Investment | ആയുര്‍വേദ മേഖലയില്‍ വന്‍ നിക്ഷേപം പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി പി രാജീവ്
●ഫാര്‍മസി, തെറാപ്പിസ്റ്റ് തുടങ്ങിയ കോഴ്‌സുകള്‍ക്ക് അംഗീകാരം.
●ആയുര്‍വേദത്തിന്റെ പാരമ്പര്യവും ആധുനിക സാങ്കേതികവിദ്യയും.
●കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തും.
കൊച്ചി: (KVARTHA) ആയുര്‍വേദ മേഖലയില്‍ 1000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നതായി വ്യവസായ മന്ത്രി പി. രാജീവ് (P Rajeev) അറിയിച്ചു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയുടെ മുന്നോടിയായി കെഎസ്‌ഐഡിസി സംഘടിപ്പിച്ച ആയുര്‍ദേവ-ഫാര്‍മസ്യൂട്ടിക്കല്‍ മേഖലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആയുര്‍വേദ സംരംഭകരുടെ സഹകരണത്തോടെ ഈ ലക്ഷ്യം നേടാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ആയുര്‍വേദ സംരംഭകരുടെ കൂട്ടായ്മയിലൂടെ ആയിരം കോടി രൂപയുടെ നിക്ഷേപം ആയുര്‍വേദ മേഖലയില്‍ സമാഹരിക്കണമെന്നാണ് തനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും മന്ത്രി പറഞ്ഞു. ആയുര്‍വേദ മേഖലയിലെ സംരംഭകരുമായി നടത്തിയ ചര്‍ച്ചയില്‍, ഫാര്‍മസി, തെറാപ്പിസ്റ്റ് തുടങ്ങിയ കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നുവന്നു. ഇത്തരം കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ആധുനിക സാങ്കേതികവിദ്യയുടെ വരവോടെ ഏറ്റവും കുറവ് തൊഴിലില്ലായ്മ ഉണ്ടാകുന്ന മേഖലയായി ആയുര്‍വേദത്തെ മാറ്റാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പുതിയ വ്യവസായ നയത്തെക്കുറിച്ചും ആഗോള നിക്ഷേപക ഉച്ചകോടിയെക്കുറിച്ചും വിശദീകരിച്ചു. കെഎസ്‌ഐഡിസി എംഡി എസ്. ഹരികിഷോര്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരി കൃഷ്ണന്‍ ആര്‍ നന്ദിയും രേഖപ്പെടുത്തി.
ആയുര്‍വേദം, ഫാര്‍മസ്യൂട്ടിക്കല്‍ എന്നീ വിഷയങ്ങളില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത വിദഗ്ധര്‍ ആയുര്‍വേദത്തിന്റെ പാരമ്പര്യവും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ച ചെയ്തു. ആയുര്‍വേദ ചികിത്സയ്ക്ക് ഗുണമേന്മയുള്ള മാനദണ്ഡം വന്നത് ഈ വ്യവസായത്തിന് ഗുണം ചെയ്തുവെന്നും അവര്‍ അഭിപ്രായപ്പെട്ടു.
കേരള സര്‍ക്കാര്‍ ആയുര്‍വേദ മേഖലയില്‍ വന്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനായി വിവിധ നടപടികള്‍ സ്വീകരിക്കുകയും സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആയുര്‍വേദത്തിന് ആഗോളതലത്തില്‍ വളരെ വലിയ സാധ്യതകളുണ്ട്. ഈ മേഖലയിലെ വളര്‍ച്ച കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തും.
കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് എം ഡി ഇ എ സുബ്രഹ്‌മണ്യന്‍, ധാത്രി ആയുര്‍വേദ സിഎംഡി ഡോ. എസ് സജികുമാര്‍, ഔഷധി എം ഡി ഡോ. ടി കെ ഹൃദീക്ക്, ശ്രീധരീയം ആയുര്‍വേദ ഗവേഷണ കേന്ദ്രം ഹരി എന്‍ നമ്പൂതിരി, ബൈഫ ഡ്രഗ്സ് എംഡി അജയ് ജോര്‍ജ്ജ് വര്‍ഗീസ്, എവറസ്റ്റ് ആയുര്‍വേദ സിഇഒ ജോയിച്ചന്‍ കെ എറിഞ്ഞേരി, സീതാറാം ആയുര്‍വേദ ഫാര്‍മസി എം ഡി ഡോ. ഡി രാമനാഥന്‍ എന്നിവര്‍ പങ്കെടുത്തു.
#Ayurveda #investment #Kerala #healthcare #traditionalmedicine