കിന്നാരവും കൊച്ചുവര്‍ത്തമാനവും ശ്രദ്ധിക്കണേ...

 


കൂക്കാനം റഹ്‌മാൻ

(www.kvartha.com 24.04.2014) സ്ത്രീപീഡനങ്ങള്‍ സമൂഹം ഗൗരവത്തോടെ കാണുന്നുണ്ടോ എന്ന സംശയമുണ്ട്. പെണ്ണിന്റെ കുഴപ്പം കൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത് എന്ന് ഒഴുക്കന്‍ മട്ടില്‍ ന്യായികരിക്കുകയാണ് നമ്മള്‍. വേട്ടക്കാരെ കുറിച്ച് അവരുടെ സമീപനങ്ങളെ കുറിച്ച് ഇരകളായ ആരും പറയുകയില്ല. പലപ്പോഴും മാന്യതയുണ്ട് എന്ന് നടിക്കുന്നവരാണ് സ്ത്രീകളെ വലയിലാക്കാന്‍ ശ്രമിക്കുന്നത്. അത്തരക്കാരുടെ ചാപല്യങ്ങള്‍ അനുഭവിച്ചറിഞ്ഞ പെണ്ണുങ്ങള്‍ അക്കാര്യം പുറത്തുപറയില്ല. അവരുടെ കെണിയില്‍ വിണുപോയാലെ സംഭവം വെളിച്ചത്താവൂ.

പെണ്‍കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും പാഠമാകേണ്ട ചില അനുഭവസാക്ഷ്യങ്ങള്‍ ഈ ആഴ്ച പങ്കുവെക്കുകയാണ്. പറഞ്ഞറിഞ്ഞകാര്യങ്ങള്‍ അതേ പോലെ എഴുതുന്നു. ഇത്തരം അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ടാവാം. വായനക്കാരിലാര്‍ക്കെങ്കിലും സമാന അനുഭവങ്ങളുണ്ടെങ്കില്‍ അക്കാര്യങ്ങള്‍ വെളിപ്പെടുത്താനുളള ത്രാണികാണിക്കണമെന്നും ആഗ്രഹിച്ചു പോവുന്നു.

ഇക്കഴിഞ്ഞ വിഷുവിന് എന്റെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിനി വിഷു സദ്യയില്‍ പങ്കാളിയാവാന്‍ അവളുടെ കുടുംബത്തോടൊപ്പം സന്തോഷം പങ്കിടാന്‍ ക്ഷണിച്ചു. ഭര്‍ത്താവിന് വടക്കേഇന്ത്യയിലാണ് ജോലി. ആഘോഷ അവസരങ്ങളില്‍ മാത്രമെ കുടുംബ സമേതം നാട്ടിലെത്താറുളളു. വന്നാല്‍ ഒന്നു രണ്ടാഴ്ച നാട്ടില്‍ തങ്ങും.

ഞാന്‍ കൃത്യ സമയത്ത് എത്തി. സദ്യ ഒരുക്കി കാത്തിരിക്കുകയായിരുന്നു കുടുംബാഗങ്ങള്‍. എന്റെ കയ്യില്‍ ഒരു വാരിക ഉണ്ടായിരുന്നു. അതെടുത്ത് മറിച്ചു നോക്കിയ പെണ്‍കുട്ടി അതിലുളള ഒരു ചിത്രം കാണിച്ചു എന്നോട് ചോദിച്ചു 'ആരാണ് സാര്‍ ഇദ്ദേഹം?' ഞാന്‍ ആളെ പരിചയപ്പെടുത്തിക്കൊടുത്തു. അവര്‍ക്ക് രണ്ടുപേര്‍ക്കും ആ വ്യക്തിയെ അറിയില്ല. ഒരു വനിതാ സമ്മേളനത്തിന്റെ ഉല്‍ഘാടക വേദിയുടെ ചിത്രമായിരുന്നു അത്.

