Conflict | പാര്‍ട്ടിയും സര്‍ക്കാരും ഞാന്‍ തന്നെ: അന്‍വറെ ശത്രുപക്ഷത്ത് നിര്‍ത്തി പിണറായി വെടിയുതിര്‍ക്കുമ്പോള്‍!
● പക്വതയില്ലാത്ത വിമര്‍ശനങ്ങളില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി
● ഇടത് എംഎല്‍എ പാലിക്കേണ്ട മര്യാദകള്‍ പുലര്‍ത്തിയില്ലെന്നും വിമര്‍ശനം
ഭാമനാവത്ത്
കണ്ണൂര്‍: (KVARTHA) സംസ്ഥാന രാഷ്ട്രിയത്തില്‍ വിവാദ നായകനായ ഇടത് സ്വതന്ത്ര എംഎല്‍എ പിവി അന്‍വറുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തില്‍. എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച പിവി അന്‍വര്‍ എംഎല്‍എയെ പൂര്‍ണ്ണമായും തളളിയും എഡിജിപി എംആര്‍ അജിത് കുമാറിനെ സംരക്ഷിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയതോടെയാണ് അന്‍വറിനെതിരെയാണ് പാര്‍ട്ടിയും സര്‍ക്കാരുമെന്ന കാര്യം മറനീക്കി പുറത്തുവന്നത്.
അന്‍വറിന്റെ പക്വതയില്ലാത്ത വിമര്‍ശനങ്ങളില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയന് ഒരാളോട് വൈരാഗ്യമോ പകയോ തോന്നിയാല്‍ പിന്നെ അയാളുടെ പുക കണ്ടേ അടങ്ങൂ എന്നതാണ് ചരിത്രം. അതുകൊണ്ടുതന്നെ എഡിജിപിക്കും പൊളിറ്റിക്കല്‍ സെക്രട്ടറിക്കുമെതിരെ അന്‍വര്‍ പരസ്യമായി ഉന്നയിച്ച ആരോപണങ്ങള്‍ തന്നെ ലക്ഷ്യമിട്ട് കൊണ്ടുള്ളതാണെന്നാണ് മുഖ്യമന്ത്രി കരുതുന്നത്.
അന്‍വര്‍ ഒരു ഇടതു എംഎല്‍എ പാലിക്കേണ്ട മര്യാദകള്‍ പുലര്‍ത്തിയില്ലെന്ന തുറന്ന വിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തുവന്നതോടെ ശത്രുനിരയിലാണ് അന്‍വറിന്റെ സ്ഥാനമെന്ന അടയാളപ്പെടുത്തലും അതിലുണ്ട്. അന്‍വറിന് പരാതിയുണ്ടെങ്കില്‍ പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു ഇടതുപക്ഷ എംഎല്‍എ എന്ന നിലയില്‍ ചെയ്യേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി തുറന്നടിച്ചത് വരാനിരിക്കുന്ന പോരിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. തന്റെ ഓഫിസിനെതിരെ വിമര്‍ശനമുണ്ടെങ്കില്‍ ആദ്യം തന്നോടല്ലേ പറയേണ്ടതെന്ന വാദമാണ് പിണറായി വിജയന്‍ ഉയര്‍ത്തുന്നത്.
ആദ്യ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെ തന്നെ അന്‍വറിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചെങ്കിലും മറുപടി നല്‍കിയില്ല. ഫോണില്‍ ബന്ധപ്പെടാനും തയാറായില്ല. മറ്റു വഴിയിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും തയാറായില്ല. രണ്ടാം ദിവസവും മൂന്നാം ദിവസവും ബന്ധപ്പെടാന്‍ ശ്രമിച്ചു. മൂന്നാം ദിവസവും അദ്ദേഹം മാധ്യമങ്ങളെയാണ് കണ്ടത്. അതിന് ശേഷമാണ് എന്നെ വന്ന് കണ്ടത്.
അഞ്ചുമിനുറ്റ് സംസാരിച്ചു. അത്രയേ ഉണ്ടായിട്ടുളളു. ഫോണ്‍ ചോര്‍ത്തിയത് പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ ചെയ്യാന്‍ പാടില്ലാത്തതായിരുന്നു. അന്‍വറിന് ഇടതുപക്ഷ പശ്ചാത്തലമില്ല. കോണ്‍ഗ്രസില്‍ നിന്നും വന്നയാളാണ്. അന്‍വര്‍ പരസ്യ പ്രതികരണം തുടര്‍ന്നാല്‍ ഞാനും മറുപടി നല്‍കേണ്ടി വരുമെന്നും മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ പിവി അന്‍വര്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. അന്‍വര്‍ യുദ്ധം തുടര്‍ന്നാല്‍ ഇനി അടങ്ങിയിരിക്കില്ലെന്നും പാര്‍ട്ടിയും സര്‍ക്കാരുമൊക്കെ താന്‍ തന്നെയാണെന്ന വ്യക്തമായ സൂചനയാണ് പിണറായി നല്‍കുന്നത്.
#PVAnvar #PinarayiVijayan #KeralaPolitics #PoliticalConflict #Allegations #LeftMLA