അനാഥ സംരക്ഷണം മനുഷ്യക്കടത്തോ ?

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

-അഷ്‌റഫ് സല്‍വ

'യെത്തീമിന് അത്താണി
ഏകി കൊണ്ട് അത്താഴം
എത്തിക്കുന്നോര്‍ക്ക് 
അള്ളാ വര്‍ഷിക്കും സഹായം ...'

(www.kvartha.com 03.06.2014) അനാഥ സംരക്ഷണത്തിന് ഇസ്ലാം മതം നല്‍കുന്ന പ്രാധാന്യം മനസിലാക്കാന്‍ ഒരു സാധാരണക്കാരന് ഖുര്‍ ആനും ഹദീസും ഒന്നും നോക്കേണ്ടതില്ല, അത്രകണ്ട് നമ്മുടെ മനസില്‍ ആഴത്തില്‍ അറിവുള്ള സംഗതിയാണ് അനാഥ സംരക്ഷണം, അഥവാ സാധു സംരക്ഷണം. അത് കൊണ്ട് തന്നെ പല സാഹചര്യങ്ങളില്‍ പലയിടങ്ങളില്‍ പല സാത്വികരായ ആളുകള്‍ തുടങ്ങി വെച്ച ഒരു പ്രസ്ഥാനം ആണ് യതീംഖാന.

ആദ്യ കാലത്ത് അത്തരം സ്ഥാപനങ്ങള്‍ തുടങ്ങാനും നടത്തിക്കൊണ്ട് പോവാനും അതിന്റെ സംഘാടകര്‍ അനുഭവിച്ച ത്യാഗവും സാമ്പത്തിക പ്രയാസങ്ങളും ഇന്ന് നമുക്ക് ചിന്തിക്കാന്‍ പോലും കഴിയാത്തതാണ്. വിശ്വാസത്തിലൂന്നിയ പെട്ടി പിരിവും കുറ്റി പിരിവും, നേര്‍ച്ചകളും ആയിരുന്നു പ്രധാന സാമ്പത്തിക സ്രോതസുകള്‍. കാലം മാറി, കോലവും, ശീലവും. യത്തീം ഖാനകള്‍ക്ക് നിരവധി മാര്‍ഗങ്ങളിലൂടെ സഹായ ധനം ലഭിച്ചു തുടങ്ങി. യത്തീം ഖാനകളോട് ചേര്‍ന്ന് യത്തീം കുട്ടികളുടെ പഠന ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് അനുവദിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരെ യതീംഖാനകള്‍ക്കുള്ള വരുമാന മാര്‍ഗങ്ങളായി മാറി.

പല യത്തീം ഖാനകളോടും ചേര്‍ന്ന് (ബോര്‍ഡിംഗ്)ഹോസ്റ്റലുകളും ആരംഭിക്കപ്പെട്ടു.
ആഴ്ചയില്‍ ഒരിക്കല്‍ കോഴിക്കറിയും നെയ്‌ചോറും കൂട്ടി യത്തീം ഖാനയ്ക്കടുത്തുള്ള മാനേജ്‌മെന്റ്. സ്‌കൂളുകളില്‍ നിന്ന് മാനേജര്‍ പോസ്റ്റ് നില നിര്‍ത്താന്‍ സംഭാവന നല്‍കുന്നു. നീല പാന്റും വെള്ള കുപ്പായവും പുള്ളി തൊപ്പിയുമിട്ട് സ്വര്‍ഗത്തില്‍ പോയ വാപ്പമാരുടെ മക്കളും ദിവസവും കോഴിക്കറിയും ബിരിയാണിയും കൂട്ടി പാന്റും ഷര്‍ട്ടും ടൈയും കെട്ടി യത്തീം ഖാന കോമ്പൗണ്ടിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിക്കുന്ന ഗള്‍ഫില്‍ പോയ വാപ്പമാരുടെ മക്കളും ഒരു കോമ്പൗണ്ടില്‍ മതിലിന്റെ അപ്പുറവും ഇപ്പുറവും ജീവിതം തുടങ്ങി.

അനാഥ സംരക്ഷണം വഴി ലഭിക്കാവുന്ന ഗുണത്തിന് നാളെ പരലോകം വരെ കാത്തിരിക്കാന്‍ ആര്‍ക്കും സമയമില്ലാതെയായി. യത്തീം കുട്ടികളെ കലണ്ടര്‍ അടിച്ചു നമ്മള്‍ ബസ് കയറ്റി വിട്ടു. നമ്മുടെ മക്കളെ ഒറ്റയ്ക്ക് കടയില്‍ വിട്ടു ഒരു സാധനം വാങ്ങാന്‍ പറഞ്ഞയക്കാന്‍ ധൈര്യമില്ലാത്ത നമ്മള്‍ യത്തീം മക്കളെ വീട് വീടാന്തരം കയറി ഇറങ്ങി കച്ചവടത്തിന് വിടാന്‍ തീരുമാനിച്ചു മിനുട്ട്‌സില്‍ ഒപ്പ് വെച്ചു.
യത്തീം മക്കളുടെ സംരക്ഷണത്തിന് അല്ലാഹു വാഗ്ദാനം ചെയ്ത പ്രതിഫലത്തെ കുറിച്ച് സംശയം തോന്നിയ നമ്മള്‍ മാസാന്തം അവരെ കൊണ്ട് ദുആ ചെയ്യിച്ചു അള്ളാഹുവിനെ ബോധ്യപ്പെടുത്തി കൊണ്ടേയിരുന്നു.

ദുആ ചെയ്യുന്ന വിവരം അല്ലാഹു മാത്രം അറിഞ്ഞാല്‍ പോരല്ലോ. അത് കൊണ്ട് ആ വിവരം ഫ്‌ളക്‌സ് ബോഡ് അടിച്ചും അനൗണ്‍സ് ചെയ്തും നാട്ടുകാരെ മുഴുവന്‍ അറിയിച്ചു കൊണ്ടേ ഇരിക്കും.
എല്ലാറ്റിനും ന്യായീകരണം നടത്തിപ്പിന്റെ ബാധ്യതകള്‍ തന്നെ. പക്ഷെ അനാഥരുടെ സമ്പത്ത് കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട സൂക്ഷ്മത സമുദായത്തെ ബോധ്യപ്പെടുത്തേണ്ടവര്‍ തന്നെ, അനാഥരുടെ സമ്പത്ത് മാത്രമല്ല, അനാഥരുടെ പേരില്‍ ലഭിക്കുന്ന സ്ഥാപനങ്ങള്‍ ഗ്രാന്റും ദാന ധര്‍മങ്ങളും അത്ര സൂക്ഷ്മമായല്ല കൈകാര്യം ചെയ്യുന്നത് എന്ന് പല സ്ഥാപങ്ങളുടെയും കവാടം കടക്കുമ്പോള്‍ തന്നെ ബോധ്യമാകും.

മലപ്പുറം ജില്ലയിലെ പല യത്തീം ഖാനകളില്‍ നിന്നും അടുത്ത വീടുകളില്‍ നടക്കുന്ന സല്‍ക്കാര പരിപാടികളിലേക്ക് കുട്ടികളെ കൂട്ടത്തോടെ കൊണ്ട്‌വന്നു ഭക്ഷണം കൊടുത്ത് അതിലെ ഒരു കുട്ടിയെ കൊണ്ട് ദുആ ചെയ്യിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ആ കുട്ടികളുടെ മാനസികാവസ്ഥയെ കുറിച്ച് ആലോചിക്കാനും തങ്ങളുടെ മക്കളാണ് ആ സ്ഥാനത്തെങ്കില്‍ ഇതിനു മുതിരുമോ എന്ന് ചിന്തിക്കാനും ക്ഷണിക്കുന്നവരും കുട്ടികളെ കൊണ്ട് പോകുന്നവരും തയ്യാറാകണം.

ഇനി യത്തീം ഖാനകള്‍ അവിടെ നില്‍ക്കട്ടെ.

രണ്ടു വര്‍ഷം മുമ്പ് നാട്ടില്‍ ഒരു കടയില്‍ ഇരിക്കുമ്പോള്‍ കൊണ്ടോട്ടിക്കടുത്ത ഒരു മഹല്ലിന്റെ ലെറ്റര്‍ പാഡില്‍ എഴുതിയ ഒരു കത്തുമായി ഒരു ഉമ്മ കടയില്‍ വന്നു. യത്തീം കുട്ടിയുടെ വിവാഹത്തിനു 30 പവനും ഒരു ലക്ഷം രൂപയും സ്വരൂപിക്കാന്‍ സഹായം ചെയ്യാന്‍ ആവശ്യപ്പെട്ടുള്ള കത്തില്‍ താഴെ ഒപ്പിട്ടിരിക്കുന്നത് ഒരു അധ്യാപകന്‍ ആണ്. കൂടെയുള്ള നമ്പറില്‍ വിളിച്ച് ആ അധ്യാപകനോട് സംസാരിച്ചു.

നാട്ടിലെ അനാഥയായ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തയക്കാന്‍ കത്തടിച്ചു കുട്ടിയുടെ വൃദ്ധയായ വല്യുമ്മയെ തെണ്ടാന്‍ വിടാന്‍ വേണ്ടി നമുക്ക് പള്ളി കമ്മിറ്റിയും ലെറ്റര്‍ പാഡും ആവശ്യമുണ്ടോ എന്ന് ചോദിച്ചു. നമ്മുടെ മഹല്ലുകളില്‍ വല്യ പെരുന്നാളിന് അറുക്കുന്ന പോത്തുകളുടെ കണക്ക് പറഞ്ഞ് അഹങ്കരിക്കുന്നവരാണ് നമ്മള്‍. അതേസമയം നമ്മുടെ മഹല്ലിലെ അനാഥരുടെ കണക്ക് നമുക്ക് അറിയില്ല താനും.

