Legal | ഇന്ത്യന്‍ സ്‌കൂളിന് 20 കോടി രൂപയുടെ പിഴയിട്ട് ഒമാന്‍ കോടതി; ആശങ്കയുമായി രക്ഷിതാക്കള്‍


● രക്ഷിതാക്കള്‍ ബോര്‍ഡ് ചെയര്‍മാന് നിവേദനം നല്‍കി
● വിദ്യാര്‍ഥികളില്‍നിന്ന് കൂടുതല്‍ തുക ഈടാക്കിയേക്കുമെന്ന് ആശങ്ക.
● മലയാളികളടക്കം 47,000ല്‍ പരം വിദ്യാര്‍ഥികളാണ് പഠനം നടത്തുന്നത്.
മസ്ഖത്: (KVARTHA) സ്‌കൂള്‍ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നിര്‍മിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട ലീസ് ഹോള്‍ഡ് കരാര്‍ ലംഘിച്ചുവെന്നാരോപിച്ച് ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡിന് ഒമാന്‍ കോടതി പിഴ വിധിച്ചു. 949,659.200 റിയാല്‍ (20 കോടിയിലധികം ഇന്ത്യന്‍ രൂപ) ആണ് പിഴ വിധിച്ചിരിക്കുന്നത്. കരാര്‍ ലംഘനത്തിന് ബോര്‍ഡിനെതിരെ ഭൂവുടമ നല്‍കിയ ഹര്‍ജിയിലാണ് ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡിന് കോടതി പിഴ വിധിച്ചത്.
ഒമാനിലെ ബര്‍ക്ക മേഖലയിലുള്ള അല്‍ ജനീന പ്രദേശത്ത് രക്ഷിതാക്കളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് മുന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ഇന്ത്യന്‍ സ്‌കൂള്‍ തുടങ്ങാന്‍ തീരുമാനം എടുക്കുകയും നിര്‍മാണ ചുമതലയ്ക്ക് ഭൂവുടമയുമായി കരാര്‍ ഒപ്പിടുകയും ചെയ്തത്. 2015ല്‍ ആണ് സ്‌കൂള്‍ ബോര്‍ഡ് കരാര്‍ ഒപ്പിട്ടത്.
എന്നാല്‍ കരാര്‍ പ്രകാരം കെട്ടിടം നിര്‍മിക്കുകയും ബന്ധപ്പെട്ട അനുമതി നേടുകയും ചെയ്തതിന് പിന്നാലെ പിന്നീട് വന്ന ഡയറക്ടര്‍ ബോര്‍ഡ് കരാറില്‍ നിന്ന് പിന്മാറി. ഇതിനെ തുടര്‍ന്നാണ് ഭൂവുടമ ബോര്‍ഡിനെതിരെ കോടതിയെ സമീപിച്ചത്. കേസിന്റെ വാദത്തിനൊടുവില്‍ ഏകദേശം 20 കോടിയോളം രൂപ ഇന്ത്യന്‍ സ്‌കൂള്‍ ഭൂവുടമയ്ക്ക് നല്‍കണമെന്ന് ഒമാന്‍ മേല്‍കോടതി വിധിക്കുകയായിരുന്നു.
സംഭവത്തില്‍ വിദ്യാര്‍ഥികളുടെ ആശങ്കയുമായി രക്ഷിതാക്കള്‍ ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ചെയര്‍മാന് നിവേദനം നല്‍കി. കരാര്‍ പ്രകാരം ബര്‍ക്കയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായ ശേഷം എന്തുകൊണ്ടാണ് ബോര്‍ഡ് സ്‌കൂളിന്റെ പ്രവര്‍ത്തനം തുടരാതിരുന്നതെന്നും, കരാറില്‍ നിന്ന് പിന്മാറിയതെന്നും വ്യക്തമാക്കണമെന്നും രക്ഷിതാക്കള്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികള്‍ നല്‍കുന്ന ഫീസ് മാത്രം വരുമാന മാര്‍ഗമുള്ള സ്‌കൂള്‍ എങ്ങനെയാണ് ഇത്രയും വലിയ തുക കണ്ടെത്തുന്നതെന്ന ചോദ്യം രക്ഷിതാക്കള്‍ ഉന്നയിച്ചു. ഭീമമായ ഈ ബാധ്യത വിദ്യാര്‍ത്ഥികളുടെ ഫീസ് വര്‍ധനയ്ക്ക് കാരണമാകുമോ എന്ന ആശങ്കയും രക്ഷിതാക്കളില്‍ നിലനില്‍ക്കുന്നുണ്ട്. കീഴ്‌കോടതിയിലും മേല്‍ക്കോടതിയിലും കേസ് കൈകാര്യം ചെയ്തതില്‍ ഇപ്പോഴത്തെ സ്‌കൂള്‍ ബോര്‍ഡിന്റെ ഭാഗത്ത് അലംഭാവം ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കാനും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
ഒമാനില്‍ 22 ഇന്ത്യന്‍ സ്‌കൂളുകളിലായി മലയാളികള്‍ അടക്കം 47,000ല്‍ പരം വിദ്യാര്‍ഥികളാണ് ബോര്‍ഡിന് കീഴില്‍ പഠനം നടത്തുന്നത്. ഫീസ് ഇനത്തിലും മറ്റുമായി വിദ്യാര്‍ഥികളില്‍ നിന്ന് കൂടുതല്‍ തുക സ്‌കൂളുകള്‍ ഈടാക്കിയേക്കുമെന്നും ഇത് വലിയ സാമ്പത്തിക ഭാരം ഇതുമൂലം ഉണ്ടാകുമെന്നുമുള്ള ആശങ്കയിലാണ് രക്ഷിതാക്കള്‍.
ഒമാനില്‍ നിലനില്‍ക്കുന്ന കമ്മ്യൂണിറ്റി ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തെയോ, രക്ഷിതാക്കളെയോ ബാധിക്കാത്ത തരത്തില്‍ വിഷയം പരിഹരിക്കണമെന്ന് രക്ഷിതാക്കള്‍ നിവേദനത്തില്‍ ചെയര്‍മാനോട് ആവശ്യപ്പെട്ടുതായി നിവേദക സംഘത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു.
#indianschool #oman #fine #education #students #parents #controversy