ശ്രീനിവാസ രാമാനുജന്റെ ജീവചരിത്രം മലയാളത്തില്‍: 21 ന് മുഖ്യമന്ത്രി പ്രകാശനം ചെയ്യും

 


തിരുവനന്തപുരം: ഗണിതശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജന്റെ ജീവചരിത്രം മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നു. റോബര്‍ട്ട് കാനിഗല്‍ രചിച്ച 'ദ മാന്‍ ഹൂ ന്യൂ ഇന്‍ഫിനിറ്റി: എ ലൈഫ് ഓഫ് ദ ജീനിയസ് രാമാനുജന്‍' എന്ന പുസ്തകമാണ് 'അനന്തത്തെ അറിഞ്ഞ ആള്‍' എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്.

ഓഗസ്റ്റ് 21 ബുധനാഴ്ച വൈകിട്ട് 6.30 ന് തിരുവനന്തപുരത്തെ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തോടനുബന്ധിച്ചുള്ള പ്രിയദര്‍ശിനി ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കും. സാംസ്‌കാരിക വകുപ്പു മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിക്കും.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ശ്രീനിവാസ രാമാനുജന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ബേസിക് സയന്‍സസ്, ഭാഷ ഇന്‍സ്റ്റിറ്റിയൂട്ട്, രാമാനുജന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റി എന്നീ സ്ഥാപനങ്ങള്‍ സഹകരിച്ച് പുറത്തിറക്കുന്ന പുസ്തകം പ്രൊഫ. പി. രാമചന്ദ്രമേനോന്‍, പ്രൊഫ. ടി.എം. ശങ്കരന്‍, ഡോ.ജെ. ഡബ്ല്യൂ. ക്രിസ്റ്റല്‍ ഫ്‌ളോറി എന്നിവര്‍ ചേര്‍ന്നാണ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

ശ്രീനിവാസ രാമാനുജന്റെ അസാധാരണമായ ജീവിതയാത്രയും അദ്ദേഹം ഗണിതശാസ്ത്രത്തിനു നല്‍കിയ സംഭാവനകളും വിഖ്യാത ആംഗലേയ ഗണിത ശാസ്ത്രജ്ഞന്‍ ജി.എച്ച്. ഹാര്‍ഡിയോടൊത്തുള്ള പ്രവര്‍ത്തനങ്ങള്‍ രാമാനുജന്റെ ജീവിതത്തേയും പ്രവര്‍ത്തനങ്ങളേയും മാറ്റിമറിച്ചതുമെല്ലാം പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. 1991ലാണ് കാനിഗല്‍ ഈ ജീവചരിത്രം രചിച്ചത്.

രാമാനുജന്റെ 125-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 2012ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ ഗണിതശാസ്ത്ര വര്‍ഷാചരണത്തോടനുബന്ധിച്ച് എല്ലാ ഇന്ത്യന്‍ ഭാഷകളിലേക്കും ഈ പുസ്തകം വിവര്‍ത്തനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ വിവര്‍ത്തനം തമിഴിലാണ് പുറത്തിറങ്ങിയത്. രണ്ടാമത്തേതാണ് മലയാളത്തിലുള്ള 'അനന്തത്തെ അറിഞ്ഞ ആള്‍'.

പുസ്തക പ്രകാശനത്തോടനുബന്ധിച്ച്, ക്രിസ്റ്റഫര്‍ സൈക്‌സ് നിര്‍മിച്ച 'ഒരു ഇന്ത്യന്‍ ക്ലര്‍ക്കില്‍ നിന്നുള്ള കത്തുകള്‍' എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. ഗണിത ശാസ്ത്രത്തില്‍ ഔപചാരിക വിദ്യാഭ്യാസം ഇല്ലാതിരുന്നിട്ടും ആയിരക്കണക്കിന് ഗണിതശാസ്ത്ര തത്വങ്ങള്‍ അനാവരണം ചെയ്ത് 1920ല്‍ 32-ാമത്തെ വയസില്‍ മരണപ്പെട്ട ശ്രീനിവാസ രാമാനുജന്റെ സംഭവബഹുലമായ ജീവിതത്തെപ്പറ്റിയാണ് അദ്ദേഹത്തിന്റെ ജന്മശതാബ്ദി വര്‍ഷമായ 1987ല്‍ തയ്യാറാക്കിയ ഈ ഡോക്യുമെന്ററിയില്‍ പ്രതിപാദിക്കുന്നത്.

ശ്രീനിവാസ രാമാനുജന്റെ ജീവചരിത്രം മലയാളത്തില്‍: 21 ന് മുഖ്യമന്ത്രി പ്രകാശനം ചെയ്യുംശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ പ്രസിഡണ്ടു കൂടിയായ മുഖ്യമന്ത്രിയില്‍ നിന്ന് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് പ്രൊഫ. വി.എന്‍. രാജശേഖരന്‍ പിള്ള ആദ്യപ്രതി ഏറ്റുവാങ്ങും. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. എം.ആര്‍. തമ്പാന്‍ സ്വാഗതം പറയും. ഇന്‍സ്റ്റിറ്റിയൂട്ട് ഭരണ സമിതി അംഗം പ്രൊഫ. സി.ജി. രാമചന്ദ്രന്‍ നായര്‍, സാംസ്‌കാരിക വകുപ്പു സെക്രട്ടറി റാണി ജോര്‍ജ്, കുസാറ്റ് ഗണിതശാസ്ത്ര വിഭാഗം മേധാവി പ്രൊഫ. അമ്പാട്ട് വിജയകുമാര്‍, ഭാഷ ഇന്‍സ്റ്റിറ്റിയൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഷിബു ശ്രീധര്‍ എന്നിവര്‍ പ്രസംഗിക്കും.

Keywords : Thiruvananthapuram, Oommen Chandy, Chief Minister, Inauguration, Kerala, Education, Ramanujan, Biography, Malayalam, Published, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia