Shift | ഗുണകരമായിരുന്നിട്ടും തിരിഞ്ഞ് നോക്കാതെ 'കെല്‍'; ട്രാന്‍സ്‌ഫോര്‍മര്‍ കരാറുകള്‍ക്കായി മറ്റു വഴികള്‍തേടി കെഎസ്ഇബി


● വ്യാവസായിക രംഗത്തടക്കം തടസ്സം നേരിട്ടിരുന്നു.
● ദ്യുതി-രണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി.
● ആവശ്യം അനുസരിച്ചുള്ള നടപടികള്‍ വേഗത്തിലാക്കി.
തിരുവനന്തപുരം: (KVARTHA) ട്രാന്‍സ്‌ഫോര്‍മര്‍ (Transformers) കരാറുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് ലഭിക്കും. ദ്യുതി-രണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ അടുത്ത വേനലിന് മുമ്പ് ആവശ്യമായ ഇടങ്ങളില്‍ സ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പുതിയ കരാറുകള്‍ ഈ മേഖലയിലെ സ്വകാര്യ കമ്പനികള്‍ക്കാവും ഇനി ലഭിക്കുക.

പൊതുമേഖലാ സ്ഥാപനമായ 'കെല്‍' (KEL - Kerala Electrical & Allied Engineering Co.Ltd), ട്രാന്‍സ്‌ഫോര്‍മറുകള്‍ നിര്‍മിച്ച് നല്‍കാനുള്ള കരാര്‍ വ്യവസ്ഥകള്‍ പാലിക്കാത്തതിനെത്തുടര്‍ന്നാണ് കെ.എസ്.ഇ.ബി മറ്റ് വഴികള്‍തേടിയത്. 2023 ജൂണില്‍ കെല്ലിന് നല്‍കിയ കരാര്‍ പാലിക്കാത്തതിനാല്‍ ടെന്‍ഡറില്‍ തൊട്ടടുത്തുവന്ന മൂന്ന് കമ്പനികള്‍ക്ക് പുതുക്കിയ കരാര്‍ നല്‍കുകയായിരുന്നു. ഓര്‍ഡര്‍ പ്രകാരമുള്ള ട്രാന്‍സ്‌ഫോര്‍മര്‍ കമ്പനികള്‍ കൈമാറുകയും ചെയ്തു. 2024 -25 വര്‍ഷത്തെ ആവശ്യകതക്ക് അനുസരിച്ചുള്ള ട്രാന്‍സ്‌ഫോര്‍മറുകളുടെ ടെന്‍ഡര്‍ നടപടികളും വേഗത്തിലാക്കിയിട്ടുണ്ട്.
കെല്ലില്‍നിന്ന് വാങ്ങാന്‍ 2023-24 വര്‍ഷം 100 കെ.വി.എ, 160 കെ.വി.എ, 315 കെ.വി.എ, 500 കെ.വി.എ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് കെ.എസ്.ഇ.ബി ഓര്‍ഡര്‍ നല്‍കിയിരുന്നു. എന്നാല്‍, യഥാസമയം ട്രാന്‍സ്‌ഫോര്‍മര്‍ നല്‍കാന്‍ കെല്ലിന് കഴിഞ്ഞില്ല. വ്യാവസായിക രംഗത്തടക്കം പുതിയ കണക്ഷനുകള്‍ക്ക് പണമടച്ച സംരംഭകര്‍ക്ക് പോലും ട്രാന്‍സ്‌ഫോര്‍മര്‍ നല്‍കാന്‍ കഴിയാത്തതിനാല്‍ ഇത് കഴിഞ്ഞ വേനല്‍കാലത്തടക്കം വിതരണ ശൃംഖലയെ കാര്യക്ഷമമായി നിലനിര്‍ത്തുന്നതിന് തടസ്സമായി.
500 കെ.വി.എയുടെ 11 ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയവയില്‍ ഏഴെണ്ണം ഇനിയും കെല്‍ കൈമാറാനുണ്ടെന്നാണ് കെ.എസ്.ഇ.ബി വാദം. ഗുണകരമായിരുന്ന കരാറായിട്ടും കെ.എസ്.ഇ.ബിക്ക് ആവശ്യമായ സമയത്ത് ട്രാന്‍സ്‌ഫോര്‍മറുകള്‍ നിര്‍മിച്ച് നല്‍കാന്‍ കെല്ലിന് കഴിഞ്ഞില്ല. ഇത്തരത്തില്‍ സംസ്ഥാനത്തെ വൈദ്യുത വിതരണ മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചതിനാലാണ് കരാര്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കുന്ന കമ്പനികളെ ഇനി ആശ്രയിച്ചാല്‍ മതിയെന്ന നിലപാടിലേക്ക് കെ.എസ്.ഇ.ബി എത്തിയത്.
#KSEB #Transformer #PrivateCompanies #KeralaElectricity