Love | ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വരെ കാമുകനൊപ്പം; സ്ത്രീ മനസ്സിൻ്റെ രഹസ്യമെന്ത്? തിരിച്ചറിയാതെ പോകുന്ന പ്രണയത്തിന്റെ ചതിക്കുഴികൾ


● പ്രണയം ഇന്ന് ഒരുപാട് മാറിയിരിക്കുന്നു.
● കൂടുതൽ ഇരകളാകുന്നത് പെൺകുട്ടികളാണ്.
● എല്ലാ പുരുഷന്മാരും ഒരുപോലെയല്ല.
● ഇറങ്ങി തിരിക്കും മുമ്പ് ഒന്നൂടെ ഒന്ന് തിരിഞ്ഞു നോക്കുക.
കൂക്കാനം റഹ്‌മാൻ
(KVARTHA) പ്രണയം പവിത്രമായ കാലത്തിൽ നിന്നും, പ്രതികാരത്തിലേക്കും കൊലയിലേക്കും എത്തിപ്പെട്ടിരിക്കുന്നു. അതിനിപ്പോ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെയായിരിക്കുന്നു. എങ്കിലും കൂടുതലും വലയിലാകുന്നത് പെൺകുട്ടികൾ തന്നെയാണ്. പെൺകുട്ടികളെ സ്നേഹിച്ചാൽ അവളെ കൊല്ലാനുള്ള ലൈസൻസ് പുരുഷന് കിട്ടി എന്നാണർത്ഥം. അവളെ കല്യാണം കഴിച്ചാൽ കൊത്തി നുറുക്കി കൊന്ന് കഷണങ്ങളാക്കി മാറ്റാം. സ്ത്രീകൾ ദുർബ്ബലരായത് കൊണ്ടാണോ ഇങ്ങിനെ സംഭവിക്കുന്നത്?
വിവേചനമില്ലാതെ, പുരുഷ ചൂഷണത്തിന് സ്ത്രീകൾ വിധേയമാകുന്നതാണോ ഈ ക്രൂരത അനുഭവിക്കാൻ ഇടവരുന്നത്? അതോ സ്വന്തം എടുത്തു ചാട്ടത്തിന്റെ പരിണിത ഫലമോ. ഇനി പ്രണയത്തിന് ഏറെ വില കല്പിക്കുന്നതാണോ ഇവരുടെ തെറ്റ്. എന്തായാലും പുരുഷന്മാരെക്കുറിച്ച് സ്ത്രീകൾ ഇനിയും ഏറെ മനസ്സിലാക്കാനുണ്ട് എന്നാണ് തോന്നുന്നത്. എല്ലാ പുരുഷന്മാരും ഒരുപോലെ അല്ല. എങ്കിലും ആ ആട്ടിൻ കൂട്ടത്തിനിടയിലും ചില ചെന്നായ്ക്കൾ ഒളിഞ്ഞു കിടപ്പുണ്ട് എന്നത് സത്യം തന്നെയാണ്. അത് തിരിച്ചറിയാൻ പറ്റാത്തതാണ് പെൺകുട്ടികളുടെ ഏറ്റവും വലിയ വിഡ്ഢിത്തരമായി കണക്കാക്കേണ്ടത്.
മാതാപിതാക്കളെയും സഹോദരങ്ങളേയും പിന്തള്ളിക്കൊണ്ട് പ്രണയിച്ച പുരുഷൻ്റെ കൂടെ ഇറങ്ങിത്തിരിക്കുന്നത് അവിവേകപ്രവർത്തിയാണെന്ന് ഇവർ ധരിക്കാത്തതെന്താണ്. സ്നേഹം കുറുകി വരുമ്പോൾ ചിലപ്പോൾ കണ്ണു മഞ്ഞളിച്ചു പോകുന്നതാവാം. അതല്ലെങ്കിൽ പിന്നെ ഇന്നലെ കണ്ട ഒരുവന് വേണ്ടി, എല്ലാ ബന്ധങ്ങളെയും ആത്മസൗഹൃദങ്ങളെയും ഉപേക്ഷിച്ചു പോവുന്നതെങ്ങനെ. അത് കൗമാരത്തിന്റെ ചാപല്യമെന്ന് വെക്കാം. പക്ഷെ ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് ഇറങ്ങി പോകുന്ന വീട്ടമ്മമാരെ ഏത് ഗണത്തിൽ പെടുത്തും. അങ്ങനെ ഇറങ്ങിത്തിരിക്കാൻ ഇവർക്ക് ലജ്ജയും ഉളുപ്പുമില്ലാത്തതെന്തേ?
ഇത്തരം കാര്യങ്ങൾ ചിന്തിക്കുമ്പോൾ സ്ത്രീമനസ്സുകളുടെ തരളിതയാണ് കാരണമെന്ന് തോന്നുന്നു. കഴിഞ്ഞ ദിവസം 53 കാരിയായ ഭർത്താവും മക്കളുമുള്ള നല്ല സാമ്പത്തികശേഷിയുള്ള കുടുംബപശ്ചാത്തലത്തിൽ നിന്ന് പണ്ട് പത്താം തരത്തിൽ പഠിക്കുമ്പോൾ പ്രണയത്തിലായ ഓട്ടോറിക്ഷ ഡ്രൈവറുടെ കൂടെ ജീവിക്കാനിഷ്ടമെന്ന് കോടതിയിൽ മൊഴി കൊടുത്ത് അവൻ്റെ കൂടെ ഇറങ്ങി പോയി. ഹാ കഷ്ടം തോന്നുന്നു. ഒരു നിമിഷം അവർ സമൂഹത്തിനുമുന്നിൽ ചോദ്യചിഹ്നമാകാൻ പോകുന്ന അവരുടെ കുട്ടികളെക്കുറിച്ച് ഓർത്തിരുന്നെങ്കിൽ. അപമാനം ഭാരത്താൽ തലയുയർത്താൻ കഴിയാതെ, പിടയുന്ന ഭർത്താവിനെ ഓർത്തിരുന്നെങ്കിൽ, തീർച്ചയായും അവരതിന് മുതിരുമായിരുന്നില്ല.
പണ്ട് പ്രണയിച്ചത് ശരിതന്നെ. വർഷങ്ങൾ പലതും പിന്നിട്ടു. ഭർത്താവുമൊന്നിച്ചു ജീവിച്ചു. മക്കൾ പിറന്നു. എന്നിട്ടും പഴയ പ്രണയത്തിൻ്റെ മദോന്മത്തത വിട്ടുപോയില്ല. അവർക്ക് നാട്ടുകാരെ ഭയമില്ല; സമപ്രായക്കാരെ ഭയമില്ല, രക്ഷിതാക്കളെ പേടിയില്ല, കൂടെ പാർത്ത ആ ഭർത്താവിനെയും മക്കളെയും ഓർമ്മയില്ല. ഒരൊറ്റ ആഗ്രഹം മാത്രം പഴയ കാലം. മനസ്സിൽ താലോലിച്ചു നടന്ന കാമുകൻ്റെ കൂടെ പോകണം. അന്ന് പ്രണയകാലത്ത് പരസ്പരം പങ്കുവെച്ച പ്രണയസല്ലാപങ്ങൾ മനസ്സിൽ കൊത്തിവെച്ച പോലെ ഉണ്ടാവാം. പെട്ടെന്ന് വീണ്ടും കണ്ടുമുട്ടിയപ്പോൾ മനസ്സിൽ വിങ്ങലുണ്ടായിട്ടുണ്ടാവാം.
ഒന്ന് കാണണം പഴയതെല്ലാം അയവിറക്കണം, നടക്കാതെ പോയ പ്രണയമധുര പ്രവർത്തനങ്ങൾ നടത്തി സായൂജ്യമടയണം. ഇതിനപ്പുറമൊന്നും ആസ്ത്രീയുടെ ചിന്തയിൽ കയറി വന്നിട്ടുണ്ടാവില്ല. മാസങ്ങൾക്കകം യാഥാർത്ഥ്യം തിരിച്ചറിയും. അപ്പോഴേക്കും എല്ലാം കീഴ്മേൽ മറിഞ്ഞു പോയിട്ടുണ്ടാവും. നാട്ടുനടപ്പനുസരിച്ച് രണ്ടു പേരും ഒപ്പം ജീവിതം അവസാനിപ്പിക്കും. തൻ്റെ ജീവിതത്തിന് തടസ്സമായി നിൽക്കുന്നു എന്ന് അയാൾക്ക് ബോധ്യമായാൽ അവളെ ഇല്ലാതാക്കിക്കളയുകയുമാവാം. സംഭവിക്കാൻ പോകുന്നത് എന്തായാലും വീണ്ടും ദുരന്തത്തിൽ കലാശിക്കാതിരിക്കട്ടെ. പ്രിയപ്പെട്ട സഹോദരിമാരെ ഇറങ്ങി തിരിക്കും മുമ്പ് ഒന്നൂടെ ഒന്ന് തിരിഞ്ഞു നോക്കുക. ആ നോട്ടം നല്ലതിനാവട്ടെ.
ഇനി മറ്റൊരു അനുഭവം കുറിക്കാം. എല്ലാ പെൺകുട്ടികളേയും പോലെ അവളും ഒരു പുരുഷൻ്റെ സ്നേഹവാക്കുകൾക്ക് അടിമപെട്ടു പോയി. അച്ഛനും അമ്മയും സർക്കാർ ഉദ്യോഗസ്ഥർ. ഏക സഹോദരിയും ഉദ്യോഗസ്ഥ തന്നെ. സുഖസന്തോഷത്തോടെ ജീവിച്ചു വരുന്ന അവസ്ഥ. അതിനിടയിലാണ് പ്രണയമെന്ന മായിക വലയത്തിൽ അവൾ പെട്ടു പോകുന്നത്. വർഷങ്ങൾ നീണ്ടുനിന്ന കണ്ടുമുട്ടലുകളും സ്നേഹസംഭാഷണങ്ങളും, കൊടുക്കൽ വാങ്ങലുകളും രഹസ്യമായി നടന്നു. ആളകട്ടെ കാണാൻ കാണാൻ സുന്ദരനും. നാട്ടുകാരെല്ലാം 'നല്ല ചെറുപ്പക്കാരൻ' എന്ന സർട്ടിഫിക്കറ്റ് നൽകിയിട്ടുമുണ്ട്. പിന്നെന്തിന് ഭയക്കണമെന്ന ചിന്ത ഉടലെടുത്തു കാണും.
പിന്നെ സ്വകാര്യമായി അല്പം ലഹരി ഉപയോഗമുണ്ട്. അക്കാര്യം അവൾക്കറിയാവുന്നതുമാണ്. ഈ ഒരു കാരണം വെച്ച് അവനെ ഉപേക്ഷിക്കാൻ അവളുടെ മനസ്സ് അനുവദിച്ചില്ല. അവസാനം അവൾ ഇക്കാര്യം വീട്ടിൽ അറിയിച്ചു. അച്ഛനും അമ്മയും എതിർത്തു. അവനുമായുള്ള ബന്ധം വേണ്ടെന്ന് അവർ ശഠിച്ചു. അവൻ്റെ സ്വഭാവത്തെക്കുറിച്ച് അവർക്കറിയാമായിരുന്നു. പക്ഷേ അവനെ മാത്രമെ ഞാൻ ജീവിത പങ്കാളിയാക്കുകയുള്ളുവെന്ന് അവൾ വാശി പിടിച്ചു. അതിന് മുന്നിൽ മാതാപിതാക്കൾ മുട്ടുമടക്കി. അവന് അവളെ വിവാഹം ചെയ്തു കൊടുത്തു. പോലീസുകാരിയായ അവൾ അയാളുടെ വലയിൽ വീണു എന്ന് തിരിച്ചറിഞ്ഞ അവൻ സാമ്പത്തിക സഹായം ആവശ്യപ്പെടാൻ തുടങ്ങി.
ബൈക്ക് വാങ്ങാനും കാറ് വാങ്ങാനുമൊക്കെ കാശ് ആവശ്യപ്പെട്ടു കൊണ്ട് അവളെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. അവളുടെ ആവശ്യത്തിനു മുന്നിൽ അച്ഛനും അമ്മയും നിസ്സഹായരായി നിന്നു അത് കൊടുക്കുകയും ചെയ്തു. മകളുടെ ആവശ്യമല്ലേയെന്ന് കരുതി സാമ്പത്തികമായി സഹായം ചെയ്യാൻ അവരും തയ്യാറായി. അതിനിടയിൽ അവർക്ക് ഒരു മകനുമുണ്ടായി. വൈകാതെ അവൻ്റെ തനിസ്വഭാവം പുറത്തുവരാൻ തുടങ്ങി. ഒരു പണിയും ചെയ്യില്ല. എന്നും ജോളിയടിച്ചു നടക്കണം. അതിന് അവൾ പണം കണ്ടെത്തി കൊടുക്കണം. അത് സ്ഥിരമായപ്പോൾ ആവശ്യം അവൾ നിഷേധിക്കാൻ തുടങ്ങി. അതോടെ ശാരീരിക പീഡനം തുടങ്ങി.
