Restriction | മൊബൈല്‍ ആപ്പുകള്‍ വഴിയുള്ള ഓര്‍ഡറുകള്‍ ഡെലിവറി ചെയ്യുന്ന ബൈക്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് സൗദി അറേബ്യ നിര്‍ത്തിവെച്ചു


● സാലിഹ് അല്‍ സുവൈദ് ആണ് ഇക്കാര്യം അറിയിച്ചത്.
● ചട്ടങ്ങള്‍ ലംഘിച്ച ബൈക്ക് ഡെലിവറി ബോയ്‌സിനെ അറസ്റ്റ് ചെയ്തിരുന്നു.
● കോവിഡ് കാലത്താണ് ഡെലിവറി സേവന മേഖല പുരോഗതി പ്രാപിച്ചത്.
റിയാദ്: (KVARTHA) ഇനി സൗദി അറേബ്യയില്‍ ഡെലിവറി ബൈക്കുകള്‍ക്ക് (Delivery Motor Cycles) ലൈസന്‍സ് നല്‍കില്ല. മൊബൈല്‍ ആപ്പുകള്‍ വഴിയുള്ള ഓര്‍ഡറുകള്‍ ഡെലിവറി ചെയ്യുന്ന മോട്ടോര്‍ സൈക്കിളുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് സൗദി പൊതുഗതാഗത ജനറല്‍ അതോറിറ്റി (Saudi Transport General Authority-TGA) നിര്‍ത്തിവെച്ചു. അതോറിറ്റി വക്താവ് സാലിഹ് അല്‍ സുവൈദ് ആണ് ഇക്കാര്യം അറിയിച്ചത്.
പരീക്ഷണാടിസ്ഥാനത്തില്‍, ഡെലിവറി ആപ്ലിക്കേഷനുകളിലൂടെ മോട്ടോര്‍ സൈക്കിളുകളില്‍ ഡെലിവറി സേവനം നല്‍കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികള്‍ക്ക് നേരത്തെ മോട്ടോര്‍ ബൈക്ക് ലൈസന്‍സ് അനുവദിച്ചിരുന്നു. എന്നാലിപ്പോള്‍ ഘട്ടം ഇപ്പോള്‍ അവസാനിച്ചതായി അല്‍ സുവൈദ് വ്യക്തമാക്കി.
കോവിഡ് കാലത്താണ് ഓണ്‍ലൈന്‍ ആപ്പുകള്‍ വഴിയുള്ള ഡെലിവറി സേവന മേഖല സൗദിയില്‍ വന്‍തോതില്‍ പുരോഗതി പ്രാപിച്ചത്. ഇതോടെ ഈ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പുറമെ നിക്ഷേപങ്ങള്‍ നടത്തുന്നതിനും ബിസിനസ് വിപുലീകരിക്കുന്നതിനും വിപുലമായ അവസരങ്ങളാണ് കമ്പനികള്‍ക്ക് ലഭിച്ചത്. അതിന് അനൂകലമായ സൗകര്യം സര്‍ക്കാരും ഒരുക്കിയിരുന്നു.
തുടര്‍ന്ന് സൗദി അറേബ്യയിലെ ചെറുകിട ചരക്ക് ഗതാഗത പ്രവര്‍ത്തനത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം ഡെലിവറി സേവനങ്ങള്‍ നല്‍കുന്ന മോട്ടോര്‍ സൈക്കിളുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഈ വര്‍ഷം 38 ശതമാനമാണ് വര്‍ധനവാണുണ്ടായത്.
ഭാരം കുറഞ്ഞ ചരക്ക് ഗതാഗത പ്രവര്‍ത്തനത്തിന് ഇതുവരെ അനുവദിച്ചത് 300 ലൈസന്‍സുകളാണ്. നിലവില്‍ സൗദിയില്‍ 80 കമ്പനികള്‍ ഡെലിവറി ആപ്ലിക്കേഷനുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഈ വര്‍ഷം ആദ്യ പാദത്തിന്റെ അവസാനത്തില്‍ നിലവിലുള്ള വാണിജ്യ രജിസ്‌ട്രേഷനുകളുടെ എണ്ണം 61 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 2900 ആയിരുന്നത് 4700 വാണിജ്യ രജിസ്‌ട്രേഷനുകളില്‍ എത്തി. ഈ വര്‍ഷം ആദ്യ പാദത്തിന്റെ അവസാനത്തില്‍ രജിസ്‌ട്രേഷനുകളുടെ എണ്ണത്തില്‍ 45 ശതമാനം വളര്‍ച്ച കൈവരിച്ച് 11,423 വാണിജ്യ രജിസ്‌ട്രേഷനില്‍ എത്തിയിരുന്നതായും അല്‍ സുവൈദ് കൂട്ടിച്ചേര്‍ത്തു.
വര്‍ക്ക് പെര്‍മിറ്റ് ഇല്ലെന്നോ ട്രാഫിക് സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചെന്നോ കണ്ടെത്തിയ നിരവധി ബൈക്ക് ഡെലിവറി ബോയ്‌സിനെ റിയാദ് നഗരത്തില്‍നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിരുന്നു.
#SaudiArabia #DeliveryServices #Motorcycles #Regulations #Transportation #COVID19 #WorkPermits #TrafficViolations