'കഴിഞ്ഞാഴ്ച കുറച്ച് പര്‍ച്ചേസിംഗിന് ഷോപ്പിംഗ്മാളില്‍ പോയിരുന്നു. അവിടെവെച്ചാണ് ഇദ്ദേഹത്തെ കണ്ടത്. അന്ന് ഒരനുഭവമുണ്ടായി. ചേട്ടനോട് പറഞ്ഞിരുന്നു. സാര്‍ ഇത്തരം കാര്യങ്ങള്‍ എഴുതുന്ന ആളല്ലേ? വ്യക്തിയുടെ പേര് രഹസ്യമാക്കിവെക്കണമെന്ന അപേക്ഷയോടെ ആ പെണ്‍കുട്ടി പറഞ്ഞതിങ്ങനെ അയാള്‍ അടുത്തു വന്നു. 'ഈ സാരി കുട്ടിക്ക് നന്നായി ചേരുന്നു കേട്ടോ. നല്ല ഡ്രസ്സിംഗ് സെന്‍സാണ് കുട്ടിക്ക് അല്ലേ?'
ഞാന്‍ 'താങ്ക്‌യൂ' പറഞ്ഞു.

അഞ്ചുമിനുട്ട് കഴിഞ്ഞ് ആ മനുഷ്യന്‍ വീണ്ടും എന്റെയടുത്തു വന്നു.
'ഒരു കാര്യം ചോദിക്കാന്‍ മറന്നു. മോളുടെ പേരെന്താ?'
ഞാന്‍ പേരു പറഞ്ഞു.
'വിവാഹിതയാണോ?'
'അതെ'
'പക്ഷേ കണ്ടാല്‍ അങ്ങിനെ തോന്നുകയില്ല. കീപ്പ് ഇറ്റ് അപ്പ്'
'കുട്ടികള്‍ ഉണ്ടോ?'
'രണ്ടു കുട്ടികളുണ്ട്'
'അതും അത്ഭുതം കുട്ടിയെ കണ്ടാല്‍ പ്രസവിച്ചതാണെന്ന് തോന്നുകയില്ല എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം?'

ഞാന്‍ ഒന്നും പറയാതെ അദ്ദേഹത്തെ നോക്കി. കിഴവന്‍ നല്ല റൊമാന്റിക്ക് മൂഡിലാണെന്നു തോന്നി. മാന്യമായി വേഷം ധരിച്ച അച്ഛന്റെ പ്രായമുളള ആ മനുഷ്യനെ മുഷിപ്പിക്കേണ്ടെന്നു കരുതി നീരസമുളളിലൊതുക്കി അസ്വസ്ഥയായി നിന്നു.
'ഒരു ജ്യൂസിന് ഓര്‍ഡര്‍ ചെയ്യട്ടെ?'
'വേണ്ട അങ്കിള്‍ താങ്ക്‌സ് '
'എന്നാല്‍ ഒരു കാര്യം ചെയ്യൂ. തന്റെ നമ്പര്‍ പറഞ്ഞാട്ടെ'
ഇന്ന് പുതിയ സിം മാറിയിട്ടതേയുളളൂ അങ്കിള്‍ നമ്പര്‍ പഠിച്ചില്ല.
'ശരി സാരമില്ല മോള്‍ എവിടെയാ താമസിക്കുന്നത്?'
ഞാന്‍ സ്ഥലം പറഞ്ഞു.
'ആ വഴിക്കാണ് എനിക്കും പോകേണ്ടത്. ഞാന്‍ ഡ്രോപ്പ് ചെയ്യാം'
'താങ്ക്‌സ് അങ്കിള്‍. ഹസ്ബന്റ് വണ്ടിയുമായി താഴെ വെയ്റ്റ് ചെയ്യുന്നുണ്ട്' അയാളുടെ മുഖം വിളറുന്നതുകണ്ടു ഞാന്‍ അവിടെ നിന്നും രക്ഷപെട്ടു.

കിന്നാരവും കൊച്ചുവര്‍ത്തമാനവും ശ്രദ്ധിക്കണേ...
പെണ്‍കുട്ടി പറഞ്ഞ അനുഭവം കേട്ട് ഞാന്‍ ഞെട്ടിയില്ല. പെണ്ണിനെ പുകഴ്ത്തി പാട്ടിലാക്കാന്‍ ശ്രമിക്കുന്ന ഇരപിടിയന്‍മാരെ എവിടെയും കാണാം. മുന്‍പരിചയമില്ലാത്ത ഒരു പെണ്‍കുട്ടിയുടെ സൗന്ദര്യ വര്‍ണ്ണന നടത്താന്‍ ലജ്ജയില്ലാത്ത മനസ്സുളള വരെ ശ്രദ്ധിക്കുക.

..................................................................................

