ജീവന്റെ പുണ്യം പകര്‍ന്ന് മൃതസഞ്ജീവനി

 


വി.എസ്. ശിവകുമാര്‍ (ആരോഗ്യ വകുപ്പ് മന്ത്രി)

(www.kvartha.com 12.08.2015) സര്‍ക്കാര്‍ സംരംഭമായ മൃതസഞ്ജീവനി, മരണത്തെ മുന്നില്‍ക്കണ്ട, ഒട്ടേറെപ്പേര്‍ക്ക് ജീവിതത്തിലേക്കു മടങ്ങുവാനുള്ള മാര്‍ഗമായി മാറിയതില്‍ നമുക്കാശ്വസിക്കാം. മസ്തിഷ്‌ക്കമരണത്തിന് വിധേയരാകുന്നവരുടെ ജീവന്‍ തുടിക്കുന്ന അവയവങ്ങള്‍ മനുഷ്യസ്‌നേഹത്തിന്റെ പുണ്യമായി നിരവധിപേരെ ജീവിതത്തിലേക്ക് നയിക്കുമ്പോള്‍, ആ മഹാദാതാക്കള്‍ക്കും അവരുടെ നല്ലവരായ ബന്ധുക്കള്‍ക്കും മുന്നില്‍ മനസ്സുനമിക്കാം! വൈദ്യശാസ്ത്രരംഗത്തെ നേട്ടങ്ങളെക്കുറിച്ചും അനുഗ്രഹീതരായ ഡോക്ടര്‍മാരുടെ കഴിവുകളെക്കുറിച്ചും അഭിമാനിക്കാം.

രോഗങ്ങളെന്നും ജീവന്റെ കൂടെപ്പിറപ്പുകളാണ്. സമകാലിക ജീവിതത്തില്‍ അവ പുതിയ ഭാവത്തിലും രൂപത്തിലും പ്രത്യക്ഷപ്പെടുന്നു. ഇവയ്ക്കുപുറമേ, പല ജീവിതശൈലീരോഗങ്ങളും മനുഷ്യാവയവങ്ങളെ പ്രവര്‍ത്തനരഹിതമാക്കുന്നു. ഹൃദയം, കരള്‍, വൃക്കകള്‍ മുതലായവയുടെ പ്രവര്‍ത്തനം നിലയ്ക്കുമ്പോള്‍ പലര്‍ക്കും ജീവിതത്തോട് വിടപറയേണ്ടിവരുന്നു. ഇവരെ ജീവിതത്തിലേക്ക് തിരിച്ചുവിളിക്കാന്‍ ആധുനിക വൈദ്യശാസ്ത്രം സ്വായത്തമാക്കിയ മാര്‍ഗങ്ങളിലൊന്നാണ് അവയവം മാറ്റിവയ്ക്കല്‍. ഇത് സാധ്യമാകണമെങ്കില്‍ അവയവം ദാനമായി ലഭിക്കണം. സഹജീവികളോടുള്ള കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും സാക്ഷാത്ക്കാരത്തിലൂടെ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ.

മസ്തിഷ്‌ക മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുക, അവയവം ആവശ്യമുള്ള രോഗികളുടെ പട്ടിക തയ്യാറാക്കുക, മനുഷ്യാവയവങ്ങളുടെ കച്ചവടവും നിയമലംഘനവും തടയുക മുതലായ ലക്ഷ്യങ്ങളോടെ, 2012 ഓഗസ്റ്റില്‍ ആരോഗ്യകുടുംബക്ഷേമവകുപ്പ് രൂപം നല്‍കിയ മൃതസഞ്ജീവനി പദ്ധതി (കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗ്) ഈ മേഖലയില്‍ ശ്രദ്ധേയമായ ചലനങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. മസ്തിഷ്‌കമരണം സംഭവിച്ച 141 ദാതാക്കളില്‍നിന്നായി പ്രധാനപ്പെട്ട 381 അവയവങ്ങള്‍, ഈ പദ്ധതി മുഖാന്തിരം മാറ്റിവയ്ക്കുകയുണ്ടായി.

17 ഹൃദയങ്ങള്‍, 102 കരളുകള്‍, 252 വൃക്കകള്‍, ഒരു ശ്വാസകോശം, 2 പാന്‍ക്രിയാസ്, 4 കൈകള്‍, 3 ചെറുകുടലുകള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജില്‍ നാല്‍പത്തിയൊമ്പതും കോട്ടയം ഗവ. മെഡിക്കല്‍ കോളജില്‍ ഇരുപത്തിയേഴും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇരുപത്തിമൂന്നും വൃക്കകള്‍ മാറ്റിവച്ചു. യഥാക്രമം 13, 5, 3 എന്നിങ്ങനെ അവയവങ്ങള്‍ ദാനം ചെയ്തു.

മൃതസഞ്ജീവനി ആരംഭിച്ച 2012 ല്‍ ഇരുപത്തിരണ്ടും 2013 ല്‍ എണ്‍പത്തിയെട്ടും 2014 ല്‍ നൂറ്റിയമ്പത്തിയാറും 2015 ല്‍ ഇതുവരെ നൂറ്റിപ്പതിനഞ്ചും അവയവങ്ങളാണ് മാറ്റിവച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ആദ്യത്തെ മരണാനന്തര അവയവദാനവും മാറ്റിവയ്ക്കലും നടന്നത് 2012 ആഗസ്റ്റിലാണ്. മൃതസഞ്ജീവനി മുഖാന്തിരമുള്ള ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ 2013 മെയ് 17 ന് കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് നടന്നത്. ആദ്യത്തെ മള്‍ട്ടി ഓര്‍ഗന്‍ (വൃക്ക, കരള്‍) മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ 2014 ഫെബ്രുവരി 14 ന് കിംസ് ആശുപത്രിയിലും ആദ്യത്തെ കിഡ്‌നി - പാന്‍ക്രിയാസ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഇതേവര്‍ഷം കൊച്ചിയിലെ അമൃതാആശുപത്രിയിലും നടന്നു. കേരളത്തിലെ ആദ്യത്തെ ചെറുകുടല്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, ഇന്ത്യയിലെത്തന്നെ, ആദ്യത്തെ കൈമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എന്നിവ ഈ വര്‍ഷം ജനുവരിയില്‍ അമൃത ആശുപത്രിയിലാണ് നടന്നത്.

തിരുവനന്തപുരത്തെ ശ്രീചിത്രാ ആശുപത്രിയില്‍നിന്നും കൊച്ചിയിലെ ലിസി ആശുപത്രിയിലേക്ക്, മസ്തിഷ്‌കമരണത്തിന് വിധേയനായ അഡ്വ. നീലകണ്ഠശര്‍മയുടെ ഹൃദയം, വിമാനമാര്‍ഗ്ഗേന എത്തിച്ച്, ശസ്ത്രക്രിയ നടത്തുന്നതിനും മൃതസഞ്ജീവനിക്ക് സാധിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രത്യേകതാല്‍പര്യമെടുത്ത്, ഇന്ത്യന്‍ നേവി, എയര്‍ഫോഴ്‌സ്, പോലീസ് മുതലായവയുടെ സഹായത്തോടെയാണ് ഇത് സാധ്യമാക്കിയത്. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ഈയിടെ മസ്തിഷ്‌കമരണത്തിന് വിധേയയായ മൂന്നുവയസ്സുകാരി അഞ്ജനയാണ് കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവ്. കേരളത്തിലെ ആദ്യത്തെ അന്തര്‍സംസ്ഥാന അവയവമാറ്റം നടന്നത് 2015 ഓഗസ്റ്റ് പത്തിനാണ്. കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ മരണപ്പെട്ട പ്രണവിന്റെ ഹൃദയവും ശ്വാസകോശവും ചെന്നൈ ഫോര്‍ട്ടിസ് ആശുപത്രിയിലെ സ്വീകര്‍ത്താവിനാണ് ലഭ്യമാക്കിയത്.

അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട് 2012 ഓഗസ്റ്റ് മുതല്‍ 2015 ജൂലൈ വരെ 106 കുടുംബങ്ങള്‍ മുന്നോട്ടുവരുകയുണ്ടായി. ഇതിലൂടെ എഴുന്നൂറിലധികം പേര്‍ക്ക് പുതുജീവന്‍ നല്‍കാന്‍ സാധിച്ചു. പ്രബുദ്ധരായ ജനങ്ങളും അവയവം മാറ്റിവയ്ക്കുന്ന ആശുപത്രികളും നല്‍കിയ ശക്തമായ പിന്തുണയാണ് സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയുടെ വിജയരഹസ്യം. അവയവദാനം അക്ഷരാര്‍ത്ഥത്തില്‍ ജീവദാനമാണ്. ഈ മഹാകൃത്യത്തിന് കാരണഭൂതരായ ദാതാക്കളെ, ലോക അവയവദാനദിനമായ ഓഗസ്റ്റ് 13ന് നമുക്ക് അനുസ്മരിക്കാം.

ദിനാചരണപരിപാടികളുടെ ഭാഗമായി ഉച്ചയ്ക്ക് രണ്ടിന്, മൃതസഞ്ജീവനിയുടെ ആഭിമുഖ്യത്തില്‍, തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ ചേരുന്ന സമ്മേളനം  അവയവദാതാക്കള്‍ക്ക് ആദരാഞ്ജലികളര്‍പ്പിക്കും. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥപ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ദാതാക്കളുടെ ബന്ധുക്കളെ ആദരിക്കും.

ജീവന്റെ പുണ്യം പകര്‍ന്ന് മൃതസഞ്ജീവനി


Keywords : Minister, V.S Shiva Kumar, Article, Government, Health, Mrithasanjeevani. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia