Setback | ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് വലിയ തിരിച്ചടി; കാനഡ ഫാസ്റ്റ് ട്രാക്ക് വിസ അവസാനിപ്പിച്ചു
● കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ കുറയ്ക്കാന്‍ ശ്രമം.
● 14 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു പ്രയോജനം.
● 2018-ലാണ് ഈ ഇമിഗ്രേഷന്‍ പദ്ധതി ആരംഭിച്ചത്.
ദില്ലി: (KVARTHA) വളരെ ജനപ്രിയമായിരുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ സംവിധാനം നിര്‍ത്തലാക്കി ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് വലിയ തിരിച്ചടി നല്‍കിയിരിക്കുകയാണ് കാനഡ. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള എസ്ഡി എസ് (Student Direct Stream - SDS) വിസ സംവിധാനമാണ് നിര്‍ത്തലാക്കിയത്.
നവംബര്‍ 8 ന് ഉച്ചയ്ക്ക് 2 മണി വരെ ലഭിച്ച അപേക്ഷകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇതിന് ശേഷമുള്ള എല്ലാ അപേക്ഷകളും റെഗുലര്‍ സ്റ്റഡി പെര്‍മിറ്റ് സ്ട്രീമിന് കീഴിലായിരിക്കും പരിഗണിക്കുക. റെഗുലര്‍ പെര്‍മിറ്റിന് ഉയര്‍ന്ന നിരക്കും കൂടുതല്‍ സമയവുമെടുക്കും. ഇതോടെ ഇന്ത്യയില്‍ നിന്നടക്കമുള്ള വിദ്യാര്‍ഥികള്‍ കൂടുതല്‍ ദൈര്‍ഘ്യമേറിയ വിസ നടപടിക്രമങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വരും.
14 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിസ അപേക്ഷാ പ്രക്രിയ ലളിതമാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു പദ്ധതി തുടങ്ങിയത്. ഒരു രാജ്യത്തിനും പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നാണ് വിഷയത്തില്‍ ഇപ്പോള്‍ കാനഡയുടെ ന്യായം. രാജ്യത്തേക്ക് എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ കുറയ്ക്കാന്‍ കാനഡ ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ 2018-ലാണ് ചൈന, ഇന്ത്യ, മൊറോക്കോ, പാകിസ്ഥാന്‍ തുടങ്ങി 14 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ അപേക്ഷാ പ്രക്രിയ ലളിതമാക്കുകയെന്ന ലക്ഷ്യത്തോടെ ഈ ഇമിഗ്രേഷന്‍ പദ്ധതി ആരംഭിച്ചത്.
ഇന്ത്യ, ആന്റിഗ്വ, ബാര്‍ബുഡ, ബ്രസീല്‍, ചൈന, കൊളംബിയ, കോസ്റ്ററിക്ക, മൊറോക്കോ, പാകിസ്ഥാന്‍, പെറു, ഫിലിപ്പീന്‍സ്, സെനഗല്‍, സെന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രനേഡൈന്‍സ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, വിയറ്റ്‌നാം എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായിരുന്നു പദ്ധതി പ്രയോജനപ്പെട്ടിരുന്നത്.
#CanadaVisa #StudentVisa #India #Immigration #StudyAbroad #HigherEducation #VisaProcess