മനോജ് വി.ബി
(www.kvartha.com 25.04.2014) പ്രണയത്തിന് കണ്ണില്ല എന്ന് പണ്ടുള്ളവര്‍ പറയാറുണ്ട്. എന്നാല്‍ അടുത്ത കാലത്ത് നടന്ന ദാരുണ സംഭവങ്ങള്‍ കാണുമ്പോള്‍ പ്രണയം എന്നു വിശേഷിപ്പിക്കപ്പെടുന്ന ചിലരുടെ നൈമിഷിക വികാരത്തിന് കണ്ണ് മാത്രമല്ല ഹൃദയവും ഇല്ലെന്ന് പറയേണ്ടി വരും. കാമുകനോടൊപ്പം ജീവിക്കാന്‍ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തുന്ന അമ്മയും രണ്ടാം വിവാഹം കഴിക്കാന്‍ ഭാര്യയെയും മക്കളെയും ഇല്ലാതാക്കുന്ന അച്ഛനുമെല്ലാം കേരളീയ സമൂഹത്തിന്റെ ഭാഗമായി കഴിഞ്ഞു.
(www.kvartha.com 25.04.2014) പ്രണയത്തിന് കണ്ണില്ല എന്ന് പണ്ടുള്ളവര്‍ പറയാറുണ്ട്. എന്നാല്‍ അടുത്ത കാലത്ത് നടന്ന ദാരുണ സംഭവങ്ങള്‍ കാണുമ്പോള്‍ പ്രണയം എന്നു വിശേഷിപ്പിക്കപ്പെടുന്ന ചിലരുടെ നൈമിഷിക വികാരത്തിന് കണ്ണ് മാത്രമല്ല ഹൃദയവും ഇല്ലെന്ന് പറയേണ്ടി വരും. കാമുകനോടൊപ്പം ജീവിക്കാന്‍ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തുന്ന അമ്മയും രണ്ടാം വിവാഹം കഴിക്കാന്‍ ഭാര്യയെയും മക്കളെയും ഇല്ലാതാക്കുന്ന അച്ഛനുമെല്ലാം കേരളീയ സമൂഹത്തിന്റെ ഭാഗമായി കഴിഞ്ഞു.
എതിരാളികളെ ഇല്ലാതാക്കാന്‍ കൊട്ടേഷന്‍ കൊടുക്കുന്ന രാഷ്ട്രീയ നേതാക്കളെയും അധോലോക സംഘത്തെയും സിനിമകളില്‍ നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ ഭാവനകളെ പോലും വെല്ലുവിളിക്കുന്ന വിധത്തില്‍ ആറ്റിങ്ങല്‍ ഇരട്ട കൊലപാതകക്കേസില്‍ സ്വന്തം കുഞ്ഞ് ഉള്‍പ്പടെയുള്ള കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കാന്‍ കാമുകന് കൊട്ടേഷന്‍ കൊടുത്തത് അമ്മ തന്നെയായിരുന്നു. പത്തു മാസം നൊന്തു പ്രസവിച്ച അമ്മയുടെ വേദനയും മാതൃവാല്സല്യവുമെല്ലാം ഇവിടെ മനുഷ്യ മനസാക്ഷിയ്ക്ക് മുന്നില്‍ ഒരു ചോദ്യ ചിഹ്നമായി. സാധാരണ അമ്മയ്ക്ക് തന്റെ മക്കളോടുള്ള കലര്‍പ്പില്ലാത്ത സ്നേഹം തനിക്ക് വഴങ്ങില്ലെന്ന് അനുശാന്തി എന്ന അമ്മ എന്നു വിളിക്കപ്പെടാന്‍ യോഗ്യതയില്ലാത്ത സ്ത്രീ തെളിയിച്ചു.
മകളെയും ഭര്‍ത്താവിനെയും അമ്മായിഅമ്മയെയും ഇല്ലാതാക്കിയാല്‍ കാമുകനോടൊപ്പം സുഖമായി ജീവിക്കാമെന്നാണ് അനുശാന്തി കണക്കുകൂട്ടിയത്. പോലീസും കോടതിയും നാട്ടുകാരും മാധ്യമങ്ങളുമെല്ലാം അത്ര മണ്ടന്മാരാണോ? ദാരുണമായ കൊലപാതകം നടന്നാലും ഇവരെല്ലാം കയ്യുംകെട്ടി നോക്കി നില്‍ക്കുമോ? സത്യം എക്കാലവും മൂടിവയ്ക്കാന്‍ കഴിയുമെന്ന് സമനില തെറ്റിയ ഒരാള്‍ക്ക് മാത്രമേ ചിന്തിക്കാന്‍ കഴിയൂ. അതല്ലെങ്കില്‍ ക്രേ സഹോദരന്മാരെ പോലെ അപാരമായ ബുദ്ധിമികവോടെ കാര്യങ്ങള്‍ ആസൂത്രണം ചെയ്യണം. ഇവിടെ സ്വന്തം വീട്ടിലേക്കുള്ള വഴിയും ഓരോ മുറികളുടെ സ്ഥാനവും വരെ മൊബൈലില്‍ പകര്‍ത്തി കാമുകന് നിനോയ്ക്ക് അയച്ചു കൊടുത്തു അനുശാന്തി. ഏത് മണ്ടന്‍ പോലീസിനും ഒറ്റ ദിവസം കൊണ്ട് അന്വേഷിച്ചു തെളിയിക്കാവുന്ന കേസ്.
കാമുകനാണെങ്കില്‍ കൊലപാതകം നടത്തിയതിന് ശേഷം കാമിനിക്ക് എസ്എംഎസ് സന്ദേശവും അയച്ചു. നിനക്കൊരു സര്‍െ്രെപസ് ഗിഫ്റ്റ് ഉണ്ട്, അതെന്താണെന്ന് അറിയണമെങ്കില്‍ വൈകുന്നേരം വരെ കാത്തിരിക്കുക എന്നാണ് അയാള്‍ പറഞ്ഞത്. കുറ്റകൃത്യം നടന്നു കഴിഞ്ഞാല്‍ പോലീസ് ആദ്യം അരിച്ചു പെറുക്കുന്നത് പ്രദേശത്തെ മൊബൈല്‍ വിളികളും സന്ദേശങ്ങളും ആണെന്ന് ഇന്നത്തെ ഏത് കൊച്ചു കുട്ടിക്കും അറിയാം. ആ പ്രായോഗിക ബുദ്ധി പോലുമില്ലാത്ത രണ്ടു പേരാണ് കൂട്ടക്കൊല നടത്തി ഒന്നിച്ചു ജീവിക്കാന്‍ തയ്യാറെടുത്തത്.
ഇനി അഥവാ പോലീസ് സത്യം കണ്ടെത്തിയില്ലെങ്കിലും സ്വന്തം കുഞ്ഞിനെ വാക്കത്തിയുടെ മുന്നിലേക്ക് പറഞ്ഞു വിട്ട സ്ത്രീ നാളെ കൂടുതല്‍ മെച്ചപ്പെട്ട ഒരാളെ കിട്ടുമ്പോള്‍ നിനോയ്ക്ക് വേണ്ടിയും കൊട്ടേഷന്‍ കൊടുക്കുമായിരുന്നു. കാമുകിയെ സ്വന്തമാക്കാനായി തന്റെ കുടുംബത്തെ ഇല്ലാതാക്കാന്‍ നിനോ തയ്യാറെടുത്തിരുന്നോ എന്ന് ദൈവത്തിന് മാത്രം അറിയാം. ഇരുവരുടെയും വഴിവിട്ട ബന്ധത്തിന്റെ പേരില്‍ നിനോയുടെ വീട്ടില്‍ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നുവെന്ന് ചില മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.
നിനോയേയും അനുശാന്തിയെയും വഴി തെറ്റിച്ചത് പ്രണയമാണെങ്കില്‍ മലപ്പുറത്തുകാരന് ഷരീഫിന് വിനയായത് പണത്തിനോടുള്ള ആര്‍ത്തിയാണ്. ഭാര്യയും മൂന്ന് മക്കളുമുള്ള അയാള്‍ രണ്ടാം വിവാഹം കഴിക്കാനായി നടത്തിയ കൂട്ടക്കൊല മാസങ്ങള്‍ക്ക് മുമ്പാണ് പുറത്തു വന്നത്. ഭീമമായ തുക സ്ത്രീധനം വാങ്ങിയാണ് അയാള്‍ ആദ്യ വിവാഹം കഴിച്ചത്. വീണ്ടും പണത്തിന് ആവശ്യം വന്നപ്പോഴാണ് അയാള്‍ രണ്ടാം വിവാഹത്തിന് തയ്യാറെടുത്തത്. അതിനായി പല ബ്രോക്കര്‍മാരുമായി ബന്ധപ്പെടുകയും ചെയ്തു. വിവരം അറിഞ്ഞു ഭാര്യ എതിര്‍ത്തതാണ് കൊടും പാതകം ചെയ്യാന്‍ അയാളെ പ്രേരിപ്പിച്ചത്. ഇല്ലാത്ത കാരണമുണ്ടാക്കി കുടുംബത്തോടൊപ്പം പട്ടണത്തിലേക്ക് പോയ അയാള്‍ മടങ്ങി വരുന്ന വഴി വിജനമായ പ്രദേശത്തെ വെള്ളക്കെട്ടില്‍ ഭാര്യയെയും മൂത്ത രണ്ടു മക്കളെയും സഞ്ചരിച്ചിരുന്ന സ്കൂട്ടറിനോടൊപ്പം തള്ളിയിടുകയായിരുന്നു. അവര്‍ പ്രാണരക്ഷാര്‍ഥം നിലവിളിക്കുമ്പോള്‍ ഒന്നുമറിയാത്ത മട്ടില്‍ ഇളയകുഞ്ഞിനെയുമെടുത്ത് ഷരീഫ് നടന്നു പോയി.
കട്ടാല്‍ മാത്രം പോര നില്‍ക്കാനും പഠിക്കണം എന്ന് പറയുന്നത് ഇത്തരക്കാരെ ഉദ്ദേശിച്ചാണ്. ലോകം ഒരിയ്ക്കലും സത്യം തിരിച്ചറിയില്ലെന്നും പുതിയ ഭാര്യയോടൊപ്പം എക്കാലവും സസുഖം ജീവിക്കാമെന്നുമാണ് ഷരീഫ് കരുതിയത്. ദൈവമില്ലെന്ന് വിശ്വസിക്കുന്ന കടുത്ത നിരീശ്വരവാദികള്‍ പോലും അങ്ങനെ ചിന്തിക്കാന്‍ മടിക്കും. സ്വാര്‍ഥ ലാഭങ്ങളുടെ പേരില്‍ മറ്റൊരാളെ അപകടപ്പെടുത്തുന്നയാള്ക്ക് എത്രനാള്‍ മനസമാധാനത്തോടെ ജീവിക്കാന്‍ കഴിയും ?
പണവും കാമിനിയും മാത്രമല്ല മദ്യവും ഇത്തരം പാതകങ്ങള്‍ക്ക് ഹേതുവാകാറുണ്ട്. ചിലര്‍ മദ്യത്തിന് വേണ്ടി ആളെ കൊല്ലുന്നു, മറ്റു ചിലര്‍ മദ്യത്തിന്റെ ലഹരിയില്‍ അവര്‍ പോലുമറിയാതെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നു. മദ്യപിച്ച് വരുന്ന ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെ കൊലപാതകം ചെയ്യുന്നവരുമുണ്ട്. മൂന്നാറില്‍ അടുത്തിടെ ഭാര്യയെ കൊന്ന് ചാക്കില്‍ കെട്ടിവച്ച മണികണ്ഠന് മദ്യത്തിന്റെ ലഹരിയിലാണ് എല്ലാം ചെയ്തത്. എന്നും മദ്യപിച്ച് വന്ന് ഭാര്യയുമായി വഴക്കുണ്ടാക്കുമായിരുന്ന അയാള്‍ അന്ന് അവരെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയശേഷം ചാക്കില്‍ കെട്ടി കട്ടിലിനടിയില്‍ വയ്ക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ അയാള്‍ പിന്നീട് കോടതിയില്‍ കീഴടങ്ങി.
പ്രണയിച്ച് വിവാഹം കഴിച്ച മൂലമറ്റത്തെ അനിത എന്ന യുവതിക്ക് വിനയായത് ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധവും അയാളുടെ മദ്യപാനവുമാണ്. വ്യത്യസ്ഥ മതങ്ങളില്‍ പെട്ട ഇരുവരും എല്ലാവരുടെയും എതിര്‍പ്പുകള്‍ അതിജീവിച്ചാണ് പത്തു വര്‍ഷം മുമ്പ് വിവാഹിതരായത്. പിന്നീട് അനിതയുടെ അച്ഛന് വാങ്ങിക്കൊടുത്ത സ്ഥലത്ത് പഞ്ചായത്ത് കൊടുത്ത പണം ഉപയോഗിച്ച് വീടു വച്ച് അവര്‍ താമസമാക്കുകയായിരുന്നു. ഏറെ നാളായി ഭര്‍ത്താവിന്റെ ശല്യം കാരണം വീടിന് സമീപത്തെ പാറയിലാണ് അനിത കിടന്നുറങ്ങിയിരുന്നത്. സംഭവദിവസം മദ്യപിച്ച് വന്ന ഭര്‍ത്താവിനോടു വഴക്കിട്ട് അനിത പാറയുടെ സമീപത്തേക്ക് പോയി. പിന്നാലേ ചെന്ന അയാള്‍ ചുരിദാറിന്റെ ഷാള്‍ കഴുത്തില്‍ മുറുക്കി അവരെ കൊലപ്പെടുത്തുകയായിരുന്നു.
പ്രണയം ചിലര്‍ക്ക് മാംസനിബദ്ധമാണെന്ന് ഈ സംഭവം ഒരിക്കല്‍ കൂടി തെളിയിച്ചു. അല്ലായിരുന്നെങ്കില്‍ എല്ലാം ഇട്ടെറിഞ്ഞു കൂടെ വന്ന തന്റെ പെണ്ണിനെ കൊലപ്പെടുത്താന്‍ ഭര്‍ത്താവിന്റെ മുഖംമൂടിയിട്ട ജയേഷ് എന്ന വ്യക്തി തയ്യാറാകുമായിരുന്നില്ലല്ലോ. ഭര്‍ത്താവിനെ സ്നേഹിച്ചും അനുസരിച്ചും കഴിയുന്ന ഭാര്യയും അവളെ ജീവിതകാലം മുഴുവന്‍ സംരക്ഷിക്കുന്ന ഭര്‍ത്താവും ഇവിടെ പഴങ്കഥയാകുന്നു. പ്രണയവും വിവാഹവുമെല്ലാം പലര്‍ക്കും ഇന്ന് ഒരു നൈമിഷിക വികാരമോ അഥവാ ചാപല്യമോ ആണ്. എല്ലാം കൂടുതല്‍ മെച്ചപ്പെട്ട ആളെ കിട്ടുന്നത് വരെയുള്ള താല്‍ക്കാലിക അഡ്ജസ്റ്റ്മെന്റ് മാത്രം. അതിനു വിഘാതമാകുമെന്ന് കണ്ടാല്‍ ആരെയും അത് സ്വന്തം അമ്മയോ കുഞ്ഞോ ആയാലും കൊട്ടേഷന്‍ കൊടുത്ത് ഇല്ലാതാക്കും. ചുരുക്കത്തില്‍ രാഷ്ട്രീയ രംഗത്തും വ്യവസായ രംഗത്തും മാത്രമല്ല കുടുംബങ്ങളില്‍ പോലും കൊട്ടേഷന്‍ പാര്‍ട്ടികളുടെ ആവശ്യമുണ്ട്. അങ്ങനെ കേരളത്തില്‍ ഏറ്റവും വേഗം വളരുന്ന തൊഴില്‍ മേഖലയായി കൊട്ടേഷന്‍ രംഗം മാറുന്നു.
![]() |
Manoj V.B (Writer) |
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also read:
കിന്നാരവും കൊച്ചുവര്‍ത്തമാനവും ശ്രദ്ധിക്കണേ...
Also read:
കിന്നാരവും കൊച്ചുവര്‍ത്തമാനവും ശ്രദ്ധിക്കണേ...
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.