Budget Announcement | കേന്ദ്ര ബജറ്റ്: ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി 8 തവണ ബജറ്റ് അവതരണമെന്ന റെക്കോര്‍ഡിടാന്‍ നിര്‍മല സീതാരാമന്‍; പ്രഖ്യാപനങ്ങള്‍ എങ്ങനെ തത്സമയം കാണാം, അറിയാം


● 2019ല്‍ ആദ്യമായി ബജറ്റ് രേഖകള്‍ ചുവന്ന തുണിയില്‍ പൊതിഞ്ഞ് കൊണ്ടുവന്നു.
● 2020ല്‍ രണ്ടു മണിക്കൂര്‍ 42 മിനിറ്റായിരുന്നു ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം.
● 2021ല്‍ ടാബ്ലറ്റില്‍ നോക്കി വായിച്ച് പേപ്പര്‍ രഹിത ബജറ്റും അവര്‍ അവതരിപ്പിച്ചു.
● മൊറാര്‍ജി ദേശായി വിവിധ മന്ത്രിസഭകളിലായി 10 തവണ ബജറ്റ് അവതരിപ്പിച്ചു.
● തുടര്‍ച്ചയായി അല്ലാതെ പി ചിദംബരം 9 തവണയും അവതരിപ്പിച്ചു.
ദില്ലി: (KVARTHA) മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം പൊതുബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്. ഇതോടെ ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി എട്ട് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിര്‍മല സീതാരാമന്‍ മാറും. രണ്ട് ഇടക്കാല ബജറ്റുകള്‍ ഉള്‍പ്പെടെയാണിത്. മൊറാര്‍ജി ദേശായി വിവിധ മന്ത്രിസഭകളിലായി 10 തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായി അല്ലാതെ പി ചിദംബരം ഒന്‍പത് തവണയും പ്രണബ് മുഖര്‍ജി എട്ട് പ്രാവശ്യവും ബജറ്റ് അവതരിപ്പിച്ചു.
സ്വതന്ത്ര ചുമതലയോടെ പ്രതിരോധ മന്ത്രിയായ ആദ്യത്തെ വനിതയാണ് നിര്‍മല സീതാരാമന്‍. ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുളള നിര്‍മലാ സീതാരാമന്റെ പേരിലാണ് പാര്‍ലമെന്റ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണമെന്ന റെക്കോര്‍ഡും ഉള്ളത്.
2020ല്‍ രണ്ടു മണിക്കൂര്‍ 42 മിനിറ്റായിരുന്നു ബജറ്റ് പ്രസംഗം. ബജറ്റുമായി ബന്ധപ്പെട്ട് കോളോണിയല്‍ കാലത്ത് തുടങ്ങിയ പരമ്പരാഗത രീതികളില്‍ മാറ്റം വരുത്തിയതും നിര്‍മലാ സീതാരാമനാണ്. ബജറ്റ് രേഖകള്‍ ബ്രീഫ് കേസില്‍ കൊണ്ടുവരുന്ന രീതി മാറ്റി, 2019ല്‍ ആദ്യമായി ചുവന്ന തുണിയില്‍ പൊതിഞ്ഞാണ് കൊണ്ടുവന്നത്. 2021ല്‍ ടാബ്ലറ്റില്‍ നോക്കി വായിച്ച് പേപ്പര്‍ രഹിത ബജറ്റും അവര്‍ അവതരിപ്പിച്ചു. മുമ്പത്തെ ബജറ്റ് പോലെ ഇത്തവണത്തെ യൂണിയന്‍ ബജറ്റും പേപ്പര്‍ രഹിത രൂപത്തിലാണ് അവതരിപ്പിക്കുക.
