Kannur University | അപേക്ഷിക്കാന്‍ വിദ്യാര്‍ഥികളില്ല: കണ്ണൂര്‍ സര്‍വകലാശാലയില്‍ ബിരുദ കോഴ്സിന് 2,400 സീറ്റ് ഒഴിവ്
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സര്‍വകലാശാലയില്‍ ബിരുദ കോഴ്സുകള്‍ക്ക് വിവിധ വിഷയങ്ങളിലായി 2,432 സീറ്റുകള്‍ ഒഴിവുള്ളതായി സര്‍വകലാശാല അഡ്മിഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനം അഡ്മിഷന്‍ ഒക്ടോബര്‍ 31ന് അവസാനിച്ചിരുന്നു. സംസ്ഥാനത്തെ സര്‍വകലാശാലകളോട് അഫീലിയേറ്റ് ചെയ്ത മുഴുവന്‍ കോളജുകളിലും കഴിഞ്ഞ രണ്ടു വര്‍ഷമായി കണ്ടുവരുന്ന പ്രതിഭാസമാണിത്. കേരള, എംജി, കാലിക്കറ്റ് സര്‍വകലാശാലകളിലും ഇതേ തരത്തില്‍ ആയിരകണക്കിന് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.

കണ്ണൂര്‍ സര്‍വകലാശാലയോട് അഫീലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ്, എയ്ഡഡ് കോളജുകളില്‍ സയന്‍സ് വിഷയങ്ങള്‍ക്കാണ് ഒഴിവുകള്‍ കൂടുതല്‍ ഉള്ളത് എങ്കിലും അണ്‍ എയ്ഡഡ് മേഖലയില്‍ എല്ലാ വിഷയങ്ങളിലും ഒഴിവുകളുണ്ട്. തുടര്‍ന്ന് സര്‍വകലാശാല ഈ മാസം 30 വരെ പ്രവേശന തീയതി നീട്ടിയിരിക്കുകയാണ്. ഉന്നത വിദ്യാഭാസ മേഖലയില്‍ ഇത് ഇപ്പോള്‍ തന്നെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നു സെനറ്റ് അംഗം ഡോ. ആര്‍ കെ ബിജു പറഞ്ഞു.
അധികൃതരുടെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുകള്‍ നടത്തി ഈ പ്രതിസന്ധിക്കുള്ള കാരണമെന്താണെന്ന് കണ്ടെത്തി പരിഹരിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ആയതിനാല്‍ പ്രസ്തുത വിഷയം പഠിക്കുവാന്‍ വേണ്ടി സര്‍വകലാശാലതലത്തില്‍ വിവിധ മേഖലയില്‍ ഉള്ള പ്രഗത്ഭകരെ ഉള്‍കൊള്ളിച്ച് കൊണ്ട് കമിറ്റി രൂപീകരിക്കുവാന്‍ സര്‍വകലാശാല മുന്‍ കൈ എടുക്കണമെന്നും ഡോ. ആര്‍ കെ ബിജു നിര്‍ദേശിച്ചു.
Keywords: Kannur, News, Kerala, Education, University, Kannur-University, 2,400 seats vacant for undergraduate course in Kannur University.