Benefit | പിഎഫ് ഉടമകളുടെ ശ്രദ്ധയ്ക്ക്: പുതുവർഷത്തിൽ 5 പുതിയ മാറ്റങ്ങൾ നടപ്പിലാക്കും!
● പിഎഫ് അക്കൗണ്ടിൽ നിന്ന് എടിഎം വഴി പണം പിൻവലിക്കാം
● നിക്ഷേപ പരിധി വർധിക്കും
● ഇക്വിറ്റി നിക്ഷേപത്തിന് അനുമതി
● മാറ്റങ്ങൾ 2025 മുതൽ പ്രാബല്യത്തിൽ വരും.
ന്യൂഡൽഹി: (KVARTHA) എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) കോടിക്കണക്കിന് വരുന്ന തങ്ങളുടെ ഉപഭോക്താക്കൾക്കായി സുപ്രധാനമായ ചില മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാറ്റങ്ങൾ കൂടുതലും 2025 മുതൽ പ്രാബല്യത്തിൽ വരും. പിഎഫ് അക്കൗണ്ട് ഉടമകൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുന്നതിനും അവരുടെ റിട്ടയർമെൻ്റ് ഫണ്ട് കൂടുതൽ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ നിയമങ്ങളെല്ലാം. ഈ മാറ്റങ്ങൾ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും സർക്കാർ ജീവനക്കാർക്കും ഒരുപോലെ പ്രയോജനകരമാകും.
* എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാം
പുതിയ നിയമങ്ങൾ പ്രകാരം, പിഎഫ് അക്കൗണ്ടുള്ളവർക്ക് എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാനുള്ള സൗകര്യം ലഭിക്കും. നിലവിൽ പിഎഫ് പണം ബാങ്ക് അക്കൗണ്ടിൽ ലഭിക്കാൻ 7 മുതൽ 10 ദിവസം വരെ കാത്തിരിക്കേണ്ട അവസ്ഥയുണ്ട്. എന്നാൽ, എടിഎം സൗകര്യം വരുന്നതോടെ, 24 മണിക്കൂറിനുള്ളിൽ എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കാൻ സാധിക്കും. ഇത് അവരുടെ സമയം ലാഭിക്കുകയും അടിയന്തര ആവശ്യങ്ങൾക്ക് ഉപകാരപ്രദമാവുകയും ചെയ്യും. ഈ സൗകര്യം 2025-26 സാമ്പത്തിക വർഷത്തിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
* കൂടുതൽ തുക നീക്കിവെക്കാം
അടുത്ത വർഷം വരാനിരിക്കുന്ന മറ്റൊരു പ്രധാന മാറ്റം ജീവനക്കാരുടെ ഇപിഎഫ് നിക്ഷേപത്തിന്റെ പരിധിയിലെ മാറ്റമാണ്. നിലവിൽ, ജീവനക്കാർ അവരുടെ അടിസ്ഥാന ശമ്പളത്തിൻ്റെ 12% എല്ലാ മാസവും ഇപിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നു. എന്നാൽ, സർക്കാർ ഈ നിയമത്തിൽ ഒരു മാറ്റം വരുത്താൻ ആലോചിക്കുന്നു. അതായത്, ഇപിഎഫ്ഒ നിശ്ചയിച്ചിട്ടുള്ള 15,000 രൂപ എന്ന പരിധിക്ക് പകരം ജീവനക്കാരുടെ യഥാർത്ഥ ശമ്പളത്തിൻ്റെ അടിസ്ഥാനത്തിൽ നിക്ഷേപിക്കാൻ നൽകാൻ അനുവദിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നു. ഈ നയം നടപ്പിലാക്കിയാൽ, ജീവനക്കാർക്ക് അവരുടെ വിരമിക്കൽ സമയത്ത് വലിയൊരു തുക സ്വരൂപിക്കാനും അതുപോലെ എല്ലാ മാസവും കൂടുതൽ പെൻഷൻ നേടാനും സാധിക്കും.
* വേഗത്തിൽ നടപടികൾ
ഐടി ഇൻഫ്രാസ്ട്രക്ചർ നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഇപിഎഫ്ഒ ആരംഭിച്ചിട്ടുണ്ട്. ഇത് പിഎഫ് അപേക്ഷകർക്കും ഗുണഭോക്താക്കൾക്കും അവരുടെ നിക്ഷേപങ്ങൾ കൂടുതൽ എളുപ്പത്തിൽ പിൻവലിക്കാൻ സഹായിക്കും. 2025 ജൂണിൽ ഈ നവീകരണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐടി ഇൻഫ്രാസ്ട്രക്ചർ നവീകരിച്ചു കഴിഞ്ഞാൽ, അംഗങ്ങളുടെ അപേക്ഷകൾ മുമ്പത്തേക്കാൾ വേഗത്തിൽ തീർപ്പാക്കും. കൂടാതെ, ഇത് കൂടുതൽ സുതാര്യത ഉറപ്പുവരുത്തുകയും തട്ടിപ്പ് കേസുകൾ കുറയ്ക്കുകയും ചെയ്യും.
* ഇക്വിറ്റിയിൽ നിക്ഷേപം നടത്താം
കൂടാതെ, ഇപിഎഫ്ഒ അതിന്റെ അംഗങ്ങളെ ഇക്വിറ്റിയിൽ നിക്ഷേപം നടത്താൻ അനുവദിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ഇത് പിഎഫ് അക്കൗണ്ട് ഉടമകൾക്ക് അവരുടെ ഫണ്ടുകൾ കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള ഒരു അവസരം നൽകും. റിട്ടയർമെൻ്റ് ഫണ്ട് ബോഡി നേരിട്ടുള്ള ഇക്വിറ്റി നിക്ഷേപം അനുവദിക്കുകയാണെങ്കിൽ, അംഗങ്ങൾക്ക് ഉയർന്ന വരുമാനം നേടാൻ സാധിക്കും.
* പെൻഷൻ വാങ്ങുന്നവർക്കും സുപ്രധാന മാറ്റങ്ങൾ
പെൻഷൻ വാങ്ങുന്നവർക്കും സുപ്രധാന മാറ്റങ്ങൾ വരുത്തുന്നുണ്ട്. പുതിയ നിയമം അനുസരിച്ച്, പെൻഷൻകാർക്ക് അധിക പരിശോധനകളില്ലാതെ രാജ്യത്തെ ഏത് ബാങ്കിൽ നിന്നും പെൻഷൻ പിൻവലിക്കാൻ സാധിക്കും. ഈ നടപടി അംഗങ്ങൾക്ക് വലിയ സൗകര്യം നൽകുന്നതിനോടൊപ്പം അവരുടെ സമയം ലാഭിക്കുകയും ചെയ്യും.
#EPFO #PFaccount #retirement #investment #finance #India