Finance | വയബിലിറ്റി ഗ്യാപ് ഫണ്ട്: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നല്‍കുന്ന ധനസഹായം പലിശയടക്കം കേരളം തിരിച്ചടക്കണമെന്ന് കേന്ദ്രം

 
Centre Demands Kerala Repay Vizhinjam Port Funds
Centre Demands Kerala Repay Vizhinjam Port Funds

Photo Credit: X/Vizhinjam International Seaport

● 1,47000 കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്തു.
● നവംബറില്‍ മാത്രം തുറമുഖത്തെത്തിയത് 30 കപ്പലുകള്‍. 
● ജിഎസ്ടിയായി ഇതുവരെ 16.5 കോടി ലഭിച്ചു. 

തിരുവനന്തപുരം: (KVARTHA) വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നല്‍കുന്ന ധനസഹായം പലിശയടക്കം കേരളം തിരിച്ചടക്കണമെന്ന നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍. വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടവ് സംസ്ഥാന സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന വാദം പൂര്‍ണ്ണമായും തള്ളുകയാണ് കേന്ദ്രം. വിജിഎഫ് ദീര്‍ഘകാല വായ്പയായി പരിഗണിക്കരുതെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം തള്ളി കേന്ദ്ര ധനമന്ത്രാലയം മുഖ്യമന്ത്രിയുടെ ഓഫീസിന് കത്തയച്ചു. 

അര്‍ഹമായ ആനുകൂല്യങ്ങള്‍ തടഞ്ഞ് വച്ച് സംസ്ഥാനത്തെ സാമ്പത്തിക ഉപരോധത്തിലാക്കുന്ന കേന്ദ്ര നടപടിക്കെതിരെ കടുത്ത പ്രതിഷേധം നിലനില്‍ക്കെയാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയോടും കേന്ദ്രം മുഖം തിരിച്ച് നില്‍ക്കുന്നത്. പദ്ധതിക്ക് ചെലവ് വരുന്ന 8867 കോടി രൂപയില്‍ 5595 കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ മുടക്കേണ്ടത്. ഇതില്‍ 2159 കോടി സംസ്ഥാനം ചെലവഴിച്ചിട്ടും ഒരു രൂപ പോലും മുടക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവകാശവാദം. തൂത്തുക്കുടി അടക്കം തുറമുഖങ്ങള്‍ക്ക് ധനസഹായം അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് മാത്രം കാണിക്കുന്ന വിവേചനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. 

817 കോടി പലിശ സഹിതം തിരിച്ചടക്കുമ്പോള്‍ 12000 കോടിയോളം വരുമെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രം വരുമാനം കിട്ടിത്തുടങ്ങുന്ന പദ്ധതിക്ക് ഇത് വലിയ ബാധ്യതയാകുമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം മുഖ്യമന്ത്രി നേരിട്ട് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. ഇതിനുള്ള മറുപടി എന്ന നിലയിലാണ് വായ്പ അല്ലാതെ ധനസഹായം പരിഗണിക്കാനാകില്ലെന്ന് തീര്‍ത്ത് പറയുന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ മറുപടി. 

ധനസഹായം എന്ന നിലയില്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് കേന്ദ്രം അനുവദിക്കേണ്ട വിജിഎഫ് 817.80 കോടി രൂപയാണ്. ഇത് അനുവദിക്കണമെങ്കില്‍ ഭാവിയില്‍ തുറമുഖം ലാഭത്തിലാകുമ്പോഴുള്ള മൂല്യം കണക്കാക്കി തുക തിരിച്ചടക്കണമെന്നാണ് കേന്ദ്രം കേരളത്തോട് ആവശ്യപ്പെടുന്നത്. പിപിപി മോഡല്‍ തുറമുഖ പദ്ധതിക്ക് വിജിഎഫ് അനുവദിക്കുന്നത് ആദ്യമായിട്ടാണെന്നും അതുകൊണ്ടാണ് തിരിച്ചടവ് വ്യവസ്ഥ മുന്നോട്ട് വക്കുന്നതെന്നുമാണ് കേന്ദ്ര വാദം.

15 വര്‍ഷത്തിന് ശേഷം വരുമാനം പങ്കിടുന്ന രീതിയിലാണ് അദാനി പോര്‍ട്ടും സംസ്ഥാന സര്‍ക്കാരും തമ്മിലുണ്ടാക്കിയ കരാര്‍. അടുത്ത നാല് വര്‍ഷത്തിനകം 10,000 കോടി രൂപയുടെ നിക്ഷേപമിറക്കി പദ്ധതി പൂര്‍ത്തിയാക്കാനാണ് അദാനി പോര്‍ട് അധികൃതരും സര്‍ക്കാരും തമ്മിലുണ്ടാക്കിയ ധാരണ.

പുതിയ കരാര്‍പ്രകാരം തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളും (രണ്ടും മൂന്നും നാലും ഘട്ടങ്ങള്‍ ഉള്‍പ്പെടെ) 2028- ഡിസംബറിനകം പൂര്‍ത്തീകരിക്കുമെന്ന് അദാനി പോര്‍ട്ട് കമ്പനി സമ്മതിച്ചിട്ടുണ്ട്. ഇത് കൂടി ചേരുമ്പോള്‍ തുറമുഖത്തിന്റെ കുറഞ്ഞ സ്ഥാപിത ശേഷി പ്രതിവര്‍ഷം 30 ലക്ഷം കണ്ടെയ്നറാകും. ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് വഴി തുറമുഖത്തിന്റെ ശേഷി പ്രതിവര്‍ഷം 45 ലക്ഷംവരെ ഉയരും. ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതല്‍ സ്ഥാപിതശേഷിയുള്ള കണ്ടെയ്നര്‍ ടെര്‍മിനല്‍ അതോടെ വിഴിഞ്ഞം മാറും. 2034 മുതല്‍ വരുമാനത്തിന്റെ വിഹിതം സംസ്ഥാന സര്‍ക്കാരിന് ലഭിച്ചുതുടങ്ങും.

അടിസ്ഥാന സൗകര്യ വികസനത്തില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സാമ്പത്തികമായി ലാഭമില്ലാത്ത പദ്ധതികള്‍ക്ക് നല്‍കുന്ന കേന്ദ്ര സഹായമാണ് വിജിഎഫ് അഥവ വയബിലിറ്റി ഗ്യാപ് ഫണ്ട്. 

അതേസമയം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ചൊവ്വാഴ്ച മുതല്‍ കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍ തുറമുഖത്തിന് സജ്ജമായി. ട്രയല്‍ റണ്‍ കാലയളവ് പൂര്‍ത്തീയായതോടെയാണ് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ജൂലൈ 11 മുതല്‍ തുടരുന്ന ട്രയല്‍ റണ്ണില്‍ ഇതുവരെ 70 കപ്പല്‍ തുറമുഖത്തെത്തി. ഒന്നരലക്ഷത്തോളം (1,47000) കണ്ടെയ്നറുകള്‍ ഇക്കാലയളവില്‍ കൈകാര്യം ചെയ്തു. നവംബറിലാണ് കൂടുതല്‍ കപ്പലുകളെത്തിയത്. 30 കപ്പലുകളായിരുന്നു നവംബറില്‍ മാത്രം തുറമുഖത്തെത്തിയത്.
 
കമീഷനിങ് നടക്കുന്ന ദിവസം ചെന്നൈ ഐഐടിയുടെ ഇന്‍ഡിപെന്‍ഡന്റ് എന്‍ജിനിയര്‍ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് തുറമുഖ അധികൃതര്‍ക്ക് കൈമാറി കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍ തുറമുഖമായി പ്രഖ്യാപിക്കും. തുറമുഖം ജേഡ് സര്‍വീസില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ഷിപ്പിങ് കമ്പനിയായ എംഎസ്സി ആരംഭിച്ചിട്ടുണ്ട്. ജേഡ് സര്‍വീസ് വിഭാഗത്തില്‍ അംഗത്വം ലഭിക്കുന്ന രാജ്യത്തെ ഏക തുറമുഖമാണ് വിഴിഞ്ഞം. ജിഎസ്ടിയായി ഇതുവരെ 16.5 രൂപയോളം സംസ്ഥാന സര്‍ക്കാരിലേക്ക് വരുമാനം എത്തി. ജനുവരി ആദ്യവാരമായിരിക്കും തുറമുഖത്തിന്റെ കമീഷനിങ്. ഇത് കഴിയുന്നതോടെ കൂടുതല്‍ കപ്പലുകള്‍ വരും. ഇതിലൂടെ ലഭിക്കുന്ന നികുതിയും വര്‍ധിക്കും.

ലോകത്തെ വന്‍കിട ഷിപ്പിംഗ് കമ്പനിയായ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനി അവരുടെ ഏഷ്യാ യൂറോപ്പ് സ്ഥിരം ചരക്ക് പാതയില്‍ വിഴിഞ്ഞത്തെ ഉള്‍പ്പെടുത്തുക കൂടി ചെയ്തതോടെ നിലവിലുള്ള സൗകര്യങ്ങള്‍ മതിയാകാത്ത അവസ്ഥയുമുണ്ട് വിഴിഞ്ഞത്ത്. അതുകൊണ്ടുതന്നെ അടുത്ത ഘട്ട വികസനം വേഗത്തില്‍ നടപ്പാക്കാന്‍ അദാനി പോര്‍ട്ടും നിര്‍ബന്ധിതരായിരിക്കുകയാണ്. 400 മീറ്ററോളം ദൂരമുള്ള കപ്പല്‍ അടക്കം വിഴിഞ്ഞത്ത് എത്തി. ദക്ഷിണേന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്രയും നീളമേറിയ കപ്പല്‍ നങ്കൂരമിടുന്നതെന്നും ഏറെ പ്രതീക്ഷയോടെയാണ് കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍സിലേക്ക് കടക്കുന്നതെന്നും വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിന്റെ എംഡി ദിവ്യ എസ് അയ്യര്‍ പറഞ്ഞു.

കടല്‍ വഴിയുള്ള ചരക്ക് ഗതാഗതം മാത്രമാണിപ്പോള്‍ നടക്കുന്നത്. ഗേറ്റ് വേ കാര്‍ഗോ ക്ക് റെയില്‍ റോഡ് കണക്ടിവിറ്റി ഉറപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. തുറമുഖ കവാടത്തില്‍ നിന്നുള്ള സര്‍വീസ് റോഡിനെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്നതിന് ക്ലോവര്‍ലീഫ് മാതൃകയിലുള്ള പദ്ധതിയും ബാലരാമപുരത്തേക്ക് നീളുന്ന ഭൂഗര്‍ഭ റെയില്‍പാതയും വിവിധ അനുമതികള്‍ കാത്തിരിക്കുകയാണ്. അനുബന്ധ വികസനം എന്ന വലിയ ഉത്തരവാദിത്തവും സര്‍ക്കാരിന് മുന്നിലുണ്ട്. തുറമുഖത്തിന്റെ ഒന്നാം ഘട്ടം ഔദ്യോഗികമായി പ്രാവര്‍ത്തികമായെങ്കിലും പ്രധാനമന്ത്രിയുടെ തിയതി അടക്കമുള്ള സാധ്യതകള്‍ അന്വേഷിക്കുന്നതിനാല്‍ ഉദ്ഘാടന ആഘോഷത്തിന് ഇനിയും ചുരുങ്ങിയത് രണ്ടു മാസമെങ്കിലും കാത്തിരിക്കേണ്ടിവരും.

#VizhinjamPort #Kerala #India #centralgovernment #dispute #infrastructure #development

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia