75ന്റെ യൗവ്വനത്തില്‍ ഈ സ്വരസാഗരം

 


ADVERTISEMENT

എച്ച്.എം ലബ്ബ 

(www.kvartha.com 10/01/2015) മലയാളത്തിന് ചന്ദനലേപ സുഗന്ധം ചാര്‍ത്തിയ സംഗീത മധുരിമക്ക് 75 വയസ്. ഓണവും വിഷുവും പോലെ മലയാളിയുടെ ബ്രാന്റ് നാമമാണ് യേശുദാസും ആ ഗന്ധര്‍വ നാദവും. ചലച്ചിത്ര സംഗീതവുമായി യേശുദാസ് അമരസല്ലാപം ആരംഭിച്ചിട്ട് 53 വര്‍ഷം. മലയാളിയുടെ മാതൃത്വവും പ്രണയവും വിരഹവും ആര്‍ദ്രതയും എല്ലാം ഈ സ്വരസാഗരത്തിലുണ്ട്. പൂച്ചെണ്ടും കല്ലേറും ഒരു പോലെ ഏറ്റിട്ടും കേരളത്തിന്റെ സാമൂഹ്യ ജീവിതത്തില്‍ യേശുദാസിന്റെ പ്രതികരണം ഇന്നും വേറിട്ടു നില്‍ക്കുന്നു. ഇളം തെന്നലായും വീശിയടിക്കുന്ന കൊടുങ്കാറ്റായുമൊക്കെ. ഏറ്റവും ഒടുവില്‍ സ്ത്രീകളുടെ ജീ്ന്‍സ് വിവാദം വരെ ദാസേട്ടന് നേടിക്കൊടുത്തത് അഭിനന്ദനവും വിമര്‍ശനവും.

1960കളിലെ ഒരു നാളില്‍ തിരുവനന്തപുരം ആകാശവാണി നിലയത്തിലേക്ക് ഫോര്‍ട്ടു കൊച്ചിക്കാരന്‍ യേശുദാസ് കടന്നു ചെന്നു. സംഗീത അക്കാദമിയില്‍ നിന്നും നേടിയ ഗാനഭൂഷണം സര്‍ട്ടിഫിക്കറ്റുമുണ്ടായിരുന്നു കൈയില്‍. എന്നാല്‍ സംഗീതത്തിലെ സവര്‍ണ പ്രമാണിമാരുടെ വിധിന്യായം കൃസ്ത്യാനിയായ യേശുദാസിന് എതിരായിരുന്നു. ശബ്ദം ആകാശവാണിക്ക് പറ്റിയതല്ലെന്ന് അവര്‍ വിധിയെഴുതി.

പക്ഷെ യേശുദാസിന് കാലം മറ്റൊന്നു കരുതി വെച്ചിരുന്നു. സ്വരലോകത്തെ ഗന്ധര്‍വ സ്ഥാനം. 1961 നവംബര്‍ 14ന് യേശുദാസിന്റെ ആദ്യഗാനം മലയാള തിരശീലക്കായി മുഴങ്ങി. കെ. എസ്. ആന്റണിയുടെ കാല്‍പ്പാടുകള്‍' എന്ന സിനിമയില്‍ ജാതിഭേദം മതദ്വേഷം' എന്ന ഗുരുദേവകീര്‍ത്തനം പാടി ദാസ് ചലച്ചിത്ര സംഗീതത്തിന്റെ മായാജാലക വാതില്‍ തുറന്നെത്തി. ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റിക്കോഡിംഗ്്. സംഗീത സംവിധാനം എം. ബി. ശ്രീനിവാസന്‍. പിന്നീട് ഇന്നു വരെ മലയാള സിനിമ തളിര്‍ത്തത് യേശുദാസിന്റെ സ്വരപ്രപചഞ്ചത്തില്‍. മലയാളത്തില്‍ പാടിയത് 5000ത്തിലധികം ഗാനങ്ങള്‍. അസമിയ, കാശ്മീരി, കൊങ്കിണി ഒഴിച്ച് എല്ലാ ഇന്ത്യന്‍ ഭാഷകളിലും ആ നാദം മുഴങ്ങി. ഇംഗ്ലീഷ്, അറബി, റഷ്യന്‍, ലാറ്റിന്‍ ഭാഷകളിലൂടെ പരദേശത്തേക്കും ആ സ്വരമാധുരി കടല്‍ കടന്നെത്തി. സാഗരങ്ങളെ പാടിയുണര്‍ത്തിയ സാമസംഗീതമായി.

1940 ജനുവരി 10ന് ഫോര്‍ട്ടുകൊച്ചിയില്‍ നാടക നടനും ഗായകനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെ മകനായി ജനനം. കലയ്ക്കു വേണ്ടി ജീവിച്ച അച്ഛന്റെ കഷ്ടപ്പാടുകളായിരുന്നു ബാല്യത്തിലും യൗവനത്തിലും യേശുദാസിന് കൂട്ട്. പ്രതാപത്തിന്റെ പര്‍വത ശിഖരത്തിലും കണ്ണീരുപ്പു വീണ ദുരിത ബാല്യത്തിന്റെ കല്‍പാതകള്‍ മറക്കുന്നില്ല എന്നതാണ് യേശുദാസിന്റെ വ്യക്തിത്വം.
അച്ഛന്‍ പാടിത്തന്ന പാഠങ്ങള്‍ മനസ്സില്‍ ധ്യാനിച്ച പന്ത്രണ്ടാം വയസില്‍ കച്ചേരി അരങ്ങേറ്റം. കര്‍ണ്ണാടക സംഗീത സാമ്രാട്ട് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴില്‍ നേടിയ സംഗീത അവബോധമാണ് തന്നിലെ ഗായകനെ ഉണര്‍ത്തിയതെന്ന്്് യേശുദാസ് തന്നെ പറഞ്ഞിട്ടുണ്ട്. 1974ല്‍ ചെമ്പൈ മരിക്കും വരെ ചെമ്പൈയുടെ അരുമ ശിഷ്യനായിരുന്നു ദാസ്.

ആദ്യ ഗാനം പാടുമ്പോള്‍ യേശുദാസിന് പനിയായിരുന്നു. ഇത് ശരിയാകുമോ എന്ന് എല്ലാവര്‍ക്കും സംശയം. പക്ഷെ ഒരു സംശയവുമില്ലാതിരുന്ന ഒരാളുണ്ടായിരുന്നു. കാല്‍പ്പാടുകളുടെ നിര്‍മ്മാതാവ് രാമന്‍ നമ്പിയത്ത്. പടം പൊട്ടിയാല്‍ പൊട്ടട്ടെ. എന്നാലും ഒരു പാട്ട് ഞാന്‍ ആ കുട്ടിക്കു കൊടുക്കും. ഉറച്ച സ്വരത്തില്‍ നമ്പിയത്ത് പറഞ്ഞു. തന്റെ നിശ്ചയദാര്‍ഡ്യത്തിലൂടെ സംഗീത ലോകത്തേക്ക് യേശുദാസിനെ കൈപിടിച്ചു കയറ്റിയ ഒറ്റപ്പാലം സ്വദേശിയായ രാമന്‍ നമ്പിയത്ത് കഴിഞ്ഞ ഫെബ്രുവരിയില്‍ അന്തരിച്ചു.

പ്രശ്‌സതിക്കിടയിലും യേശുദാസിനൊപ്പം വിവാദങ്ങളും സഞ്ചരിച്ചു. ഇക്കൂട്ടത്തില്‍ ഒരിക്കലും മറക്കാത്ത ഒന്നാണ് ലതാ മങ്കേഷ്‌കറെക്കുറിച്ചുളള പരാമര്‍ശം. ലത പാട്ടു നിര്‍ത്തേണ്ട സമയമായെന്നായിരുന്നു 20 വര്‍ഷം മുമ്പ് യേശുദാസിന്റെ നിര്‍ദേശം. ശാസ്ത്രീയ സംഗീതത്തെക്കുറിച്ചല്ല സിനിമാപ്പാട്ടുകളെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്നൊക്കെ പിന്നീടു വിശദീകരണം വന്നെങ്കിലും വിവാദം തുടര്‍ന്നു.

മലയാള ചലച്ചിത്രഗാന രംഗം ദാസിന്റെ അദൃശ്യ നിയന്ത്രണത്തിലാണെന്ന പ്രതീതി പലപ്പോഴുമുണ്ടായി. പല 'സംഗീതമുകുളങ്ങളും' ചവിട്ടിയരയ്ക്കപ്പെട്ടെന്നും കേള്‍വിയുണ്ടായി. തന്റെ ഗാനം മറ്റു ഗായകര്‍ ആലപിക്കുന്നതിന് റോയല്‍റ്റി വേണമെന്ന ആവശ്യം ഉയര്‍ത്തിയത് രൂക്ഷ വിമര്‍ശനം ക്ഷണിച്ചു വരുത്തി. 1982ല്‍ കലാകൗമുദി വാരികയിലെ സക്കറിയയുടെ ലേഖനമാണ് യേശുദാസ് നേരിട്ട ആദ്യ വിമര്‍ശനം. ഇരുവരുടെയും വാദപ്രതിവാദം മാസങ്ങള്‍ തുടര്‍ന്നു. മലയാളിക്ക് മറക്കാനാകാത്ത ഉത്രാടപ്പൂനിലാവേ പോലുളള ഒത്തിരി ലളിത ഗാനങ്ങള്‍ സമ്മാനിച്ച തരംഗിണി റെക്കോര്‍ഡിംഗ് സ്റ്റുഡിയോയും ദാസേട്ടന് വിമര്‍ശന ശരങ്ങള്‍ നേടിക്കൊടുത്തു.

ചാനലുകളിലെ സംഗീത റിയാലിറ്റി ഷോക്കെതിരെ കൈക്കൊണ്ട ഇരട്ടത്താപ്പും ഗാനഗന്ധര്‍വന്റെ സുതാര്യതക്ക് മങ്ങലേല്‍പ്പിച്ചു. ഇത്തരം പരിപാടികള്‍ ശുദ്ധ സംഗീതത്തെ കൊല്ലുന്നു എന്നു പരാമര്‍ശിച്ചതിന് പിന്നാലെ ഒരു ചാനലിന്റെ റിയാലിറ്റി ഷോ ഫൈനലില്‍ അതിഥിയായെത്തിയ അദ്ദേഹം ഒരു വനിതാ മല്‍സരാര്‍ഥി പാടിയപ്പോള്‍ എഴുന്നേറ്റു നിന്നു കൈയടിച്ചത് കല്ലുകടിയായി. ഈ ഗായിക തന്നെ ഒന്നാം സ്ഥാനക്കാരിയായി എന്നത് കൗതുക കരം. ഇത്തരം വിമര്‍ശനങ്ങള്‍ ഇനിയുമുണ്ടാകാം. പക്ഷെ യേശുദാസ് ഒന്നേയുളളൂ. ദാസേട്ടന്‍ പാടുമ്പോള്‍ നാം കേള്‍ക്കുകയല്ല, അനുഭവിക്കുകയാണ്.

അതു കൊണ്ടാണല്ലോ സന്ന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍ സന്ധ്യാ പുഷ്പവുമായി വന്നു എന്ന് കേള്‍ക്കുമ്പോള്‍ വിരഹത്തിന്റെ വിവരിക്കാനാകാത്ത നോവും, വികാരനൗകയുമായി തിരമാലകളാടിയുലഞ്ഞു എന്നു പാടുമ്പോള്‍ വികാരങ്ങളുടെ വേലിയേറ്റവും നമ്മിലുണ്ടാകുന്നത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

75ന്റെ യൗവ്വനത്തില്‍ ഈ സ്വരസാഗരം

Keywords : Kerala, Article, Singer, K.J Yesudas, HM Labba. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia