Launch | എയര്‍ കണ്ടീഷന്‍ വാഹനത്തില്‍ വൈഫൈവരെ കിട്ടും, കൂടാതെ സീറ്റ് ബൈല്‍റ്റുകളും; പുതിയ എസി ബസുകളുമായി കെഎസ്ആര്‍ടിസി; കൂടുതല്‍ സവിശേഷതകള്‍ അറിയാം
● എല്ലാ സീറ്റിലും മൊബൈല്‍ ചാര്‍ജിങ്.
● റിക്ലൈനിങ് സൗകര്യമുള്ള സീറ്റുകള്‍.
● നാമമാത്രമായ കണ്‍വീനിയന്‍സ് ചാര്‍ജ്.
● ഒരു ജിബി സൗജന്യ വൈഫൈ.
● 40 യാത്രക്കാര്‍ക്ക് ഇരുന്ന് സഞ്ചരിക്കാം.
തിരുവനന്തപുരം: (KVARTHA) മികച്ച യാത്രാനുഭവം ഉറപ്പാക്കിക്കൊണ്ട്, അത്യാധുനിക സൗകര്യങ്ങളോടുകൂടി സജ്ജീകരിച്ചിട്ടുള്ള സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എ സി സര്‍വ്വീസ് നിരത്തിലിറക്കുകയാണ് കെഎസ്ആര്‍ടിസി (KSRTC). നിലവില്‍ ഓപ്പറേറ്റ് ചെയ്യുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും പ്രീമിയം എസി ബസുകളും കാലപ്പഴക്കത്താല്‍ സ്ഥിരമായി സര്‍വീസ് നടത്താന്‍ കഴിയാത്ത സ്ഥിതിയായിട്ടുണ്ട്.
പഴയ സൂപ്പര്‍ ഫാസ്റ്റുകള്‍, ലോ ഫ്‌ലോര്‍ എസി ബസുകള്‍ എന്നിവയ്ക്കു പകരം ചെലവു കുറഞ്ഞ നാല് സിലിണ്ടര്‍ എന്‍ജിനുള്ള, മൈലേജ് കൂടിയതും താരതമ്യേന വിലകുറഞ്ഞതുമായ എസി ബസുകള്‍ ഓടിക്കാനാണ് കെഎസ്ആര്‍ടിസിയുടെ പദ്ധതി. ഈ പദ്ധതി പ്രകാരണമാണ് സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ പുറത്തിറക്കുന്നത്. സൗജന്യ വൈഫൈ മുതല്‍ എല്ലാ സീറ്റുകളിലും മൊബൈല്‍ ചാര്‍ജിങ് സൗകര്യമുള്ള സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം എസി ബസിന്റെ സൗകര്യങ്ങള്‍ കേട്ടാല്‍ കണ്ണ് തള്ളും.
സുഖകരമായ യാത്രയ്ക്ക് റിക്ലൈനിങ് സൗകര്യമുള്ള സീറ്റുകളുണ്ട്. എയര്‍ കണ്ടീഷന്‍ ചെയ്ത ബസില്‍ ഒരു ജിബി സൗജന്യ വൈഫൈയ്ക്ക് പുറമേ വീണ്ടും ചെറിയ തുക നല്‍കി കൂടുതല്‍ വൈഫൈ ലഭ്യമാക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
റീഡിങ് ലാംപ്, ബോട്ടില്‍ ഹോള്‍ഡറുകള്‍, മാഗസിന്‍ പൗച്ച്, മ്യൂസിക് സിസ്റ്റം, ടിവി, സിസിടിവി ക്യാമറ, സ്ലൈഡിങ് വിന്‍ഡോകള്‍, സൈഡ് കര്‍ട്ടനുകള്‍, എല്ലാ സീറ്റുകളിലും സീറ്റ് ബൈല്‍റ്റുകള്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. സുരക്ഷയ്ക്കായി ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, എഐ ക്യാമറ അസിസ്റ്റന്റ്, ഡ്രൈവര്‍ മോണിറ്ററിങ് സംവിധാനം എന്നിവ ഈ ബസുകളുടെ പ്രത്യേകതയാണ്.
മൊബൈല്‍ ആപ് വഴി മുന്‍കൂട്ടി റിസര്‍വ് ചെയ്യാം. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് എവിടെനിന്നും നാമമാത്രമായ കണ്‍വീനിയന്‍സ് ചാര്‍ജ് നല്‍കി കയറാനുമാകും. സൂപ്പര്‍ ഫാസ്റ്റ് ബസുകളുടെ നിരക്കിനേക്കാള്‍ അല്‍പം ഉയര്‍ന്നതും എന്നാല്‍ മറ്റ് എസി ബസുകളേക്കാല്‍ കുറഞ്ഞ നിരക്കുമാണ്. 40 യാത്രക്കാര്‍ക്ക് ഇരുന്നു സഞ്ചരിക്കാം. ടാറ്റ മോട്ടോഴ്‌സ് നിര്‍മിച്ചിരിക്കുന്ന ബിഎസ് 6 ബസിന് 39.6 ലക്ഷം രൂപയാണ് വില.
സര്‍വീസ് നടത്തുന്ന സ്ഥലങ്ങള്‍: തിരുവനന്തപുരം-കോട്ടയം-മൂവാറ്റുപുഴ-തൃശൂര്‍, തിരുവനന്തപുരം-കോട്ടയം-വൈറ്റില-തൃശൂര്‍, തിരുവനന്തപുരം-കോട്ടയം-മൂവാറ്റുപുഴ-അങ്കമാലി ബൈപാസ്-പാലക്കാട്, തിരുവനന്തപുരം-കോട്ടയം-വൈറ്റില ബൈപ്പാസ്-പാലക്കാട്, തിരുവനന്തപുരം-വാളകം-പത്തനാപുരം, പത്തനംതിട്ട-പാല-തൊടുപുഴ. ഈ സര്‍വീസുകള്‍ക്കെല്ലാം കോഴിക്കോടുവരെ ലോ ഫ്‌ലോര്‍ എസി കണക്ഷന്‍ സര്‍വീസുകളും ഉണ്ടായിരിക്കും.
കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ തനത് ഫണ്ട് ഉപയോഗിച്ചു വാങ്ങിയ 10 ബസുകളുടെ ഉദ്ഘാടനം വൈകിട്ട് 03.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും.