുടെ ഭാഗമായി പൊതുജനങ്ങൾക്ക് സൗജന്യമായി സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് നൽകുന്ന ഇൻസ്റ്റാൾ ഫെസ്റ്റ് ഉൾപ്പെടെയുള്ള വിവിധ പരിപാടികൾ എല്ലാ ജില്ലകളിലും നടക്കും. സെപ്റ്റംബർ 22 തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പ്രത്യേക അസംബ്ലി ചേർന്ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞയെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചു. ഇതിനുപുറമെ, എല്ലാ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളുടെയും നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് സൈബർ ബോധവൽക്കരണം, കുട്ടികൾക്കുള്ള റോബോട്ടിക് പരിശീലനം, ഇൻസ്റ്റാൾ ഫെസ്റ്റ്, പോസ്റ്റർ, റീൽ നിർമ്മാണം തുടങ്ങിയ പരിപാടികളും സെപ്റ്റംബർ 27 വരെ സംഘടിപ്പിക്കുമെന്ന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു.
 

ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യുക.

Article Summary: National Law School report praises KITE on Free Software.

#KITE #SoftwareFreedomDay #Kerala #Education #FOSS #NLSIU

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia