Investment | കാർഷിക മേഖലയ്ക്ക് കരുത്തു പകരാൻ 2390 കോടിയുടെ ലോകബാങ്ക് പദ്ധതി: കൃഷി മന്ത്രി
കാസർകോട്: (KVARTHA) കേരളത്തിൽ കാർഷിക മേഖലയിൽ 2390 കോടിയുടെ ലോകബാങ്ക് പദ്ധതിക്ക് (World Bank Project) ഈ വർഷം തുടക്കം കുറിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് (P Prasad) പറഞ്ഞു. 1680 കോടി രൂപ ലോകബാങ്ക് സഹായമായി ലഭിക്കും. ബാക്കി തുക സംസ്ഥാന വിഹിതമാണ്. മുളിയാറിൽ കേരള പ്ലാന്റേഷൻ കോർപ്പറേഷൻ കാസർകോട് കാഷ്യു എസ്റ്റേറ്റിൽ നിർമ്മിച്ച കശുമാങ്ങ പഴച്ചാർ സംസ്കരണ ഫാക്ടറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കൃഷിവകുപ്പ് മന്ത്രി.
സംസ്ഥാനത്തിന്റെ പ്രാഥമിക, ദ്വിതീയ കാർഷിക വളർച്ചയ്ക്കും കാർഷിക വാണിജ്യ മേഖല ശക്തിപ്പെടുത്താനും തുക വിനിയോഗിക്കും. കർഷകന്റെ വരുമാന വർദ്ധനവിന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് മന്ത്രി പറഞ്ഞു. ഗുണമേന്മയുള്ള മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിച്ചാൽ വരുമാനം വർദ്ധിപ്പിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. കൃഷിവകുപ്പിന്റെ സഹായത്തോടെ രണ്ടായിരത്തോളം മൂല്യ വർദ്ധിത ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നുണ്ട്. കേരള അഗ്രോ എന്ന പൊതു ബ്രാൻഡിൽ സംസ്ഥാനത്ത് ബ്രാൻഡഡ് ഷോപ്പുകൾ വഴി വില്പനയ്ക്ക് എത്തും. കൃഷിക്കൂട്ടങ്ങൾ, ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ എന്നിവ വഴി 14 കേരള അഗ്രോ ബ്രാൻഡഡ് ഷോപ്പുകൾ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ഇത് യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
കാർഷിക മേഖലയിൽ കാലാനുസൃതമായ മാറ്റം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ലോകബാങ്ക് സഹായം ലഭിച്ചാൽ അതിന്റെ വിഹിതം പ്ലാന്റേഷൻ കോർപ്പറേഷനും കൂടി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കോർപ്പറേഷനിലെ ജീവനക്കാരുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും പ്രതിസന്ധി തരണം ചെയ്യുന്നതിനും സർക്കാർ സാധ്യമായ സഹായം നൽകുന്നതാണെന്ന് മന്ത്രി പറഞ്ഞു. പ്ലാന്റേഷൻ കോർപ്പറേഷൻ ഉൽപ്പന്നങ്ങൾ മികച്ച രീതിയിൽ പാക്ക് ചെയ്ത് വിപണിയിൽ ഗുണമേന്മയോടെ ലഭ്യമാക്കണം ഇതിനായി ജീവനക്കാരും തൊഴിലാളികളും പ്രവർത്തിക്കണം. സർക്കാറിൽ നിന്ന് എല്ലാ കാലവും സഹായവും ലഭിക്കുമെന്ന പ്രതീക്ഷയിൽ ഉദാസീനമായി ആരും പ്രവർത്തിക്കരുതെന്നും മന്ത്രി പറഞ്ഞു. സി എച്ച് കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിച്ചു.
#KeralaAgriculture #WorldBank #FarmersIncome #ValueAddedProducts