ഈ കേന്ദ്ര ബജറ്റില്‍ ഇത്തവണ കേരളത്തെ സംബന്ധിച്ചും ഒരുപാട് പ്രതീക്ഷകളാണുള്ളത്. വിഴിഞ്ഞം തുറമുഖത്തിനുള്ള സഹായം, വയനാടിന് സഹായം, 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് തുടങ്ങി ഒട്ടേറെ ആവശ്യങ്ങളാണ് കേന്ദ്രത്തിന് മുന്നില്‍ കേരളം ഉന്നയിച്ചിരിക്കുന്നത്. എഐയ്ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ഇത്തവണ കൂടുതല്‍ പ്രാമുഖ്യം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കിലെ ജീവനക്കാര്‍ പ്രതീക്ഷ പങ്കുവെച്ചു.
ആദായ നികുതി ഇളവുകള്‍ വര്‍ധിപ്പിക്കും എന്നുള്ള പ്രത്യാശയിലാണ് രാജ്യത്തുള്ള നികുതിദായകര്‍. മധ്യവര്‍ഗത്തിന് അനുകൂലമായ കൂടുതല്‍ പ്രഖ്യാപനങ്ങളുണ്ടായേക്കുമെന്നാണ് സൂചന. രാഷ്ട്രപതിയുടെ അഭിസംബോധനയിലും പ്രധാനമന്ത്രിയുടെ പ്രതികരണത്തിലും ഇളവുകളുണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു. ആദായ നികുതി സ്ലാബിലെ മാറ്റം, വിലക്കയറ്റം പിടിച്ചു നിര്‍ത്താനുള്ള നടപടികള്‍, സാമ്പത്തിക മാന്ദ്യത്തെ മറികടക്കാനുള്ള നിര്‍ദേശങ്ങള്‍ തുടങ്ങിയവയെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാജ്യം. സാമ്പത്തിക വളര്‍ച്ച 6.4 ശതമാനമായി കുറയുമെന്ന് സാമ്പത്തിക സര്‍വ്വേ വ്യക്തമാക്കുന്നു. ആദായ നികുതി പുതിയ സ്‌കീമിലേക്ക് നികുതി ദായകരെ എത്തിക്കാനുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം. മന്ദീഭവിച്ച സാമ്പത്തിക വളര്‍ച്ചക്കിടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള ഇടപെടലുണ്ടാകുമോയെന്നതും പ്രധാനമാണ്.
അതേസമയം, 2025-2026 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തത്സമയം അവതരിപ്പിക്കുന്നത് സന്‍സദ് ടിവിയിലും ദൂദര്‍ശനിലും തത്സമയം കാണാന്‍ സാധിക്കും. ലൈവ് ടെലികാസ്റ്റ് അവരുടെ യൂട്യൂബ് ചാനലുകളിലും ലഭ്യമാകും. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും അവരുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ബജറ്റ് സ്ട്രീമിങ് നടത്തും.
യൂണിയന്‍ ബജറ്റ് മൊബൈല്‍ ആപ്പ്
ഭരണഘടന അനുശാസിക്കുന്ന വാര്‍ഷിക സാമ്പത്തിക പ്രസ്താവനയാണ് ബജറ്റ് എന്ന് അറിയപ്പെടുന്നത്. 'യൂണിയന്‍ ബജറ്റ് മൊബൈല്‍ ആപ്പില്‍' ലഭ്യമാകും- പാര്‍ലമെന്റ് അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ബജറ്റ് രേഖകള്‍ ഇതിലൂടെ ലഭിക്കും. മൊബൈല്‍ ആപ്പില്‍ ഇംഗ്ലീഷും ഹിന്ദിയും ലഭ്യമാകും. കൂടാതെ ഇത് ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാകും. www(dot)indiabudget(dot)gov(dot)in എന്ന യൂണിയന്‍ ബജറ്റ് വെബ് പോര്‍ട്ടലില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 2025 ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ ധനമന്ത്രി ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയ ശേഷം ബജറ്റ് രേഖകള്‍ ആപ്പില്‍ ലഭ്യമാകും.
ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക, അഭിപ്രായങ്ങൾ പങ്കുവെക്കാൻ മറക്കരുത്!
Nirmala Sitharaman creates a record by presenting the budget for the eighth time under PM Modi. The budget can be viewed live via TV and digital platforms.
#Budget2025, #NirmalaSitharaman, #EconomicGrowth, #IndiaBudget, #TaxRelief, #KeralaBudget