Merger | ഓരോ യാത്രയും അവിസ്മരണീയമാക്കിയതിന് നന്ദി! സ്വന്തം ബ്രാന്‍ഡില്‍ അവസാന വിമാന സര്‍വീസുമായി വിസ്താര
● 2022 നവംബറിലായിരുന്നു ലയന പ്രഖ്യാപനം.
● ഇനി എയര്‍ ഇന്ത്യ ബ്രാന്‍ഡിന് കീഴിലാകും സേവനം.
● ടാറ്റ ഗ്രൂപ്പിലേക്ക് 3,194.5 കോടി രൂപ അധിക നിക്ഷേപം.
ന്യൂഡെല്‍ഹി: (KVARTHA) ഇന്ത്യയിലെ ഏറ്റവും മികച്ച ആഭ്യന്തര വിമാനക്കമ്പനിയായ വിസ്താര (Vistara), തിങ്കളാഴ്ച അതിന്റെ അവസാന വിമാനം പുറപ്പെടുന്നു. എയര്‍ ഇന്ത്യ കമ്പനിയില്‍ പൂര്‍ണമായി ലയിക്കുകയാണ് വിസ്താര. ഇന്നാണ് സ്വന്തം ബ്രാന്‍ഡില്‍ അവസാന വിമാന സര്‍വീസ് നടത്തുന്നത്.
2015 മുതല്‍, ഇന്ത്യന്‍ ആകാശങ്ങളിലെ സേവനത്തിനും സൗകര്യത്തിനും പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിച്ച് ഓരോ യാത്രയും അവിസ്മരണീയമാക്കിയ വിസ്താര ഇനിയില്ല. ചൊവ്വാഴ്ച മുതല്‍ വിസ്താരയുടെ പ്രവര്‍ത്തനങ്ങള്‍ എയര്‍ ഇന്ത്യയുമായി ഏകീകരിക്കും.
എഐ എന്ന് തുടങ്ങുന്ന പുതിയ നാലക്ക ഫ്‌ലൈറ്റ് കോഡായിരിക്കും ഇനി മുതല്‍ വിസ്താരയ്ക്ക് ഉണ്ടാകുക. ഉദാഹരണത്തിന്, മുന്‍പ് യുകെ 955 എന്നറിയപ്പെട്ടിരുന്ന ഫ്‌ലൈറ്റ് എഐ 2955 ആയി മാറും. എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലോ ആപ്പിലോ ബുക്ക് ചെയ്യുമ്പോഴോ ചെക്ക് ഇന്‍ ചെയ്യുമ്പോഴോ യാത്രക്കാര്‍ക്ക് ഇത് എളുപ്പത്തില്‍ തിരിച്ചറിയാം. വിസ്താരയുടെ റൂട്ടുകളും ഷെഡ്യൂളുകളും അതേപടി തുടരും.
ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ വിസ്താര, എയര്‍ ഇന്ത്യയുമായി ലയിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. 2022 നവംബറിലായിരുന്നു ലയന പ്രഖ്യാപനം. ലയനപ്രക്രിയകളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ വിസ്താരയുടെ വിമാനങ്ങളെല്ലാം ഇനി എയര്‍ ഇന്ത്യ ബ്രാന്‍ഡിന് കീഴിലാകും സേവനം നടത്തുക.
ഫുള്‍ സര്‍വീസ് കാരിയറായ വിസ്താര 2015 ജനുവരി ഒന്‍പതിനാണ് പറക്കല്‍ ആരംഭിച്ചത്. വിസ്താരയുടെ 49 ശതമാനം ഓഹരിയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റേതായിരുന്നു. ലയനത്തിനുശേഷം ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയില്‍ 25.1% ഓഹരി പങ്കാളിത്തം സ്വന്തമാക്കുന്നതിനാണ് സിംഗപ്പൂര്‍ അധിക നിക്ഷേപം നടത്തുന്നത്. എയര്‍ ഇന്ത്യ-വിസ്താര ലയനം പൂര്‍ത്തിയാകുന്നതോടെ ടാറ്റ ഗ്രൂപ്പിലേക്ക് 3,194.5 കോടി രൂപ അധിക നിക്ഷേപം നടത്തുമെന്നാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അറിയിച്ചിരിക്കുന്നത്.
#Vistara #AirIndia #merger #aviation #India #TataGroup #SingaporeAirlines