ഒരു കാര്യം മറച്ചു വെക്കാന്‍ പറ്റില്ല. നാട്ടിലെ പൊതുവായ സ്ഥിതി അനുസരിച്ച് ആദ്യകാലത്ത് ഒരു കുടുംബം യത്തീമാകുന്നതോട്കൂടി അവിടേക്ക് സഹായങ്ങളുടെ പ്രവാഹമായിരിക്കും. ഭര്‍ത്താവ് മരണപ്പെട്ട് പറക്കമുറ്റാത്ത മക്കളെയും കൊണ്ട് ജീവിതത്തെ പകച്ചു നോക്കി നില്‍ക്കുന്ന പല സ്ത്രീകളും ഈ അവസ്ഥയില്‍ അത്തരം സഹായങ്ങളെ എങ്ങനെ വിനിയോഗിക്കണം എന്നറിയാതെ പതറിപ്പോവാറുണ്ട്.  ചിലര്‍ക്ക് തെറ്റുകള്‍ പറ്റാറുണ്ട്. ചിലര്‍ മോഹന വാഗ്ദാനങ്ങളില്‍ വീണു പോവാറുണ്ട്. നമ്മള്‍ അത് ചൂണ്ടിക്കാട്ടി പിന്നീട് അവര്‍ക്കുള്ള സഹായങ്ങള്‍ നിഷേധിക്കാറും ഉണ്ട്.

ചുരുക്കം പല സഹായങ്ങളും ഗുണത്തെക്കാളേറെ ദോഷമാണ് വരുത്താറുള്ളത്. ഇനി ഇങ്ങനെയൊക്കെയാണെങ്കില്‍ തന്നെ യത്തീം ഖാനകളുടെ കാലം കഴിഞ്ഞുവോ ? കേരളത്തിലെ ഒരു പ്രബല മത സംഘടന അനാഥരെ അവരുടെ വീടുകളില്‍ തന്നെ നിര്‍ത്തി അവരുടെ ഭക്ഷണവും വിദ്യാഭ്യാസവും ഉറപ്പു വരുത്തി, അവരെ നിരന്തര നിരീക്ഷണത്തിന് സംവിധാനങ്ങള്‍ ഉണ്ടാക്കി അവരെ സംരക്ഷിക്കുന്ന ഒരു പദ്ധതി തുടങ്ങിയിരുന്നു. കുട്ടികളുടെ മാനസിക പ്രയാസങ്ങള്‍ കുറയ്ക്കുന്ന ആ പദ്ധതി പ്രശംസനീയമാണെങ്കിലും അതും യത്തീം ഖാനയ്ക്ക് പകരമാകുമോ, തീര്‍ച്ചയായും ഇല്ല എന്നാണു ഉത്തരം.

അച്ഛനും അമ്മയും ജീവിച്ചിരിക്കെ തന്നെ വീടിന്റെ അകത്തളങ്ങളില്‍ സുരക്ഷിതരല്ലാത്ത മക്കള്‍ക്ക് അവരിലാരെങ്കിലുമോ അവര്‍ രണ്ടു പേരുമോ നഷ്ടപ്പെടുക വഴിയുണ്ടാകുന്ന അനാഥത്വം മറികടക്കാന്‍ ഇന്ന് പഴയ പോലെ ബന്ധുമിത്രാദികള്‍ ഇല്ല. അച്ഛനും അമ്മയും മക്കളുടെ ചിലവു നടത്തുന്ന മക്കളുടെ ഔദാര്യത്തില്‍ കഴിയുന്ന സ്ഥിതിയാണ് ഇന്നുള്ളത്.

ഇവിടെ അനാഥര്‍ അനാഥര്‍ തന്നെയാണ്, അത് കൊണ്ട് അനാഥര്‍ക്കു ഒരിടം വേണം. കയറിക്കിടക്കാനും, ഭക്ഷണം ലഭിക്കാനും വിദ്യാഭ്യാസം ലഭിക്കാനും സുരക്ഷിതത്വമുള്ള ഒരിടം. ഇനി എല്ലാ സംഘടനകളും എല്ലാ പ്രസ്ഥാനങ്ങളും യത്തീംഖാനകള്‍ തുടങ്ങുമ്പോള്‍ പഴയ വലിയ യത്തീം ഖാനകളിലേക്ക് കുട്ടികള്‍ എത്തുന്നത് കുറവായിരിക്കും. ആ ഭൗതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി സാമ്പത്തികമായും സാമൂഹികമായും പിന്നില്‍ നില്‍ക്കുന്ന ഇടങ്ങളിലെ കുട്ടികളെ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കി സംരക്ഷിക്കേണ്ടത് തന്നെയല്ലേ.

