Analysis | ചിരിയിലൂടെ പറഞ്ഞ സത്യങ്ങൾ; 'പഞ്ചവടി പാലം' ആസ്വാദനത്തിന്റെ പുത്തൻ പാലം
* ചിത്രം ആക്ഷേപഹാസ്യത്തിന്റെ പുതിയൊരു മാനം തന്നെ മലയാള സിനിമയ്ക്ക് സമ്മാനിച്ചു.
മൂസ ബാസിത്ത്
(KVARTHA) മലയാള സിനിമയ്ക്ക് വ്യത്യസ്തകൾ സമ്മാനിച്ച ക്രാഫ്റ്റ്മാൻ കെ ജെ ജോർജ്. ഓരോ സിനിമയും ഓരോ പ്രമേയങ്ങൾ, ഒരിക്കലും ഓരോ റൂട്ടിൽ സഞ്ചരിക്കാതെ പുതുമകൾ തേടി, മലയാള സിനിമ പ്രേക്ഷകരെ വിസ്മയിപ്പിച്ച കെ ജേ ജോർജും അദ്ദേഹത്തിന്റെ കലാ സൃഷ്ടികളും സിനിമയെ കുറിച്ച് പഠിക്കുന്നവർക്ക് സിലബസായി മാറിയതിൽ അത്ഭുതപ്പെടാനില്ല.
ആക്ഷേപ ഹാസ്യ മേഖല മലയാള സിനിമയിലെ ഒഴിച്ചു നിർത്താനാവാത്ത ശാഖ തന്നെയാണ് ഇന്നും, സമകാലിക വിഷയങ്ങളിൽ കത്തി നിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ സിനിമയിൽ ഇതിവൃത്തമായി വരാറുണ്ട്, ചിലതൊക്കെ കൊള്ളേണ്ടിടത് കൊള്ളാറുമുണ്ട്. ആക്ഷേപ ഹാസ്യ സിനിമകളിൽ ലിസ്റ്റെടുത്താൽ മുൻ നിരയിൽ തന്നെയുണ്ടാവും പഞ്ചവടി പാലവും സത്യൻ അന്തിക്കാടിന്റെ സന്ദേശവും.
സന്ദേശം ചാനലുകളിലെ ആക്ഷേപ ഹാസ്യ പ്രോഗ്രാമുകളിലും ട്രോൾ മീമുകളിലും നിറഞ്ഞു നിന്നപ്പോൾ ആ സ്വീകാര്യത പഞ്ചവടി പാലത്തിന് ലഭിച്ചോ എന്ന കാര്യം സംശയമാണ്. കലാമൂല്യമുള്ള സിനിമകൾ റീ റിലീസ് ചെയ്യുന്ന പുതിയ കാലത്ത് ഈ സിനിമയും പരിഗണിക്കപ്പെടുകയാണെങ്കിൽ ഓരോ സീനും ഫ്രഷ് പോലെ പ്രേക്ഷകർ ആസ്വദിക്കും എന്ന കാര്യത്തിൽ സംശയമില്ല.
'സഭയിൽ ഇല്ലാത്ത ഭർത്താവിനെ കുറിച്ച് അനാവശ്യം പറയരുത്', 'ഞാൻ ഇവിടെയുണ്ടേ', 'അയാളുടെ ഛർദ്ദലിന്റെ അവിശിഷ്ടങ്ങൾ ഇപ്പോഴും ആ പാലത്തിന്റെ ഇരിമ്പഴികളിൽ പറ്റി പിടിച്ചിരിപ്പുണ്ട്', 'അത് കഴുകി കളയാൻ ഉടനെ വേണ്ട ഏർപ്പാട് ചെയ്യും'.... പഞ്ചായത്ത് പ്രസിഡണ്ടിന്റെ ദശവത്സര പൂർത്തി ആഘോഷവും, ദുഷാസന കുറപ്പും പിള്ളേച്ചനും റാഹേലയും കൂട്ടരും ജനഗുണ പാർട്ടിയും പരിവാരങ്ങളും ചിരിയുടെ മാല പടക്കം തീർത്ത, മലയാള സിനിമയിലെ അതുല്യ പ്രതിഭകൾ മനോഹരമാക്കിയ എത്രയെത്ര രംഗങ്ങൾ.
നോട്ടീസിൽ പേരും പോസ്റ്ററിൽ പടവും അച്ചടിച്ച് ഉദ്ഘാടന സമയം മറന്ന് 'പൗര പ്രമുഖരുടെ ' സൽക്കാരം സ്വീകരിച്ചു സംഘാടകരെ സങ്കടത്തിലാക്കുന്ന കാഴ്ച്ചയും ഇന്നും പുതു പുത്തൻ തന്നെ. അതേ പഞ്ചവടി പാലം ഇന്നും സ്ട്രോങ്ങാണ്.
കാലത്തിനപ്പുറം നിലനിൽക്കുന്ന ചിരി
പഞ്ചവടി പാലം ഒരു സിനിമാ വിശകലനത്തിന് വിധേയമാക്കാവുന്നത്ര സമ്പന്നമാണ്. കെ ജി ജോർജ്ജ് സംവിധാനം ചെയ്ത ഈ ചിത്രം ആക്ഷേപഹാസ്യത്തിന്റെ പുതിയൊരു മാനം തന്നെ മലയാള സിനിമയ്ക്ക് സമ്മാനിച്ചു. സമകാലിക രാഷ്ട്രീയത്തെ പരിഹസിക്കുന്നതിൽ വളരെ മികച്ചൊരു പ്രവർത്തനം തന്നെയാണ് പഞ്ചവടി പാലം നടത്തിയിരിക്കുന്നത്.
ചിത്രത്തിലെ പല രംഗങ്ങളും സംഭാഷണങ്ങളും ഇന്നും നമ്മുടെ സമൂഹത്തിലെ ചില പ്രശ്നങ്ങളെ പ്രതിഫലിപ്പിക്കുന്നു. രാഷ്ട്രീയ നേതാക്കളുടെ അധികാര ദുരുപയോഗം, വ്യാജേന പ്രശസ്തി നേടാൻ ശ്രമിക്കുന്നവർ, സമൂഹത്തിലെ വിവിധ തട്ടിപ്പുകാർ എന്നിവരെല്ലാം ചിത്രത്തിൽ വ്യംഗ്യമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.
പഞ്ചവടി പാലം രസകരമായ ആക്ഷേപഹാസ്യം മാത്രമല്ല, സമൂഹത്തിലെ വിവിധ പ്രശ്നങ്ങളെക്കുറിച്ചുള്ള ഒരു സൂക്ഷ്മമായ വിമർശനം കൂടിയാണ്. ചിത്രത്തിലെ കഥാപാത്രങ്ങളും സംഭവങ്ങളും നമ്മുടെ ചുറ്റുപാടിൽ നടക്കുന്ന നിരവധി സംഭവങ്ങളുടെ ഒരു കണ്ണാടിയായി പ്രവർത്തിക്കുന്നു. രാഷ്ട്രീയം, സാമൂഹിക ജീവിതം, മനുഷ്യബന്ധങ്ങൾ എന്നിവയെല്ലാം ചിത്രത്തിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. കെ.ജി. ജോർജ്ജ് തന്റെ സിനിമയിലൂടെ സമൂഹത്തെ ചിന്തിപ്പിക്കാനും പ്രതികരിക്കാനും പ്രേരിപ്പിക്കുന്നു.
പഞ്ചവടി പാലം എന്ന പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷവും പ്രേക്ഷകർക്ക് പുതുമയോടെ തോന്നുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? അതിന് ഉത്തരം, ചിത്രത്തിലെ പ്രമേയങ്ങളുടെ സമകാലിക പ്രസക്തിയാണ്. സമൂഹത്തിലെ ചില പ്രശ്നങ്ങൾ കാലക്രമേണ മാറിയേക്കാം, എന്നാൽ മനുഷ്യസ്വഭാവത്തിലെ ചില അപൂർണതകൾ എന്നും നിലനിൽക്കും. പഞ്ചവടി പാലം ചിത്രീകരിക്കുന്ന അത്തരം അപൂർണതകളാണ് ചിത്രത്തെ കാലത്തിനപ്പുറം നിലനിർത്തുന്നത്.
#MalayalamCinema #PanchavadiPalam #KGGeorge #Satire #ClassicMovies #IndianCinema #FilmAnalysis