Development | വിഴിഞ്ഞം തുറമുഖം: സംസ്ഥാനത്തിന് വലിയ നേട്ടം, വരുമാനം 2034 മുതൽ
● തുറമുഖത്തിന്റെ മുഴുവന്‍ ഘട്ടങ്ങളും 2028 നുളളില്‍ പൂര്‍ത്തീകരിക്കും.
● പുതിയ കരാര്‍ പ്രകാരം, അഞ്ച് വര്‍ഷം മുമ്പേ വരുമാനം ലഭിക്കും.
● കേന്ദ്ര വിഹിതം ഇതുവരെ ലഭ്യമായിട്ടില്ലെന്ന് മന്ത്രി.
തിരുവനന്തപുരം: (KVARTHA) സംസ്ഥാന സർക്കാർ വിഴിഞ്ഞം അന്തർദേശീയ തുറമുഖ പദ്ധതിയിൽ നിന്ന് വലിയ നേട്ടം കൈവരിക്കാൻ പോകുകയാണ്. സപ്ലിമെന്ററി കൺസഷൻ കരാർ ഒപ്പിട്ടതിനെ തുടർന്ന് 2034 മുതൽ തുറമുഖത്തിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു വിഹിതം സർക്കാരിന് ലഭിക്കും. വാണിജ്യ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള സപ്ലിമെന്ററി കൺസഷൻ കരാർ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ സംസ്ഥാന സർക്കാരും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും ഒപ്പുവച്ചു.
2045ൽ പൂർത്തിയാക്കേണ്ടിയിരുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ മുഴുവൻ ഘട്ടങ്ങളും കരാർ പ്രകാരം 2028 നുളളിൽ പൂർത്തീകരിക്കും. ഇതിലൂടെ ആദ്യ കരാർ അനുസരിച്ച് ലഭിക്കുന്നതിനെക്കാൾ കൂടുതൽ വരുമാനം സർക്കാരിന് ലാഭവിഹിതമായി ലഭിക്കുമെന്ന് മന്ത്രിമന്ത്രി വി എൻ വാസവൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പഴയ കരാർ പ്രകാരം, സർക്കാരിന് വരുമാനം ലഭിക്കാൻ 2039 വരെ കാത്തിരിക്കേണ്ടി വരുമായിരുന്നു. എന്നാൽ പുതിയ കരാർ പ്രകാരം, അഞ്ച് വർഷം മുമ്പേ വരുമാനം ലഭിക്കും.
നിർമ്മാണം പൂർത്തീകരിക്കുന്നതനുസരിച്ച് തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവർഷം 30 ലക്ഷം കണ്ടെയ്നറാണ്. ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോഗിക്കുന്നത് വഴി തുറമുഖത്തിന്റെ ശേഷി പ്രതിവർഷം 45 ലക്ഷം വരെ ഉയരും. 2028-ൽ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ സ്ഥാപിത ശേഷിയുള്ള കണ്ടെയ്നർ ടെർമിനൽ ആയി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വികസിക്കും.
പഴയ കരാർ പ്രകാരം 408.90 കോടി രൂപയായിരുന്നു സംസ്ഥാന സർക്കാരിന്റെ വി.ജി.എഫ് വിഹിതമായി അദാനി കമ്പനിക്ക് നിർമ്മാണ വേളയിൽ നൽകേണ്ടിയിരുന്നത്. പുതിയ ധാരണയുടെ അടിസ്ഥാനത്തിൽ ഈ തുക 365.10 കോടി രൂപയായി കുറച്ചു. 43.80 കോടി രൂപ സംസ്ഥാന സർക്കാരിന് ഇതിലൂടെ കുറവ് ലഭിച്ചു. കമ്പനിക്ക് നൽകേണ്ട 365.10 കോടി രൂപയിൽ, 189.90 കോടി രൂപ മാത്രം ഇപ്പോൾ നൽകിയാൽ മതി. ബാക്കിയുള്ള 175.20 കോടി രൂപ, തുറമുഖത്തിന്റെ എല്ലാഘട്ടങ്ങളുടെയും നിർമ്മാണം പൂർത്തീകരിക്കുന്ന മുറയ്ക്ക് സർക്കാർ നൽകിയാൽ മതിയെന്നും തീരുമാനമായി.
തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങളുടെ വികസനത്തിനായി പ്രതീക്ഷിക്കുന്ന 10000 കോടി രൂപയുടെ ചിലവ് പൂർണ്ണമായും അദാനി വഹിക്കും. 10000 കോടി രൂപയുടെ നിക്ഷേപം നടത്തുമ്പോൾ നിർമ്മാണ സാമഗ്രികൾക്കുമേൽ ലഭിക്കുന്ന നികുതി വരുമാനം സർക്കാരിന് ലഭിക്കും. ഇതിൽ നിന്നും അദാനി കമ്പനിക്കു 2028-ൽ തിരികെ നൽകേണ്ട 175.20 കോടി രൂപ കണ്ടെത്താൻ സർക്കാരിന് സാധിക്കും.
ഭൂമി സമയബന്ധിതമായി ഏറ്റെടുത്തു കൊടുക്കാൻ കഴിയാത്തത് മൂലം 30 കോടി രൂപയോളം നഷ്ടപരിഹാരമായി സംസ്ഥാന സർക്കാർ അദാനി കമ്പനിക്ക് നൽകണമെന്നതും പുതിയ കരാറിൽ ഒഴിവാക്കി. ആർബിട്രേഷൻ നടപടികൾ പിൻവലിച്ചതിനെത്തുടർന്ന് സർക്കാർ ചിലവഴിക്കേണ്ടി വരുമായിരുന്ന തുകയും ലാഭിക്കാനാകും.
വിഴിഞ്ഞം പദ്ധതിയുടെ സാധ്യതാ പഠന റിപ്പോർട്ട് അനുസരിച്ച് 40 വർഷ കരാർ കാലയളവിൽ ഏകദേശം 54750 കോടി രൂപ മൊത്ത വരുമാനമുണ്ടാക്കും. അതിൽ ഏകദേശം 6300 കോടി രൂപ സംസ്ഥാന സർക്കാരിന് ലഭിക്കും. എന്നാൽ 2028 ഡിസംബറോടെ ശേഷി വർധിപ്പിക്കൽ പൂർത്തിയാകുന്നതോടെ മൊത്തവരുമാനം 54750 കോടി രൂപയിൽ നിന്നും 215000 കോടി രൂപയാകും. വരുമാന വിഹിതം 6300 കോടി രൂപയിൽ നിന്ന് 35000 കോടി രൂപയായി വർദ്ധിക്കും. ശേഷി വർദ്ധന മൂലം വരുമാന വിഹിത ഇനത്തിലും ജിഎസ്ടി ഇനത്തിലും ഏകദേശം 48000 കോടി രൂപ സർക്കാരിന് അധികമായി ലഭിക്കും.
വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കാവശ്യമായ 8867 കോടി രൂപയിൽ 5595 കോടി രൂപ സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വിജിഎഫ് വിഹിതം, സംസ്ഥാനം പണം ചെലവഴിക്കുന്ന പുലിമുട്ട് നിർമ്മാണം, ഭൂമി ഏറ്റെടുക്കൽ, റെയിൽ കണക്ടിവിറ്റി, ജീവനോപാധി നഷ്ടപരിഹാരം തുടങ്ങിയ ഘടകങ്ങൾക്കായാണ് 5,595 കോടി രൂപ വകയിരുത്തിയിട്ടുള്ളത്. സംസ്ഥാന സർക്കാർ വഹിക്കേണ്ട 5,595 കോടി രൂപയിൽ ഇതുവരെ 2,159.39 കോടി രൂപ ചെലവഴിച്ചു. അദാനിയുടെ വിഹിതം 2454 കോടിയും കേന്ദ്രസർക്കാരിന്റേത് 817.80 കോടിയുമാണ്. കേന്ദ്ര വിഹിതം ഇതുവരെ ലഭ്യമായിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
#VizhinjamPort, #Kerala, #Adani, #portdevelopment, #infrastructure, #economicgrowth
🚢✨ Historic Arrival at Vizhinjam! ✨🚢
— VizhinjamInternationalSeaport (@PortOfVizhinjam) July 11, 2024
Today marks an epic moment as Vizhinjam International Seaport welcomes its first Mother Ship! This groundbreaking event propels India into a new era of maritime excellence. 🌊🌟 pic.twitter.com/8VcFXWGUfd