അത്തരം സന്ദര്‍ഭങ്ങളില്‍ അവിടെപ്പോയി സാമൂഹിക പ്രവര്‍ത്തനം നടത്താന്‍  പരിഹസിച്ചു ഉപദേശിക്കുന്നവര്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയടക്കം വര്‍ഷങ്ങളോളം ഭരിച്ച ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന്, ഭാഷയും സംസ്‌കാരവും ഭിന്നമായ ഒരിടത്തേക്ക് തങ്ങളുടെ മക്കളെ പറഞ്ഞയക്കാനുള്ള സാഹചര്യം എന്താണെന്ന് അന്വേഷിക്കുകയല്ലേ വേണ്ടത്. പകരം ഇത്തരം ഒരു ശ്രമത്തെ, മതിയായ രേഖകള്‍ ഇല്ലെന്ന സാങ്കേതികമായ ഒരേ ഒരു കാരണത്താല്‍, യത്തീം ഖാനകളുടെ മറവില്‍ തീവ്രവാദമോ, അനാശാസ്യമോ മറ്റെന്തൊക്കെയോ നടക്കുന്നുവെന്ന വിധത്തില്‍ വാര്‍ത്തകള്‍ പടച്ചു വിടുകയും, അതിനെ മനുഷ്യക്കടത്താക്കി ചിത്രീകരിക്കുകയും  കേരളത്തിന്റെ ആഭ്യന്തര മന്ത്രി തന്നെ അത്തരം സംശയം ഉളവാക്കുന്ന പദ പ്രയോഗങ്ങള്‍ നടത്തുകയും ഭരണത്തില്‍ പങ്കാളിത്തമുള്ള മുസ്ലിം ലീഗ് അടക്കമുള്ള സംഘടനകള്‍ ഒരേ സമയം മന്ത്രിയേയും ഈ സംഭവത്തെയും ന്യായീകരിക്കുകയും ചെയ്യുമ്പോള്‍ വീണ്ടും യത്തീമാകുന്നതു ഈ യത്തീം മക്കള്‍ തന്നെയാണെന്ന് പറയാതെ വയ്യ.

അന്യ നാട്ടില്‍ നിന്ന് കുടുംബത്തെയും രക്ഷിതാക്കളെയും പിരിഞ്ഞു യാത്ര ചെയ്തുവന്ന അനാഥരും സനാഥരുമായ പാവപ്പെട്ട മക്കളെ സുരക്ഷിതമായി ഒരിടത്ത് എത്തിച്ചതിന് ശേഷം ഈ വിഷയത്തില്‍ വന്ന പാളിച്ചകളെ പരിശോധിച്ച് നിയമ വിരുദ്ധമായി വല്ലതും ഉണ്ടെങ്കില്‍ അതിനു കൂട്ട് നിന്നവര്‍ക്കെതിരെ നടപടി എടുത്ത് ശിക്ഷ നല്‍കുകയും രക്ഷിതാക്കളുമായി ബന്ധപ്പെട്ട് സത്യാവസ്ഥ മനസിലാക്കി കുട്ടികളെ തിരികെ വിടുകയോ ഇവിടെ തന്നെ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തുകയോ ചെയ്യുകയല്ലാതെ വഴിയില്‍ തട്ടി കളിക്കാന്‍ നമുക്ക് കഴിയുന്നത്, ഇവര്‍ അനാഥരായത് കൊണ്ട് തന്നെയല്ലേ....

പ്രവേശനോത്സവം നടത്തി പുതിയ അധ്യയന വര്‍ഷത്തെ നമ്മള്‍ ആഘോഷമാക്കുമ്പോള്‍ വേനലവധി കഴിഞ്ഞു മടങ്ങി വരുന്ന കുട്ടികളും അവരുടെ കൂടെ പുതുതായി വരുന്ന കുട്ടികളും ആണ് അത് എന്നും അവര്‍ക്കും ഒരു കുരുന്നു മനസുണ്ടെന്നും ചിന്തിക്കാന്‍ ദൈവം നമുക്ക് ഒരു മനസ് തന്നിരുന്നെങ്കില്‍ ........

മുത്തു റസൂലിന്റെ 
മൊഴികളറിഞ്ഞുള്ള 
മുത്തഖീങ്ങള്‍ക്കാണ് 
സ്വര്‍ഗത്തിലത്താഴം.............

അനാഥ സംരക്ഷണം മനുഷ്യക്കടത്തോ ?

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Article, Orphans, Controversy, Kerala, Malappuram, Prophet, Islam, Ashraf Salva. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia