Gold | സ്വർണം എന്തുകൊണ്ടാണ് ഇത്രയും വിലപിടിപ്പുള്ളതായത്? പൊന്നിന്റെ കൗതുക വിശേഷങ്ങൾ 

 
Why Gold is So Expensive?
Why Gold is So Expensive?

Representational Image Generated by Meta AI

● ലോകത്ത് ഇതുവരെ ഖനനം ചെയ്തത് 201000 ടൺ സ്വർണം മാത്രമാണ്
● കേരളത്തിൽ 6 മാസക്കാലമാണ് ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്നത്.
● സ്വർണത്തിന്റെ അംശം ഭക്ഷണാവശ്യങ്ങൾക്കും ഉപയോഗിക്കാറുണ്ട്

അഡ്വ. എസ് അബ്ദുൽ നാസർ

(KVARTHA) ചരിത്രത്തിന്റെ തുടക്കം മുതൽ, സ്വർണം മനുഷ്യനെ ആകർഷിച്ചുകൊണ്ടിരിക്കുന്ന ഒരു അമൂല്യ വസ്തുവാണ്. കറൻസിയായും ആഭരണമായും അതിനെ ഉപയോഗിച്ചുപോരുന്നു. ഭൂമിക്കടിയിലെ നിക്ഷേപങ്ങളിൽ കട്ടിയായോ പാറകളിൽ തരിതരിയായോ കാണപ്പെടുന്ന സ്വർണം, അതിന്റെ അപൂർവ്വത കൊണ്ട് മൂല്യം വർദ്ധിപ്പിക്കുന്നു. ഒരു ഗ്രാം സ്വർണം 3.2 കിലോമീറ്റർ നീളമുള്ള നൂൽക്കമ്പിയാക്കി മാറ്റാൻ സാധിക്കും എന്നത് അതിന്റെ അത്ഭുതകരമായ ഗുണങ്ങളിൽ ഒന്നാണ്.

ലോകത്തെ സ്വർണം

ഭൂമിയുടെ ആവരണത്തിന്റെ ഒരു ബില്യണിൽ മൂന്ന് ഭാഗം മാത്രമാണ് സ്വർണം. ലോകത്ത് ഇതുവരെ ഖനനം ചെയ്തത് ഏകദേശം 201000 ടൺ സ്വർണം മാത്രമാണ്. ഇതിൽ 5 ശതമാനം മാത്രമേ വിപണിയിൽ ഉപയോഗിക്കുന്നുള്ളൂ. ബാക്കി നിധികളായും, ട്രസ്റ്റുകളിലും, അമ്പലങ്ങളിലും, പരമ്പരാഗതമായി ജനങ്ങളുടെ കൈവശവുമാണ്. സ്വർണം കട്ടിയായി, അല്ലെങ്കിൽ പാറകളിൽ തരി തരിയായി ഭൂമിക്കടിയിലെ നിക്ഷേപങ്ങളിലുണ്ടാകുന്നു. സ്വർണം ഒരു മില്ലിമീറ്ററിന്റെ 10000 ൽ ഒന്നാക്കി അടിച്ചുപരത്തി ആഭരണം നിർമ്മിക്കാവുന്ന വിധമാക്കാവുന്നതാണ്. 

സ്വർണത്തിന്റെ ഉയർന്ന വിലയ്ക്ക് കാരണം ഇതിന്റെ അപൂർവതയാണ്. ഭൂമിയുടെ ആവരണത്തിന്റെ ഓരോ ബില്യന്റേയും (0.000000003) മൂന്ന് ഭാഗം മാത്രമാണ് സ്വർണം അഥവാ ഓരോ ആയിരം ടൺ മണ്ണിനും മൂന്ന് ഗ്രാം. ലോകത്ത് ഇന്നുള്ള സ്വർണത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും സ്വർണഖനികളിൽ നിന്നുള്ളതാണ്. ബാക്കി ചരിത്രാതീത കാലം മുതലുള്ള പഴയസ്വർണം, ബാറുകൾ, നാണയങ്ങൾ നിധികൾ എന്നിവയാണ്. സ്വർണം ഒരിക്കലും നശിക്കാത്തതിനാൽ ഈജിപ്ഷ്യൻ അല്ലെങ്കിൽ റോമൻ രാജാവ് ഉപയോഗിച്ച സ്വർണമാവാം കേരളത്തിലെ ഒരു വിവാഹമോതിരത്തിലോ കമ്മലിലോ ഉണ്ടാകുന്നത്. 

സ്വർണം ഖനനം ചെയ്യുന്നത് പല പ്രക്രിയയിലുടെയാണെങ്കിലും അരിച്ചെടുക്കുന്നത് കൂടുതലും മനുഷ്യ കരങ്ങൾ കൊണ്ടു തന്നെയാണ്. സ്വർണം പാറയെക്കാൾ സാന്ദ്രത കൂടിയതായതിനാൽ വേഗത്തിൽ അരിച്ചെടുക്കാൻ കഴിയുന്നു. ഏറ്റവും കൂടുതൽ സ്വർണം ഖനനം ചെയ്യുന്നത് ചൈനയാണ് 420 ടൺ. ദേശീയ റിസർവ്വ് സ്വർണം ഭൂരിഭാഗവും സ്വന്തമാക്കിയിരിക്കുന്നത് അമേരിക്കയാണ്, 8133 ടൺ. ഇൻഡ്യയിൽ റിസർവ് ബാങ്ക് കരുതൽ ശേഖരം 783 ടൺ സ്വർണം.

ഇന്ത്യയിലെ സ്വർണം

ഇന്ത്യ ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ജനങ്ങളുടെ കൈവശം വച്ചിരിക്കുന്ന രാജ്യമാണ്. 25000 മുതൽ 30000 ടൺ വരെ സ്വർണം ഇവിടെയുണ്ട്. എന്നാൽ സ്വർണ ഖനനത്തിൽ ഇന്ത്യ പതിനൊന്നാം സ്ഥാനത്താണ്. അതിനാൽ ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യൻ ജനതയ്ക്ക് സ്വർണം ഒരു ആസ്തിയും നിക്ഷേപവുമാണ്. ലോകത്ത് സ്വർണ ഉപയോഗത്തിന്റെ 28 % ഓളം ഇൻഡ്യയിലാണ്.

ശുദ്ധമായ സ്വർണം 24 കാരറ്റാണ്, അതായത് 999

ശുദ്ധമായ സ്വർണത്തിൽ ചെമ്പ് ചേർത്താണ് 22 കാരറ്റ് അഥവാ 916 പരിശുദ്ധിയോടെ നിർമ്മിക്കുന്ന കേരളത്തിലെ സ്വർണാഭരണങ്ങൾ. മഞ്ഞലോഹമായ സ്വർണം വെള്ള, ചുവപ്പ്, പച്ച, കറുപ്പ് എന്നീ നിറങ്ങളിലും ആഭരണം നിർമ്മിക്കാം. ഇൻഡ്യൻ ജനതയ്ക്ക് സ്വർണം ആസ്തിയും നിക്ഷേപവുമാണ്. സാമൂഹിക നിലയോട് ബന്ധപ്പെട്ട് തലമുറയിൽ നിന്നും തലമുറയിലേക്ക് സ്വർണം പകർന്നു നൽകുന്നത് സാമ്പത്തികമായ കരുത്തും ശക്തിയും സുരക്ഷയുമാണ്.

ജനിക്കുന്ന കുട്ടികൾക്ക് സ്വർണം അരച്ച് നാക്കിൽ തേച്ച് നൽകുന്നു. ഇൻഡ്യൻ സമൂഹത്തിൽ വിവാഹത്തിന് സ്വർണം സമ്മാനമായി നൽകുന്നത് പരമ്പരാഗതമായ ആചാരമാണ്. വിവാഹ ചെലവിന്റെ 50-60 % സ്വർണാഭരണത്തിനായാണ് ചെലവിടുന്നത്. സ്വർണം ഇൻഡ്യൻ സ്ത്രീകൾക്ക്‌ സുരക്ഷയും ആത്മവിശ്വാസവും നൽകുന്നു. പെൺകുട്ടികൾ പിറന്നാൽ വിവാഹം ചെയ്ത യക്കുന്നതു വരെ സ്വർണം ശേഖരിക്കുന്നു. ശുഭകരമായ ദിവസങ്ങളിലും ആഘോഷവേളകളിലും ജനങ്ങൾ സ്വർണം വാങ്ങുന്നു.

കേരളത്തിൽ ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്നത് ഓണം തൊട്ടുള്ള 6 മാസക്കാലത്താണ്. ഏറ്റവും കൂടുതൽ വിവാഹം നടക്കുന്നതും ഈ കാലയളവിലാണ്. വിഷു, ദീപാവലി, റംസാൻ, ബക്രീദ്, ക്രിസ്മസ്, അക്ഷയ് തൃതീയ തുടങ്ങിയ അഘോഷ വേളകളിലും കേരളിയർ സ്വർണം വാങ്ങുന്നു. സ്വർണത്തിന്റെ അംശം ഭക്ഷണാവശ്യങ്ങൾക്കും ഉപയോഗിക്കാറുണ്ട്. വ്യാവസായ മേഖലയിലും സ്വർണം ഉപയോഗിക്കുന്നു. ക്യാൻസർ, ആർത്രയ്റ്റീസ്സ് തുടങ്ങിയ ചികിത്സയ്ക്കുള്ള  മരുന്നുകളിൽ സ്വർണം ചേർക്കുന്നുണ്ട്. 

കേരളത്തിന്റെ സ്വന്തം ആയുർവേദത്തിൽ സ്വർണത്തിന് വലിയ സ്ഥാനമാണ്,തങ്കഭസ്മത്തിനും മറ്റും ഉപയോഗിക്കുന്നു. സ്ത്രീകൾ വ്യക്തിത്വത്തിന്റെ പ്രതിഫലനമായി സ്വർണാഭരണങ്ങൾ ധരിക്കുന്നു. അഴക് വർദ്ധിപ്പിക്കുന്നു. സ്വർണം അതിന്റെ മൂല്യം ദീർഘകാലത്തേക്ക് മറ്റ് ആഡംബര വസ്തുക്കളെക്കാൾ കൂടുതൽ നൽകുന്നു. സ്വർണം ഭംഗിയുള്ള ആഭരണമെന്നതിനേക്കാൾ ബുദ്ധിപരമായ ഒരു നിക്ഷേപം കൂടിയാണെന്നത് സ്ത്രീകളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.

സമൂഹത്തിലെ പദവി ഉയർത്താൻ തന്നെക്കുറിച്ചു തന്നെയുള്ള മതിപ്പ് വർദ്ധിപ്പികുന്നതിന് സ്വർണാഭരണം പ്രധാന പങ്ക് വഹിക്കുന്നു. സ്വർണാഭരണം പ്രിയപ്പെട്ടവർ ക്ക് സമ്മാനമായി നൽകി അവരുടെ സ്നേഹത്തിന്റെ ആഴം ശക്തമാണെന്ന് തെളിയിക്കുന്നു. ആഭരണങ്ങൾ സമ്മാനമായി ലഭിക്കുമ്പോഴും ഓരോ തവണ അണിയുമ്പോഴും സൗന്ദര്യവും ആത്മവിശ്വാസവും നൽകുന്നു.

സ്വർണവിലയിൽ അതിവേഗ വർദ്ധനവ്

അന്താരാഷ്ട്രത്തോടൊപ്പം ആഭ്യന്തര സ്വർണവിലയും സർവകാല റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയരുകയാണ്. ഒക്ടോബർ 29ന് സ്വർണത്തിന്റെ ഗ്രാം വില 60 രൂപ വർദ്ധിച്ച് 7375 രൂപയിലും പവൻ വില 480 രൂപ വർദ്ധിച്ച് 59000 രൂപയിലും എത്തിയിരിക്കുന്നു. 18 കാരറ്റ് സ്വർണത്തിന്റെ ഗ്രാം വിലയും 50 രൂപ വർദ്ധിച്ച് 6075 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 83 ലക്ഷം രൂപ കടന്നു.

അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ വില ഔൺസിന് 2756 ഡോളറിലും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.07 ആയി ഉയർന്നിരിക്കുന്നു. അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ് ഫലം സ്വർണവിലയെ വലിയ തോതിൽ സ്വാധീനിക്കുന്നതായി കാണുന്നു. ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരുമെന്ന പ്രതീക്ഷയിൽ രണ്ടു വർഷത്തോളം തകർന്നടിഞ്ഞുകിടന്ന ബിറ്റ്‌കോയിൻ എക്കാലത്തെയും ഉയർന്ന വിലയായ 71000 ഡോളറിലേക്ക് എത്തിയിരിക്കുന്നു. അന്താരാഷ്ട്ര സ്വർണവില 2800 ഡോളറിലേക്ക് എത്തുമെന്ന പ്രതീക്ഷയാണ് നിലവിലുള്ളത്.

Gold

ധനതേരസ് ആഘോഷിക്കുന്നതിനാൽ സ്വർണാഭരണങ്ങൾ വാങ്ങാൻ ഏറ്റവും അനുയോജ്യമായ ദിനമായി കണക്കാക്കപ്പെടുന്നു. എന്നാൽ സ്വർണ്ണം എക്കാലത്തെയും ഉയർന്ന വിലയിലാണ് ലഭ്യമാകുന്നത്. കഴിഞ്ഞ വർഷം ഇതേ ദിവസം സ്വർണ്ണത്തിന്റെ ഗ്രാം വില 5740 രൂപയും പവൻ വില 45920 രൂപയുമായിരുന്നു. അതായത് ഒരു വർഷം കൊണ്ട് ഗ്രാമിന് 1635 രൂപയും പവന് 13080 രൂപയുമുള്ള വർദ്ധനവാണ് ഉണ്ടായത്. ഇത് ഏകദേശം 29 ശതമാനത്തിനടുത്തുള്ള വർദ്ധനവാണ്. ഇന്നത്തെ വില അനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലി ഇനത്തിലുള്ള സ്വർണാഭരണം വാങ്ങണമെങ്കിൽ പോലും 64000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.

(ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷറർ ആണ് ലേഖകൻ)
 

#GoldPrices #Investment #CulturalSignificance #GoldMining #MarketTrends #IndiaGold

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia