Trade | സുപ്രധാന തീരുമാനം; ഇന്ത്യയില്‍നിന്ന് 15 മുസ്ലിം രാജ്യങ്ങളിലേക്ക് ഹലാല്‍ ബീഫ് കയറ്റുമതി ചെയ്യാന്‍ അനുമതി; ചട്ടം ഈ മാസം 16 മുതല്‍ പ്രാബല്യത്തില്‍ വരും


● അംഗീകാരത്തോടെ പായ്ക്ക് ചെയ്യുന്നത് മാത്രം കയറ്റുമതി.
● ആഗോള ഹലാല്‍ ഭക്ഷ്യ വിപണി 2021 ല്‍ 1.9 ലക്ഷം കോടി ഡോളറിലെത്തിയിരുന്നു.
● 2027 ഓടെ 3.9 ലക്ഷം കോടി ഡോളറിലെത്തുമെന്ന് പ്രതീക്ഷ.
ന്യൂഡല്‍ഹി: (KVARTHA) ഇന്ത്യയില്‍ ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ക്കെതിരേ ഒരുവിഭാഗം വിദ്വേഷപ്രചാരണം നടത്തിവരുമ്പോഴും രാജ്യത്ത് ഹലാല്‍ വ്യവസായം (Halal Business) വളരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കണക്കുകള്‍ പ്രകാരം ആഗോള ഹലാല്‍ ഭക്ഷ്യ വിപണി 2021 ല്‍ 1.9 ലക്ഷം കോടി ഡോളറിലെത്തിയിരുന്നു. 2027 ഓടെ ഇത് 3.9 ലക്ഷം കോടി ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇപ്പോഴിതാ, 15 മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലേക്ക് ഹലാല്‍ സാക്ഷ്യപ്പെടുത്തിയ മാംസവും മാംസ ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യാമെന്ന നയമാറ്റവുമായി നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചു. ബി.ജെ.പി സര്‍ക്കാരിന്റെ അനുമതി ലഭിച്ചതോടെ 15 മുസ്ലിം രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍നിന്നുള്ള ഹലാല്‍ ബീഫെത്തും. സമീപ വര്‍ഷങ്ങളില്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷനെ ചുറ്റിപ്പറ്റിയുള്ള തര്‍ക്കവിഷയമായ ആഭ്യന്തര വ്യവഹാരത്തില്‍ നിന്ന് വ്യത്യസ്തമായി ഉയര്‍ത്തിക്കാട്ടുകയാണ് സുപ്രധാന നീക്കം.
ആഗോള വിപണിയില്‍ ഇന്ത്യന്‍ ഹലാല്‍ ഉല്‍പന്നങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ പുതിയ നയംമാറ്റം സഹായിക്കുമെന്നും വരും വര്‍ഷങ്ങളില്‍ മാംസകയറ്റുമതി വ്യാപാരം വന്‍തോതില്‍ വളരുമെന്ന് പ്രതീക്ഷിക്കുന്നതായും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ഹലാല്‍ സാക്ഷ്യപ്പെടുത്തിയ മാംസത്തിന് ഈ രാജ്യങ്ങളിലുള്ള കൂടിയ ആവശ്യമാണ് തീരുമാനത്തിന് പിന്നില്‍.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റെ (Directorate General of Foreign Trade -DGFT) അനുമതി പ്രകാരം ബഹ്റൈന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത്, മലേഷ്യ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ജോര്‍ദാന്‍, ഒമാന്‍, ഖത്തര്‍, സഊദി അറേബ്യ, സിംഗപ്പൂര്‍, തുര്‍ക്കി, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഹലാല്‍ ബീഫ് കയറ്റുമതി ചെയ്യുന്നത്.
ഹലാല്‍ മാംസവും അതിന്റെ ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യുന്നതിനുള്ള ചട്ടം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം ഈ മാസം 16 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതുപ്രകാരം ഹലാല്‍ മാംസവും മാംസ ഉല്‍പന്നങ്ങളും കയറ്റുമതി ചെയ്യാന്‍ 15 രാജ്യങ്ങളിലേക്ക് ഹലാല്‍ സര്‍ട്ടിഫൈ ചെയ്തതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (Directorate General of Foreign Trade-DGFT) അറിയിച്ചു. ഹലാല്‍ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ (Halal Quality Council of India-QCI) യുടെയും ഇന്ത്യ കണ്‍ഫേര്‍മിറ്റി അസസ്‌മെന്റ് സ്‌കീം (India Conformity Assessment Scheme-ICAS) യുടെയും അംഗീകാരത്തോടെ ഉല്‍പ്പാദിപ്പിച്ച് പായ്ക്ക് ചെയ്യുന്ന മാംസങ്ങള്‍ മാത്രമെ കയറ്റിമതിചെയ്യൂവെന്നും അധികൃതര്‍ അറിയിച്ചു.
ഇന്ത്യയില്‍ നിന്നുള്ള മാംസ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാര്‍ വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇറക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ 15 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കായി വിജ്ഞാപനം ഇറക്കിയത്. കയറ്റുമതിയും ഇറക്കുമതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വാണിജ്യമന്ത്രാലയത്തിന് കീഴിലുള്ള വിഭാഗമാണ് ഡി.ജി.എഫ്.ടി.
ആഗോളതലത്തില്‍ ഒരു സുപ്രധാന വാണിജ്യ പാതയെ ഇത് പ്രതിനിധീകരിക്കുമെങ്കിലും ഹലാല്‍ ഉപഭോഗത്തിന്റെ പേരില്‍ രാജ്യത്ത് മുസ്ലീങ്ങള്‍ നേരിടുന്ന വിവേചനം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണ്. സാമ്പത്തിക നേട്ടത്തിനായി ഹലാല്‍ മാംസം കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് ശ്രമിക്കുന്ന സര്‍ക്കാരിന്റെ തീരുമാനം പരസ്പരവിരുദ്ധമാണെന്ന് വിമര്‍ശകര്‍ വാദിക്കുന്നു.
എന്തുതന്നെ ആയാലും കര്‍ശനമായ പ്രക്രിയകള്‍ക്ക് ശേഷം പായ്ക്ക് ചെയ്യുന്നതിനാല്‍ ഹലാല്‍ ഭക്ഷണത്തിന് അമുസ്ലിം രാജ്യങ്ങളിലും സ്വീകാര്യത കൂടിയിട്ടുണ്ട്.
#halalbeef #India #exports #Muslimcountries #trade #economy