Bribery Case | വ്യവസായി ഗൗതം അദാനിക്കെതിരെ യുഎസില്‍ കൈക്കൂലി, തട്ടിപ്പ് കേസുകളില്‍ കുറ്റപത്രം; വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ക്ക് 20 ശതമാനംവരെ തകര്‍ച്ച നേരിട്ടു

 
Gautam Adani Faces Bribery and Fraud Charges in the US
Gautam Adani Faces Bribery and Fraud Charges in the US

Photo Credit: Facebook / Gautam Adani

● അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി ഉള്‍പെടെ ഏഴ് പേര്‍ക്കെതിരെയാണ് കുറ്റാരോപണം നല്‍കിയിട്ടുള്ളത്. 
● ഗൗതം അദാനിക്കും സാഗര്‍ അദാനിക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായും റിപ്പോര്‍ട്ട്.
● ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. 
● 265 മില്യണ്‍ ഡോളര്‍ കൈക്കൂലി നല്‍കിയെന്ന പരാതിയില്‍ അന്വേഷണം.

ന്യൂഡെല്‍ഹി: (KVARTHA) ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തെ അഭിനന്ദിച്ച് കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം വാഗ്ദാനം ചെയ്തതിന് പിന്നാലെ വ്യവസായി ഗൗതം അദാനിക്കെതിരെ യുഎസില്‍ കൈക്കൂലി, തട്ടിപ്പ് കേസുകളില്‍ കുറ്റപത്രം. സൗരോര്‍ജ കരാറുകള്‍ ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നാണ് വ്യവസായിക്കെതിരെയുള്ള പ്രധാന ആരോപണം.

അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി ഉള്‍പെടെ ഏഴ് പേര്‍ക്കെതിരെയാണ് കുറ്റാരോപണം നല്‍കിയിട്ടുള്ളത്. ഗൗതം അദാനി, സാഗര്‍ എസ് അദാനി, വിനീത് എസ് ജെയിന്‍, രന്‍ജിത് ഗുപ്ത, സിറില്‍ കബനീസ്, സൗരഭ് അഗര്‍വാള്‍, ദീപത് മല്‍ഹോത്ര, രൂപേഷ് അഗര്‍വാള്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. 

ഗൗതം അദാനിക്കും സാഗര്‍ അദാനിക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ 20 ശതമാനംവരെ തകര്‍ച്ച നേരിട്ടു. 

അദാനി എനര്‍ജി സൊലൂഷന്‍ 20 ശതമാനം തകര്‍ച്ച നേരിട്ടപ്പോള്‍ അദാനി ഗ്രീന്‍ 18 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസ് 13 ശതമാനവും അദാനി പവര്‍ 14 ശതമാനവും നഷ്ടത്തിലായി. അദാനി ഗ്രൂപ്പിന്റെ മറ്റ് ഓഹരികളും പത്ത് ശതമാനത്തിലേറെ ഇടിവിലാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 

കുറ്റാരോപണ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് യുഎസിലെ കോര്‍പറേറ്റ് ബോണ്ട് വിപണിയില്‍ 600 മില്യണ്‍ ഡോളറിന്റെ കടപ്പത്രങ്ങള്‍ അദാനി ടീം പുറത്തിറിക്കിയിരുന്നു. മൂന്ന് ഇരട്ടിയിലേറെ ആവശ്യക്കാരെത്തിയെങ്കിലും ആരോപണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ കടപ്പത്ര വില്പന റദ്ദാക്കി.

ഫോബ്സ് മാസികയുടെ കണക്കനുസരിച്ച് 69.8 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ലോക കോടീശ്വര പട്ടികയില്‍ 22-ാം സ്ഥാനത്താണ് അദാനി. ഹിന്‍ഡെന്‍ബെര്‍ഗിന്റെ ആരോപണത്തിന് പിന്നാലെ യുഎസിലെ കുറ്റപത്ര വിവാദം അദാനിക്ക് കനത്ത തിരിച്ചടിയായി.


യുഎസിലെ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നുമാണ് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്റെ അദാനിക്കെതിയുള്ള കുറ്റാരോപണം. അദാനി, അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജിയുടെ എക്സിക്യുട്ടീവുകള്‍, അസുര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡിന്റെ എക്സിക്യുട്ടീവ് ആയ സിറില്‍ കബനീസ് എന്നിവര്‍ക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനക്കും വഞ്ചനയ്ക്കുമാണ് കുറ്റം ചുമത്തിയിട്ടുള്ളത്. മള്‍ട്ടി ബില്യണ്‍ ഡോളര്‍ പദ്ധതികള്‍ വാഗ്ദാനം ചെയ്ത് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകള്‍ നടത്തി യുഎസ് നിക്ഷേപകരെയും ആഗോള ധനകാര്യ സ്ഥാപനങ്ങളെയും കബളിപ്പിച്ചതായും കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

265 മില്യണ്‍ ഡോളര്‍ (2237 കോടി രൂപ) കൈക്കൂലി നല്‍കിയതായി കുറ്റപത്രത്തില്‍ പറയുന്നു. ഇരുപത് വര്‍ഷത്തിനുള്ളില്‍ ഈ കരാറുകളില്‍നിന്ന് 200 കോടി ഡോളര്‍ ലാഭമുണ്ടാക്കാന്‍ ഉന്നമിട്ടു. അദാനിയെ പരാമര്‍ശിക്കാന്‍ 'ന്യൂമെറെ യുണോ', 'ദി ബിഗ് മാന്‍' തുടങ്ങിയ കോഡുകളാണ് ഉപയോഗിച്ചിരുന്നതെന്നും പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നു.

അദാനി ഗ്രീന്‍ എനര്‍ജിക്കായി മൂന്ന് ബില്യണ്‍ ഡോളറിലധികം വായ്പയെടുക്കാന്‍ ഗൗതം അദാനി, സാഗര്‍ അദാനി, വിനീത് ജെയ്ന്‍ എന്നിവര്‍ വായ്പക്കാരില്‍ നിന്നും നിക്ഷേപകരില്‍ നിന്നും കൈക്കൂലിക്കാര്യം മറച്ചുവെച്ചും എന്നും കുറ്റപത്രത്തില്‍ പറയുന്നു. വിദേശ വ്യാപാര ഇടപാടുകളിലെ കൈക്കൂലിക്കെതിരായ ഫോറിന്‍ കറപ്റ്റ് പ്രാക്ടീസ് ആക്ടിന്റെ കീഴിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്.


ഇന്ത്യയിലെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നതിന് അദാനി ഗ്രീനിനുള്ള കരാറുകളില്‍ ഏര്‍പ്പെടാന്‍ പ്രേരണ നല്‍കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് ഡോളര്‍ കൈക്കൂലി നല്‍കുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്തുവെന്നാണ് ഇവര്‍ക്കെതിരെയുള്ള പ്രധാന ആരോപണം. പവര്‍ പ്ലാന്റ് പദ്ധതിയുമായി ബന്ധപ്പെട്ട മറ്റൊരു കമ്പനിയായ അസുര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡ് കോഴയില്‍ ഒരു ഭാഗം നല്‍കാന്‍ സമ്മതിച്ചതായും സെക്യൂരിറ്റീസ് എസ്‌ക്ചേഞ്ച് കമ്മീഷന്‍ ആരോപിക്കുന്നു.

അസുര്‍ പവര്‍ ഗ്ലോബലിന്റെ ഒരു ഡയക്ടറാണ് കബനീസ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ കബനീസും മറ്റുള്ളവരും ചേര്‍ന്ന് തന്ത്രം മെനഞ്ഞതായും എസ് ഇ സിയുടെ വ്യവഹാരത്തില്‍ പറയുന്നു.

#AdaniGroup #FraudCase #BriberyAllegations #USCharges #StockMarketCrash #Adani

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia