Environment Initiative | പട്ടാള പുഴുവിനെ കാശാക്കാം; പുതിയ ജൈവമാലിന്യ സംസ്‌കരണ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍
● സ്വച്ഛഭാരത് കാപയിനിന്റെ ഭാഗമായാണ് നടപടി.
● ഫിഷ് മീലിന് പകരമായി ഉപയോഗിക്കാം.
● കടലില്‍ കൃത്രിമപാരുകള്‍ സ്ഥാപിക്കും.
കൊച്ചി: (KVARTHA) പട്ടാള പുഴുവിനെ (ബ്ലാക് സോള്‍ജിയര്‍ ഫ്ളൈ-Black Soldier Fly) ഉപയോഗിച്ചുള്ള ജൈവമാലിന്യ സംസ്‌കരണ യൂണിറ്റ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ (George Kurien) ഉദ്ഘാടനം ചെയ്തു. സ്വച്ഛഭാരത് (Swachh Bharat) കാപയിനിന്റെ ഭാഗമായി പച്ചക്കറി-മത്സ്യ ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനാണ് യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്. പട്ടാള പുഴുവിന്റെ ലാര്‍വ ഉപയോഗിച്ച് ജൈവമാലിന്യങ്ങള്‍ പ്രോട്ടീന്‍ ഉറവിടമാക്കി സംസ്‌കരിച്ചെടുക്കും. മത്സ്യത്തീറ്റ ഉല്‍പാദനത്തില്‍ ഫിഷ് മീലിന് പകരമായി ഇവ ഉപയോഗിക്കാനാകും.
മനുഷ്യജീവിതത്തിന്റെ മുഴുവന്‍ തലങ്ങളെയും സ്പര്‍ശിക്കുന്ന രീതിയിലാണ് സ്വച്ഛ്ഭാരത് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഇന്ത്യ വികസനക്കുതിപ്പിലാണ്. 2047ഓടെ വികസിത രാജ്യമായി മാറും. ഇത് മുന്നില്‍ കണ്ട് വികസനത്തിന്റെ ഉപോല്‍പ്പന്നമായ മാലിന്യപ്രശ്നങ്ങള്‍ക്ക് പരിഹാരമെന്ന നിലക്കാണ് സ്വച്ഛഭാരത് പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കമിട്ടത്.
പ്രകൃതിവിഭവങ്ങളെ ആവശ്യാനുസരണം മാത്രം ആശ്രയിക്കുന്നതിനുള്ള ആശയമാണ് പ്രധാനമന്ത്രി വിഭാവനം ചെയ്ത ലൈഫ്സ്‌റ്റൈല്‍ ഫോര്‍ എണ്‍വയണ്‍മെന്റ് (ലൈഫ്). കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുന്നതിന്റെ ഭാഗമായി കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാന്‍ ഇതിലൂടെ കഴിയും. കടലില്‍ കൃത്രിമപാരുകള്‍ (ആര്‍ട്ടിഫിഷ്യല്‍ റീഫ്) സ്ഥാപിക്കുന്ന പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കി വരികയാണ്. മത്സ്യോല്‍പാദനം കൂട്ടാന്‍ ഇത് സഹായിക്കും- കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.
അലങ്കാരമത്സ്യ കൃഷി, മത്സ്യ വിത്തുല്‍പാദനം, സംയോജിത മത്സ്യകൃഷി തുടങ്ങിയ മേഖലകളെ പ്രതിനിധീകരിച്ചെത്തിയ കര്‍ഷകരുമായും സംരംഭകരുമായും മന്ത്രി ആശയവിനിമയം നടത്തി. സിഎംഎഫ്ആര്‍ഐയിലെ സയന്‍സ് ടെക്നോളജി ഇന്നൊവേഷന്‍ ഹബ്, ഹാച്ചറികള്‍, ലബോറട്ടറികള്‍, ലൈബ്രറി എന്നിവ മന്ത്രി സന്ദര്‍ശിച്ചു.
സ്വച്ഛഭാരത് സംരംഭങ്ങള്‍ ഫലപ്രദമാക്കാന്‍ ശാസ്ത്രീയ സമീപനമാണ് സിഎംഎഫ്ആര്‍ഐ സ്വീകരിച്ചുവരുന്നതെന്ന് ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു. സമുദ്രമത്സ്യ മേഖലയില്‍ പരിസ്ഥിതി സൗഹൃദവും കുറഞ്ഞ കാര്‍ബണ്‍ സാങ്കേതിക വിദ്യകളും സിഎംഎഫ്ആര്‍ഐ വികസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വച്ഛഭാരതുമായി ബന്ധപ്പെട്ട് സിഎംഎഫ്ആര്‍ഐയുടെ പുസ്തകവും ജൈവമാലിന്യ സംസ്‌കരണ യൂണിറ്റിനെ കുറിച്ചുള്ള ബ്രോഷറും മന്ത്രി പ്രകാശനം ചെയ്തു. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രാക്കിഷ്വാട്ടര്‍ അക്വാകള്‍ച്ചര്‍ ഡയറക്ടര്‍ ഡോ കുല്‍ദീപ് കെ ലാല്‍, സിഎംഎഫ്ആര്‍ഐ ഷെല്‍ഫിഷ് ഫിഷറീസ് ഡിവിഷന്‍ മേധാവി ഡോ എ പി ദിനേശ്ബാബു എന്നിവര്‍ പ്രസംഗിച്ചു.
#OrganicWaste #Sustainability #Fisheries #Innovation #EnvironmentalImpact #SwachhBharat