ആദ്യകാലത്തെ പ്രണയത്തെ അവൾ ശപിക്കാൻ തുടങ്ങി. എങ്ങിനെയെങ്കിലും അവൻ്റെ ശല്യത്തിൽ നിന്ന് രക്ഷപ്പെടണം എന്നവൾ ആശിച്ചു. അവൻ വിട്ടുപോകുന്ന ലക്ഷണമില്ലെന്ന് ഉറപ്പായിരുന്നു. അത്രയും കാലം പ്രണയിച്ചു നടന്നിട്ടും അവനെ മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ എന്നവൾ നിരാശപ്പെട്ടു. പറഞ്ഞ വാക്കുകളും ശപഥങ്ങളും അവൻ മറന്നുപോയതെന്തേയെന്ന ചിന്ത അവളെ തകർത്തു. പോലീസുകാരിയെന്ന നിലയിൽ നിയമനടപടികളെക്കുറിച്ച് അവൾക്ക് അറിയാമായിരുന്നു. വിവാഹമോചനമേ രക്ഷയുള്ളു എന്നവൾ ഉറപ്പിച്ചു. കോടതിയിൽ കേസുകൊടുത്തു. രണ്ടു പേരെയും രമ്യതയിലെത്തിക്കാൻ കോടതിയിലും ശ്രമം നടന്നു. അവൻ്റെ സ്വഭാവത്തിൽ മാറ്റം വരില്ലെന്ന് അവൾ ഉറപ്പുള്ളത് കൊണ്ട് വിവാഹമോചനം നടത്തിയേതീരൂ എന്ന തീരുമാനത്തിൽ അവൾ ഉറച്ചു നിന്നു.
അന്ന് അവൾ ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയതേയുള്ളു. മകൻ ഗ്രൗണ്ടിൽ കളിക്കാൻ പോയിരിക്കയാണ്. അടുത്ത ദിവസം ഡ്യൂട്ടിക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അവൾ. ഇനിയവൾ എങ്ങിനെയും തന്റെ കൂടെ ജീവിക്കാൻ തയ്യാറല്ലെന്ന ചിന്ത അവനെ അസ്വസ്ഥനാക്കി. തന്നെ തിരസ്കരിച്ചതിലുള്ള വാശിയും വൈരാഗ്യവും അവനെ ഭ്രാന്ത് പിടിപ്പിച്ചു. അവൻ വീട്ടിലെത്തി. വാതിൽ തള്ളിത്തുറന്നു. അടുക്കളയിൽ എന്തോ പണി ചെയ്തു കൊണ്ടിരിക്കുന്ന അവളുടെ ദേഹത്തേക്ക് കയ്യിൽ കരുതിയ പെട്രോൾ ഒഴിക്കാൻ ശ്രമിച്ചു.
പ്രാണരക്ഷാർത്ഥം അവൾ പുറത്തേക്കോടി. പക്ഷെ രക്ഷയില്ലായിരുന്നു. പിന്നാലെയെത്തിയ അവൻ അവളെ കത്തികൊണ്ട് തലങ്ങും വിലങ്ങും വെട്ടിനുറുക്കി. നെഞ്ചിലും കഴുത്തിലും കൈത്തണ്ടയിലും ആഴത്തിലുള്ള മുറിവ്. സ്വന്തം വീട്ടുമുറ്റത്ത് സ്വന്തം പുരുഷന്റെ കയ്യാലെ അവൾ പിടഞ്ഞു മരിച്ചു. അവളൊരു പോലീസുകാരിയായിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും കാവലാവേണ്ടവൾ. എന്നിട്ടവൾക്ക് കിട്ടിയ പ്രണയം നൽകിയ സമ്മാനമോ? വീഡിയോ വിളിച്ചുവരുത്തിയതോ രണ്ടായാലും നഷ്ടം അവർക്ക് മാത്രമായിരുന്നു.
ഈ ലേഖനം പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
Love leading to murder and revenge: the complex emotional traps that women fall into, leaving their families for fleeting desires and ultimately ending in tragedy.
#LoveTraps #Crime #Murder #KillerLove #WomenInDanger #RelationshipTraps