Nostalgia | വില ഒരണ, മാസ വരിസംഖ്യ രണ്ട് രൂപ! പത്രങ്ങളോടൊപ്പമുള്ള ജീവിതം, അന്നും ഇന്നും
കൂക്കാനം റഹ്‌മാൻ
അക്ഷര വെളിച്ചവുമായി നടന്ന ഒരധ്യാപകൻ്റെ ജന്മം - ഭാഗം 19
(KVARTHA) പ്രൈമറി ക്ലാസിൽ പഠിക്കുമ്പോഴെ ദിനപത്രങ്ങളോട് ഇഷ്ടമായിരുന്നു. അമ്മാമന്റെ കടയിൽ എന്നും 'ദേശാഭിമാനി' പത്രം വരുത്തും (1957-62). സ്കൂളിലേക്ക് പത്രവാർത്ത എഴുതിക്കൊണ്ടുവരാൻ പറയും. അന്ന് വാർത്തയുടെ പ്രാധാന്യമൊന്നുമറിയില്ല. വെണ്ടയ്കാ തലക്കെട്ടിൽ വരുന്ന വാർത്ത പകർത്തി എഴുതിക്കൊണ്ടുപോകും. അത് വായിക്കും. എന്നെ ഒന്നാം ക്ലാസുമുതൽ ഏഴാം ക്ലാസുവരെ പഠിപ്പിച്ച കുമാരൻ മാഷ് ഇന്നും ജീവിച്ചിരിപ്പുണ്ട്. സ്കൂൾ വിട്ടു വന്നാൽ അദ്ദേഹം പത്രം വായിക്കാൻ പീടികയിലേക്ക് വരും. അക്കാലത്ത് പത്രം വീട്ടിലേക്ക് വരുത്താനുള്ള പാങ്ങ് മാഷന്മാർക്ക് ഉണ്ടായിരുന്നില്ല. പത്രം വായിക്കാൻ കുമാരൻ മാഷ് വന്നാൽ എനിക്കൊരു ഗമയാണ്.
അന്ന് പത്രത്തിന് വില ഒരണയാണെന്നാണ് ഓർമ്മ (6 നയാ പൈസ). മാസ വരിസംഖ്യ രണ്ട് രൂപയാണ്. ദേശാഭിമാനി പത്രം കക്ഷത്തിലിറുക്കി കുഞ്ഞമ്പുവേട്ടൻ പീടികയിൽ എത്തിച്ചത് ഓർമ്മയുണ്ട്. അവിടുന്നും കുറേവർഷം കഴിഞ്ഞപ്പോഴാണ് മാതൃഭൂമിയും മലയാളമനോരമ പത്രവും വരാൻ തുടങ്ങിയത്. അന്ന് നാല് പേജ് മാത്രമെ ഉണ്ടായിരുന്നുള്ളു പത്രങ്ങൾക്ക്. ഇന്ന് കാണുന്ന പോലെ മടുപ്പുണ്ടാക്കുന്ന പരസ്യങ്ങളൊന്നുമില്ല. വളരെ കുറച്ചു മാത്രം പരസ്യങ്ങളേ കാണൂ. പ്രീഡിഗ്രി കഴിഞ്ഞ് വെറുതെയിരിക്കുന്ന കാലം. അക്കാലത്തും കൂടെ നടക്കാനും കളിക്കാനും നിരവധി സുഹൃത്തുക്കളുണ്ട്. കലാ സമിതി രൂപീകരിച്ചു നാടകം കളിക്കാൻ വാർഷികാഘോഷം നടത്തും.
വൈകുന്നേരമായാൽ ഈവനിംഗ് നടത്തമുണ്ട്. കുറുവൻ കുന്നിലേക്ക് നടക്കാൻ കാതൃ, ഗോവിന്ദൻ എന്നിവർ ഉണ്ടാകും. ചിലപ്പോൾ നടത്തം കരിവെള്ളൂരിലേക്കായിരിക്കും. ബസാറിലുള്ള ഉഡുപ്പി ഹോട്ടലിലെ സ്വാമിയുടെ മസാല ദോശ തിന്നലാണ് പ്രധാന ഉദ്ദേശം. 1968 ൽ മസാല ദോശക്ക് 50 പൈസ എന്നാണോർമ. ഒരു മസാല ദോശയും ചായയും കുടിച്ചാൽ വയറുനിറയും. അതിനുള്ള കാശ് എങ്ങിനെയെങ്കിലും തട്ടിക്കൂട്ടി ഉണ്ടാക്കും. അതും കഴിഞ്ഞ് ബസാറിലൂടെ നടക്കുമ്പോൾ മനോരമ ഏജൻ്റ് തായി ഗോവിന്ദൻ അദ്ദേഹത്തിൻ്റെ പീടികയിലേക്ക് വിളിക്കും. പത്ര ഏജൻസിക്കൊപ്പം സ്റ്റേഷനറി കടയും അദ്ദേഹം നടത്തിയിരുന്നു. ഞാനും ഇന്നത്തെ ഡോ. എ.വി. ഭരതനും, ഹബീബ് റഹ് മാനും, ഗോവിന്ദനും അവിടേക്ക് ചെല്ലും.
നാട്ടുകാര്യങ്ങളൊക്കെ പറയുന്ന കൂട്ടത്തിൽ മനോരമ ബാലജനസംഖ്യം കരിവെള്ളൂരിൽ രൂപീകരിക്കണമെന്ന നിർദ്ദേശം അദ്ദേഹം വെച്ചു. (കഴിഞ്ഞ ദിവസം ബേക്കൽ റെഡ് മൂൺ ഓഡിറ്റോറിയത്തിൽ നടന്ന ഏവൺ ക്ലബ്ബ് കുടുംബ സംഗമത്തിൽ എത്തിച്ചേർന്ന ഡോ. എ വി ഭരതനോട് ആറ് പതിറ്റാണ്ടിന് മുമ്പ് ഉണ്ടായ സംഭവത്തെക്കുറിച്ചു ഓർമ്മ പുതുക്കി). ഗോവിന്ദേട്ടൻ ഒരു കാര്യവും കൂടി മുന്നോട്ട് വെച്ചു. 'കൂക്കാനത്തും സമീപപ്രദേശങ്ങളിലും മനോരമപത്രം വിതരണം ചെയ്യാൻ റഹ് മാന് പറ്റുമോ? നല്ല കമ്മീഷൻ കിട്ടും'.
'നോക്കാം', 'ആദ്യഘട്ടത്തിൽ ഇരുപത് പത്രം വിതരണം ചെയ്ത് നോക്കൂ', അങ്ങിനെ കൂക്കാനത്തെ മനോരമ പത്രവിതരണത്തിൻ്റെ ചുമതല ഞാൻ ഏറ്റെടുത്തു. എന്നെ സഹായിക്കാൻ കൗസല്യ ടീച്ചറുടെ മകൻ രവിയും തയ്യാറായി. രാവിലെ കരിവെള്ളൂരിലേക്ക് നടന്നു പോയി പത്രം എടുത്തു കൊണ്ടുവരണം. വീട്ടുകൾ തോറും നടന്നു തന്നെ പത്രം എത്തിക്കണം. ആദ്യത്തെ മാസം വരിക്കാരെല്ലാം പൈസ തന്നു. കമ്മീഷൻ കിട്ടിയത് രവിക്ക് കൊടുത്തു.
അടുത്ത മാസം പത്ത് പത്രം കൂടി വർദ്ധിപ്പിച്ചു. സംഭവം എല്ലാവരും അറിഞ്ഞു. മാസാവസാനം തുക പിരിക്കാൻ പോയപ്പോൾ കുറച്ചു പേരെ തന്നുള്ളു. മനോരമ പത്രമല്ലേ പണം തരാൻ കഴിയില്ലയെന്നു തന്നെ ചിലർ പ്രതികരിച്ചു. കിട്ടിയ പണം രവിയുടെ കയ്യിൽ നിന്ന് ചെലവാവുകയും ചെയ്തു. എവിടുന്നൊക്കെയോ കടം വാങ്ങി ഗോവിന്ദേട്ടന് തുകകൊടുത്തു അതോടെ പത്രവിതരണം നിർത്തി.
കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ 1982 ലാണെന്നാണ് ഓർമ്മ. 'കേരള കൗമുദി' പത്രത്തിൻ്റെ പ്രതിനിധി എന്നെ വന്നു കാണുന്നു. എന്നെക്കുറിച്ച് എന്തൊക്കെയോ പുകഴ്ത്തി പറഞ്ഞു. 'നല്ല ബഹുജന ബന്ധമുള്ള വ്യക്തിയാണെന്നറിഞ്ഞാണ് ഞാൻ വന്നത്. കേരളകൗമുദിയുടെ കരിവെള്ളൂർ ഏജൻ്റായി നിങ്ങൾ നിൽക്കണം'. 'ഞാൻ സർക്കാർ ജീവനക്കാരനാണ്, അതുകൊണ്ട് ഏജൻ്റാവാൻ എനിക്കു പറ്റില്ല', ഞാൻ പറഞ്ഞു.
'ഏജൻസി ഭാര്യയുടെ പേരിലാക്കാം', എന്ന നിർദേശത്തിൽ ഞാൻ വീണു. അവൾ ജോലിയൊന്നും ഇല്ലാതെ നിൽക്കുകയാണല്ലോ. 'എന്നാൽ നോക്കാം', ഞാൻ പറഞ്ഞു.
വരിക്കാരെ കണ്ടെത്തണം. വീടുകൾ സന്ദർശിക്കണം. കരിവെളളൂരിൽ പാർട്ടി പത്രം വ്യാപകമാണ്. ബാക്കി വീടുകളിൽ മാതൃഭൂമിയും മനോരമയും ഉണ്ട്. ആദ്യം 50 പേരെ കണ്ടെത്തി. വിതരണത്തിന് എൻ്റെ അടുത്ത സുഹൃത്തും സഹായിയുമായ ജനാർദ്ദനനെ ചുമതലപ്പെടുത്തി. കൃത്യമായി വിതരണം നടത്തി. വരിക്കാരുടെ എണ്ണം വർദ്ധിച്ചു. 120 കോപ്പിയിലെത്തി. ലഭിക്കുന്ന കമ്മീഷൻ മുഴുവനും ജനാർദ്ദനന് നൽകി. തൊഴിലുന്നുമില്ലാതെ ബുദ്ധിമുട്ടുന്ന വ്യക്തിയാണ്. കമ്മീഷൻ്റെ പത്ത് ശതമാനം കമ്പനി ഏജൻ്റിൻ്റെ പേരിൽ പിടിച്ചു വെക്കും. വർഷങ്ങൾ പലതു കഴിഞ്ഞു. വരിക്കാർ വർദ്ധിച്ചു.
കൃത്യമായി തുക അടക്കുന്നതിൽ ജനാർദ്ദനൻ വീഴ്ച വരുത്തി. ഏജൻ്റിൻ്റെ പേരിൽ പിടിച്ചു വെച്ച തുക കമ്പനി പിൻവലിച്ചു വീഴ്ച വരുത്തിയ തുക എടുത്തു. ആകാലത്ത് കൗമുദി പത്രത്തിൻ്റെ റിപ്പോർട്ടറായി എന്നെ വെച്ചു. കരിവെള്ളൂരും ചുറ്റുപാടും നടക്കുന്ന വാർത്താ കുറിപ്പുകളും ഫോട്ടോകളും തപാലിൽ അയച്ചു കൊടുക്കും. സംഭവം കഴിഞ്ഞ് നാലഞ്ച് ദിവസം കഴിഞ്ഞാലെ വാർത്ത വരൂ. അങ്ങിനെ പ്രസിദ്ധീകരിച്ച വാർത്തകളുടെയും ഫോട്ടോകളുടേയും കട്ടിംഗ് എടുത്ത് രണ്ടോ മൂന്നോ മാസം കൂടുമ്പോൾ കോഴിക്കോട് കൗമുദി ഓഫീസിൽ കൊണ്ടുക്കൊടുക്കണം. അതിന് ഒരു തുക കണക്കാക്കി ചെക്കു തരും.
കൗമുദി ഏജൻ്റായി ജനാർദനനെ തന്നെ നിശ്ചയിച്ചു. അവന് വേറൊരു ജോലി കിട്ടിയപ്പോൾ ഏജൻസി പണി നിർത്തി. എങ്കിലും ഇപ്പോഴും അവനെ അറിയപ്പെടുന്നത് 'കൗമുദി ജനാർദ്ദനൻ' എന്നാണ്. ഇതേ പോലെ കാഞ്ഞങ്ങാട് നിന്ന് പ്രസിദ്ധീകരിക്കുന്ന 'ലേറ്റസ്റ്റ്' സായാഹ്ന പത്രത്തിൻ്റെ വിതരണം കരിവെള്ളൂരിൽ നടത്താമോയെന്ന് ലേറ്റസ്റ്റ് പത്രത്തിൻ്റെ എഡിറ്ററും എൻ്റെ സുഹൃത്തുമായ അരവിന്ദൻ മാണിക്കോത്ത് എന്നോട് അന്വേഷിച്ചു. അക്കാലത്ത് സായാഹ്ന പത്രത്തോട് നാട്ടുകാർക്ക് നല്ല മമതയായിരുന്നു. എൻ്റെ വിദ്യാർത്ഥിയായിരുന്ന ചന്ദ്രനെ പത്രത്തിൻ്റെ വിതരണക്കാരനായും പിന്നീട് ഏജൻ്റായും നിശ്ചയിച്ചു. ദിനേന നൂറോളം കോപ്പികൾ വിതരണം ചെയ്യാൻ പറ്റിയിരുന്നു. ക്രമേണ ചന്ദ്രൻ അതിൽ നിന്ന് പിന്മാറി. ഇപ്പോഴും ചന്ദ്രനെ അറിയപ്പെടുന്നത് ലേറ്റസ്റ്റ് ചന്ദ്രൻ എന്നാണ്.
പത്രത്തോടുള്ള കമ്പം മൂലം വിതരണക്കാരനായും, ഏജൻ്റെയും റിപ്പോർട്ടറായും പ്രവർത്തിച്ചിരുന്നു. ഇതോടൊപ്പം തന്നെ ദേശാഭിമാനി, കേരള കൗമുദി, ചന്ദ്രിക, മാധ്യമം എന്നീ പത്രങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതാനും സാധ്യമായിട്ടുണ്ട്.