Controversy | പിണറായിയുടെ പ്രതിച്ഛായ തകര്‍ത്തിട്ട് അന്‍വറിന് എന്ത് നേട്ടം?
● കക്കാടംപൊയ്കയിലെ തടയണയും പാര്‍ക്കും അടക്കമുള്ള വിഷയങ്ങളില്‍ നല്‍കിയ സംരക്ഷണം ചെറുതല്ല
● എതിര്‍പ്പ് പ്രകടമായത് പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായതോടെ
അര്‍ണവ് അനിത
തിരുവനന്തപുരം: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തന്മാരില്‍ പ്രമുഖനായിരുന്ന പിവി അന്‍വര്‍ എംഎല്‍എ അദ്ദേഹത്തിനെതിരെ വെറുതെ വാളോങ്ങിയിരിക്കുകയല്ല, പിണറായിയുടെ മതേതര നിലപാടിനെ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്. അന്‍വറിന്റെ കക്കാടംപൊയ്കയിലെ തടയണയും പാര്‍ക്കും അടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിയും സിപിഎമ്മും നല്‍കിയ സംരക്ഷണം ചെറുതല്ല.
നിയമസഭാ സമ്മേളനത്തില്‍ പോലും പങ്കെടുക്കാതെ ആഫ്രിക്കയില്‍ ഖനി നിക്ഷേപം നടത്താന്‍ പോയത് പ്രതിപക്ഷം വലിയ വിവാദമാക്കിയപ്പോഴും മുഖ്യമന്ത്രി സംരക്ഷണ കവചം തീര്‍ത്തു. എന്നിട്ട് അവസാനം അന്‍വര്‍ പാലു കൊടുത്ത കൈക്ക് തന്നെ തിരിച്ച് കൊത്തി. അതിന് അന്‍വറിന്റേതായ ന്യായങ്ങളുണ്ടാകാം. പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായതോടെ അന്‍വര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ പലകാര്യങ്ങളും നടക്കുന്നില്ല.
അതിന് മുന്‍പ് മലപ്പുറം ജില്ലയിലെ പൊലീസിനെ ഭരിച്ചിരുന്നത് അന്‍വറാണ്. കാര്യങ്ങള്‍ തന്റെ വഴിക്ക് നീങ്ങാതായതോടെ അന്‍വര്‍ ഇടഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുമായുളള ബന്ധം വഷളാക്കിയില്ല. ലോക് സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം വലിയ പരാജയം ഏറ്റുവാങ്ങുകയും മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാര്‍ട്ടിയിലും മുന്നണിയിലും വലിയ എതിര്‍പ്പുണ്ടാവുകയും അദ്ദേഹത്തിന് ആര്‍ എസ് എസ് ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുകയും ചെയ്തതോടെ സിപിഎമ്മിലെ ഒരു സംഘവും ചില വ്യവസായികളും മുഖ്യമന്ത്രിയെ മാറ്റാനുള്ള നീക്കം തുടങ്ങി. ഈ വ്യവസായികളൊക്കെ മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുള്ളവരും അദ്ദേഹത്തില്‍ നിന്ന് പലവിധ സഹായങ്ങളും സഹകരണങ്ങളും സ്വീകരിച്ചിട്ടുള്ളവരുമാണ്. അവരൊക്കെ ഭൂരിപക്ഷ സമുദായത്തില്‍ പെട്ടവരാണെന്നാണ് അഡ്വ. ജയശങ്കര്‍ പറയുന്നത്.
ഒരു പരിധിവിട്ട് ആരെയും സഹായിക്കാന്‍ തയാറാകാത്തയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അതുകൊണ്ടാണ് വ്യവസായി എംഎ യൂസഫ് അലിക്കെതിരെ പോലും ശക്തമായ നിലപാടെടുക്കാന്‍ അദ്ദേഹം തയാറായിട്ടുണ്ട്. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ ഒരു വാട് സ് ആപ് ചാറ്റില്‍ ഇക്കാര്യം പറയുന്നുണ്ട്. അങ്ങനെയുള്ള പിണറായി വിജയന്റെ മതേതര ഇമേജ് തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മറ്റെന്തൊക്കെയോ ലക്ഷ്യങ്ങളുണ്ട്. അദ്ദേഹത്തെ ആര്‍ എസ് എസിന്റെ കൂടാരത്തില്‍ കൊണ്ട് തളച്ചിടാന്‍ ശ്രമിക്കുന്നത് വിവേകമുള്ളവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്.
കാരണം വാടിക്കല്‍ രാമകൃഷ്ണന്‍ എന്ന ആര്‍ എസ് എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു പിണറായി വിജയന്‍. സംസ്ഥാനത്തെ ആദ്യത്തെ ആര്‍ എസ് എസ് -സിപിഎം പോര് തുടങ്ങുന്നത് അവിടെ നിന്നാണ്. അവിടെ നിന്നിങ്ങോട്ട് സംഘപരിവാറിനെതിരെ ശക്തമായ നിലപാടാണ് പിണറായി സ്വീകരിക്കുന്നത്.
ന്യൂനപക്ഷങ്ങള്‍ക്കെല്ലാം അക്കാര്യത്തില്‍ സിപിഎമ്മിനെയും പിണറായി വിജയനെയും വലിയ വിശ്വാസമാണ്. കോണ്‍ഗ്രസുകാരെ പോലെ പറഞ്ഞു പറ്റിക്കുന്ന പരിപാടി സിപിഎമ്മിനില്ല. ന്യൂനപക്ഷങ്ങളുടെ ന്യായമായ വിഷയങ്ങളില്‍ ഇടപെടുകയും അതിന് പരിഹാരം കാണുകയും ചെയ്യുന്ന പാര്‍ട്ടി സിപിഎം ആണെന്ന് ആ സമുദായത്തിലുള്ളവര്‍ പറയും. മയക്കുമരുന്ന് കേസുകളില്‍ കൂടുതലും അറസ്റ്റിലാകുന്നത് മുസ്ലീം സമുദായത്തില്‍ പെട്ടവരാണെന്ന് ബിജെപിയും ചില ക്രൈസ്തവ സഭാ നേതാക്കളും ആരോപിച്ചിരുന്നു.
കേസുകളുടെ കണക്കും അറസ്റ്റിലായവരുടെ പട്ടികയും പരിശോധിച്ച്, ആ വാദങ്ങളെ മുഖ്യമന്ത്രി പരസ്യമായി തള്ളിയിരുന്നു. അങ്ങനെയുള്ള ഒരാള്‍ മകള്‍ക്ക് വേണ്ടി ആര്‍ എസ് എസ് നേതാക്കളെ കാണാന്‍, എഡിജിപിയെ ദൂതനായി അയച്ചു എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. എംവി ഗോവിന്ദന്‍ മാഷ് പറഞ്ഞത് പോലെ, ആര്‍ എസ് എസ് നേതാക്കളെ കാണണം എന്നുണ്ടെങ്കില്‍ സിപിഎമ്മിന് നേരിട്ട് കണ്ടുകൂടേ. അല്ലെങ്കില്‍ കണ്ണൂരിലെ സിപിഎം-ആര്‍ എസ് എസ് സംഘര്‍ഷം അവസാനിപ്പിക്കാന്‍ മുന്‍കൈ എടുത്ത ശ്രീ എം വഴി മുഖ്യമന്ത്രിക്ക് നീക്കം നടത്തിക്കൂടേ, മുഖ്യമന്ത്രിയും എമ്മുമായി വളരെ അടുത്തബന്ധമാണുള്ളത്.
മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആര്‍ എസ് എസ് ബന്ധം അടക്കമുള്ള കാര്യങ്ങളില്‍ തെളിവുകള്‍ ഹാജരാക്കുന്നതിനോ, വ്യക്തത വരുത്താനോ ഉള്ള തെളിവുകള്‍ തന്റെ പക്കലില്ലെന്ന് പിവി അന്‍വര്‍ തന്നെ പറയുന്നു. അപ്പോഴത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനും ഉള്ള ശ്രമമാണ്. അതേസമയം മുഹമ്മദ് റിയാസിന് അമിത പ്രാധാന്യം നല്‍കുന്നു.
കോടിയേരി മരിച്ച ശേഷം വിലാപയാത്ര നടത്തിയില്ല തുടങ്ങിയ നിരവധി കാര്യങ്ങളില്‍ അന്‍വറിനോട് പാര്‍ട്ടിക്കാര്‍ യോജിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ അന്‍വറിന് കിട്ടുന്ന പിന്തുണ മുഖ്യമന്ത്രിക്ക് ഇല്ലാത്തത് അതുകൊണ്ടാണ്. മാത്രമല്ല, ഇത്രയും കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും അന്‍വറിനെ പരസ്യമായി തള്ളിപ്പറയാനും മുഖ്യമന്ത്രിക്ക് പിന്തുണ നല്‍കാനും എത്ര സിപിഎം നേതാക്കള്‍ മുന്നോട്ട് വന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്.
സ്വര്‍ണക്കടത്തിലടക്കം പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വസ്തുതകളുണ്ടെന്ന് മലപ്പുറത്തെ സാധാരണ സിപിഎമ്മുകാര്‍ പറയുന്നുണ്ട്. സ്വര്‍ണം പൊട്ടിക്കലും കടത്തും സംബന്ധിച്ച് തന്റെ പക്കലുളള വിവരങ്ങളുമായി ഹൈക്കോടതിയെ സമീപിക്കുമെന്നാണ് അന്‍വര്‍ പറയുന്നത്. അത് സര്‍ക്കാരിനെ എത്രത്തോളം പ്രതിരോധത്തിലാക്കുമെന്ന് നിലവില്‍ പറയാനാകില്ല. സിപിഎമ്മിലെ ചുരുക്കം ചില നേതാക്കളുടെ മക്കള്‍ക്ക് സ്വര്‍ണം പൊട്ടിക്കലുമായി ബന്ധമുണ്ടെന്ന ആരോപണം മുമ്പും ഉണ്ടായിട്ടുണ്ട്.
സിപിഎം സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ഈ വിഷയങ്ങളെല്ലാം അത് കൂടി ലക്ഷ്യമിട്ടുള്ളതാണ്. മെയ് ആറിന് പിവി അന്‍വര്‍ ഇട്ട ഫെയ് സ് ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രിക്ക് വലിയ പിന്തുണയാണ് നല്‍കിയിരുന്നത്. ബിജെപി ആരോപണത്തില്‍ അദ്ദേഹത്തിനെയും കുടുംബത്തെയും വേട്ടയാടാന്‍ ശ്രമിക്കുന്നുവെന്ന മറ്റൊരു പോസ്റ്റ് രണ്ട് ദിവസത്തിന് ശേഷം ഇട്ടു.
അഞ്ച് മാസം പിന്നിടാറാകുമ്പോഴേക്കും അന്‍വറിന് പിണറായി വിജയന്‍ അനഭിമതനായത് എങ്ങനെ? ഇതിനിടയില്‍ എന്താണ് നടന്നത്? അന്‍വറിന്റെ ഉദ്ദേശശുദ്ധിയില്‍ ആദ്യമേ സംശയമുണ്ടായിരുന്നുവെന്ന് പിണറായി വിജയന്‍ പറയുന്നു. അങ്ങനെയെങ്കില്‍ ആര്‍ക്ക് വേണ്ടിയാണ് അന്‍വര്‍ പിണറായിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്.
അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ക്കൊപ്പം ഈ ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം കണ്ടെത്തേണ്ടതുണ്ട്
#KeralaPolitics #IndianPolitics #Corruption #PinarayiVijayan #PVAnvar #CPI(M) #KeralaNews