ഒരു കംമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടറായ പെണ്‍കുട്ടി പറഞ്ഞ അനുഭവം.....

ഇന്‍സ്റ്റിട്യൂട്ടിന്റെ തലവന്‍ സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തി. അയാളുടെ സമീപനത്തില്‍ പെണ്‍കുട്ടിക്ക് എന്തോ പന്തികേട് തോന്നിത്തുടങ്ങി.

ഒരു അവധി ദിവസം അദ്ദേഹം പെണ്‍കുട്ടിയെ സ്ഥാപനത്തിലേക്ക് വിളിപ്പിച്ചു. അവള്‍ ചെന്നു. നിര്‍ദ്ദേശിച്ച ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹവും കസേര വലിച്ചിട്ട് അടുത്തിരുന്നു.
'കുട്ടിയുടെ വിയര്‍പ്പിന്റെ മണം എനിക്ക് വളരെ ഇഷ്ടമാ'
'അതെന്താ സാര്‍ അങ്ങനെ?'

'എന്തോ എന്നെ ആ മണം വല്ലാതെ ആകര്‍ഷിക്കുന്നു അദ്ദേഹം അല്പംകൂടി അടുത്തേക്ക് നീങ്ങിയിരുന്നു. നെപ്പോളിയന്‍ യുദ്ധത്തിന് പുറപ്പെട്ടാല്‍ നാളുകള്‍ വൈകിയാണെത്തുക. സൈന്യത്തിലുളളവരെ കൊട്ടാരത്തിലേക്ക് വിട്ട് അദ്ദേഹം തിരിച്ചുവരുന്നതുവരെ ഭാര്യയോട് കുളിക്കരുതെന്ന് അറിയിപ്പുകൊടുക്കും. അദ്ദേഹത്തിന് ഭാര്യയുടെ വിയര്‍പ്പ് അത്രമേല്‍ ഇഷ്ടമാണ് പോലും.' അദ്ദേഹം കിന്നാരത്തോടെ അക്കഥ പറഞ്ഞു.
ഞാന്‍ മൂളിക്കേട്ട് ടൈപ്പ് ചെയ്യുകയായിരുന്നു. കീബോര്‍ഡില്‍ നിന്ന് കൈ പിടിച്ചുമാറ്റാന്‍ അദ്ദേഹം തുനിഞ്ഞു. മെല്ലെ കൈ എടുത്തു മാറ്റി ഞാന്‍ എഴുന്നേറ്റു. മൊബൈല്‍ എടുത്തുചെവിക്കുപിടിച്ചു. 'അച്ഛാ ഞാന്‍ ഇതാ വന്നു.' ഒരഭിനയം നടത്തി.

കിന്നാരവും കൊച്ചുവര്‍ത്തമാനവും ശ്രദ്ധിക്കണേ...'സാര്‍ ഞാന്‍ വരട്ടെ അച്ഛന്‍ അത്യാവശ്യമായി ചെല്ലാന്‍ പറഞ്ഞു.' പിന്നെ അവിടേക്ക് പോയിട്ടില്ല.
ജീവനക്കാരികളോട് അധികാരം ഉപയോഗിച്ച്, കഥപറഞ്ഞും, മണം പിടിച്ചും അടുത്തു കൂടുന്നവരേയും ശ്രദ്ധിക്കണേ?....

..................................................................................

തിരുവന്തപുരത്തുകാരിയായ എന്റെ സുഹൃത്തും, സാഹിത്യകാരിയുമാണ് കഥാനായിക. രണ്ട് മാസം മുമ്പ് ഫോണ്‍ വിളിച്ചു ചോദിച്ചു.

'റഹ് മാന്‍ താങ്കള്‍ക്ക് ....................... ലെ ഒരു അത്ഭുത മോതിര കച്ചവടക്കാരനെ അറിയ്യോ?'
'എന്താകാര്യം?'
അങ്ങേര് ഒരു മോതിര വില്പന വ്യാപാരിയുമായി എന്റെ വീട്ടിലെത്തി. എന്റെ അയല്‍ക്കാരിയാണ് എന്നെ പരിചയപ്പെടുത്തി കൊടുത്തത്. വീട്ടില്‍ ആരുമില്ലാത്ത സമയമായിരുന്നു അത്. വിവാഹിതയും അമ്മയും അമ്പത്തഞ്ചിനടുത്ത് പ്രായമുളളവളുമായ എന്നോട് അവന്‍ കിന്നരിക്കാന്‍ തുടങ്ങി.

മോതിരത്തിന്റെ മഹാത്മ്യം വിശദീകരിച്ചു. കൈവിരല്‍ കാണിക്കാന്‍ പറഞ്ഞു. അയാള്‍ കൈത്തണ്ടയില്‍ പിടിച്ച് കയ്യിന്റെ സൗന്ദര്യം പറയാന്‍ ആരംഭിച്ചു. എന്റെ പഴയസ്വഭാവം കയ്യിലെടുത്തു 'ഗേറ്റിനുപുറത്തുകടക്കാന്‍ പറഞ്ഞു.'

ഇവറ്റകള്‍ക്കൊന്നും അമ്മപെങ്ങന്‍മാരില്ലേ മാഷേ? അവര്‍ ചോദിച്ചു. മുന്‍പരിചയമില്ല..... സ്വന്തം നാട്ടിലല്ല....... തന്നെക്കാള്‍ പ്രായമുളള സ്ത്രീ........ ഇതൊക്കെയായിട്ടും ചില പെണ്‍കോന്തന്‍മാര്‍ക്ക് കാണാന്‍ ചന്തമുളള ഒരു പെണ്ണിനെ കാണുമ്പോള്‍ സ്ഥാനമാനങ്ങളും, ആത്മാഭിമാനവും, ഉത്തരവാദിത്തങ്ങളും മറന്നു പോകുന്നതെന്തുകൊണ്ട്?

..................................................................................

പാവം ഹോംനഴ്‌സുമാരെ പോലും വെറുതെ വിടില്ല ചില മാന്യന്‍മാര്‍. അച്ഛനുമമ്മയും ഉദ്ദ്യോഗസ്ഥര്‍. അവരുടെ ആദ്യ സന്താനത്തെ പകല്‍ നേരങ്ങളില്‍ പരിപാലിക്കാനാണ് ഹോംനഴ്‌സിനെ നിശ്ചയിച്ചത്. നഴ്‌സും കുഞ്ഞും തനിച്ചാണ് വീട്ടില്‍. ഈ നേരത്താണ് കുറച്ചകലെ താമസിക്കുന്ന റിട്ട: ഉദ്ദ്യോഗസ്ഥനായ ഗ്രാന്റ്ഫാദറിന്റെ വരവ്. മധുരപലഹാരങ്ങളും മറ്റുമയാണ് വരവ്. നഴ്‌സ് ചെറുപ്പക്കാരിയാണ്. കക്ഷി വന്ന ഉടനെ സോഫയിലിരിക്കും.

കുഞ്ഞിനെ ഉറക്കിക്കിടത്താന്‍ പറയും. പിന്നെ ഇദ്ദേഹത്തിന് തൊട്ടരികില്‍ നഴ്‌സ് ഇരിക്കണം അദ്ദേഹം പറയുന്നിടത്തൊക്കെ തടവുകയും മറ്റും വേണം. ഒന്നുരണ്ടു ദിവസം  വല്ല്യച്ഛന്റെ പ്രായമുളള അദ്ദേഹത്തോട് പെണ്‍കുട്ടി കയര്‍ത്തൊന്നും പറഞ്ഞില്ല. കാരണം സമൂഹത്തിലെ മാന്യനാണ് അദ്ദേഹം. ഇതാവര്‍ത്തിച്ചപ്പോള്‍ നഴ്‌സ് ജോലിമതിയാക്കി തിരിച്ചു വന്നു.

നേടിയെടുത്ത ആദരവ് കാമാന്ധതമൂലം കളഞ്ഞുകുളിക്കുന്നവര്‍ മാനസീക രോഗ ചികില്‍സയ്ക്ക് വിധേയമാകണം.

പെണ്‍കുട്ടികളും സ്ത്രീകളും അവസരത്തിനൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കണം ഇത്തരം അനുഭവങ്ങള്‍ സമൂഹത്തോട് തുറന്നു പറയാനുളള ചങ്കൂറ്റവും കാണിക്കണം.

കിന്നാരവും കൊച്ചുവര്‍ത്തമാനവും ശ്രദ്ധിക്കണേ...
Kookkanam Rahman
(Writer)
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  

Keywords : Article, Kookkanam Rahman, Molested, Job, Woman, Women, House Wife, Story, Computer Center.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia