Finance | ഇലക്ടറല്‍ ബോണ്ട്: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബിജെപിക്ക് കിട്ടിയത് 1685 കോടി രൂപ 

 
BJP Tops Electoral Bond Receipts in FY24
BJP Tops Electoral Bond Receipts in FY24

Photo Credit: Screenshot from a X Video by Narendra Modi

● കോണ്‍ഗ്രസിന് കിട്ടിയത് 828 കോടി.
● തൃണമൂല്‍ കോണ്‍ഗ്രസിന് 612.4 കോടി.
● ബി.ആര്‍.എസ് -495.5 കോടി.
● ബി.ജെ.ഡി - 245.5 കോടി.
● ടി.ഡി.പി -174.1 കോടി.

ന്യൂഡല്‍ഹി: (KVARTHA) 2023-24 സാമ്പത്തിക വര്‍ഷം ഭരണകക്ഷിയായ ബി.ജെ.പിക്ക് വിവാദ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ലഭിച്ചത് 1685.6 കോടി രൂപ. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 2360 കോടിയായിരുന്നു. 83 ശതമാനം വരുമാനവര്‍ധനവാണ് പാര്‍ട്ടിക്കുണ്ടായത്. സാമ്പത്തിക വര്‍ഷം ബി.ജെ.പിയുടെ ആകെ വരുമാനം 4340 കോടിയായി ഉയരുകയും ചെയ്തു. 

2024 ഫെബ്രുവരി 15 വരെയാണ് പാര്‍ട്ടികള്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി സംഭാവന സ്വീകരിച്ചത്. വരുമാനം സംബന്ധിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ പുറത്തുവിട്ട പാര്‍ട്ടികളുടെ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഉള്ളത്. 

2023-24 സാമ്പത്തിക വര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വരുമാനം 170 ശതമാനമാണ് വര്‍ധിച്ചത്. മുന്‍ വര്‍ഷം 452 കോടിയായിരുന്നത് 2023-24ല്‍ 1225 കോടിയായി ഉയര്‍ന്നു. ഇതില്‍ 828 കോടി ഇലക്ടറല്‍ ബോണ്ടുകളില്‍ നിന്നാണ്. 2022-23ല്‍ 171 കോടിയായിരുന്നു ഇലക്ടറല്‍ ബോണ്ട് വഴി കോണ്‍ഗ്രസിന് കിട്ടിയിരുന്നത്. 384 ശതമാനത്തിന്റെ വര്‍ധനവുണ്ടായി.  

2023-24ല്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 612.4 കോടിയാണ് ഇലക്ടറല്‍ ബോണ്ടിലൂടെ കിട്ടിയത്. ബി.ആര്‍.എസ് -495.5 കോടി, ബി.ജെ.ഡി - 245.5 കോടി, ടി.ഡി.പി -174.1 കോടി, വൈ.ആര്‍.എസ് കോണ്‍ഗ്രസ് - 121.5 കോടി, ഡി.എം.കെ -60 കോടി, ജെ.എം.എം -11.5 കോടി, സിക്കിം ഡിമോക്രാറ്റിക് ഫ്രണ്ട് 5.5 കോടി എന്നിങ്ങനെയാണ് മറ്റ് പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ടിലൂടെ ലഭിച്ച വരുമാനം.   

കോര്‍പറേറ്റുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും സ്വന്തം വിലാസം വെളിപ്പെടുത്താതെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കാവുന്ന സംഭാവനയാണ് ഇലക്ടറല്‍ ബോണ്ടുകള്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുത്ത ശാഖകളില്‍ നിന്നും നിശ്ചിത തുകക്കുള്ള ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങാം. ഏതൊരു ഇന്ത്യന്‍ പൗരനും സ്ഥാപനത്തിനും ഇതിലൂടെ എത്ര രൂപ വേണമെങ്കിലും സംഭാവന നല്‍കാനാവും. ആരാണ് പണം നല്‍കിയതെന്ന് പാര്‍ട്ടികള്‍ക്ക് വെളിപ്പെടുത്തേണ്ടതില്ല. 

ഇത്തരത്തിലുള്ള ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടനാ വിരുദ്ധമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി 2024 ഫെബ്രുവരി 15ന് ഇത് റദ്ദാക്കിയിരുന്നു. ഇലക്ടറല്‍ ബോണ്ടുകള്‍ വിവരാവകാശ നിയമത്തിന്റെയും ഭരണഘടനയുടെ 19 (1) (എ) അനുച്ഛേദത്തിന്റെയും ലംഘനമാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്നും വ്യക്തമാക്കിയാണ് കോടതി വിധി പറഞ്ഞത്. 

ബോണ്ടുകള്‍ വാങ്ങിയവരുടെയും സ്വീകരിച്ച പാര്‍ട്ടികളുടെയും വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിന്റെ ഫെബ്രുവരി 15ലെ വിധി ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി വന്നിരുന്നു. എന്നാല്‍, ഒക്ടോബറില്‍ സുപ്രീംകോടതി ഈ ഹര്‍ജി തള്ളി.

ഇലക്ടറൽ ബോണ്ടുകൾ വഴിയുള്ള രാഷ്ട്രീയ ഫണ്ടിംഗ് സംബന്ധിച്ച നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക. വാർത്ത പങ്കിട്ട് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക.

The BJP received Rs. 1685 crore through electoral bonds in the 2023-24 financial year, while the Congress and other parties also saw significant increases in their electoral bond receipts. However, the Supreme Court has since banned electoral bonds.

#ElectoralBonds #BJP #Congress #PoliticalFunding #IndiaElections #SupremeCourt #Transparency

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia