Spinach Farming | മികച്ച രീതിയിൽ വീട്ടിൽ ചീര കൃഷി ചെയ്യാം; എളുപ്പവഴികൾ ഇതാ


● മണ്ണ് നന്നായി കിളച്ച് കല്ലും കട്ടയും നീക്കി തടം പോലെ ഉയർത്തി ഒരുക്കണം.
● ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവ അടിവളമായി നൽകാം.
● വിത്ത് നേരിട്ട് പാകുകയോ തൈകൾ പറിച്ചു നടുകയോ ചെയ്യാം.
● ചീരയിൽ ധാരാളം പോഷക ഗുണങ്ങളുണ്ട്.
● ചീര കൃഷി ചെയ്യാൻ അധികം സ്ഥലം ആവശ്യമില്ല.
സോളി.കെ.ജോസഫ്
(KVARTHA) ഊണിനൊപ്പം ചീരക്കറിയെന്നത് മലയാളികളെ സംബന്ധിച്ച് ഇഷ്ടമുള്ള ഒരു കാര്യമാണ്. നല്ല പോഷക ഗുണമുണ്ട് ചീരയിലയ്ക്ക്. കറിയ്ക്ക് പറ്റിയ ചീര ഇല എവിടെ കണ്ടാലും ആയതിനാൽ തന്നെ നമ്മൾ വാങ്ങുകയും ചെയ്യും. കടകളിൽ ഒക്കെ വളരെ വേഗത്തിൽ വിറ്റഴിയുന്ന ഒന്നാണ് കറിയ്ക്ക് പറ്റിയ ചീര ഇല. ചീര തണ്ടുകൾ പോലും തോരന് ഉപയോഗിക്കാറുണ്ട്.
മായമില്ലാത്ത വീടുകളിൽ നട്ടുപിടിപ്പിച്ച ചീരയാണെങ്കിൽ അതിന് ഡിമാൻ്റും ഏറെയാണ്. ചീര തന്നെ പല നിറത്തിലും വ്യത്യാസത്തിലും ഉണ്ട്. പലതിൻ്റെയും പേരുകൾ പല സ്ഥലത്തും പല രീതിയിലാണ് അറിയപ്പെടുന്നത്. വെള്ളം ധാരാളമുള്ള സ്ഥലത്ത് കൃഷി ചെയ്യാൻ പറ്റുന്ന ഒന്നാണ് ചീര. ധാരാളം വിളവ് തരുകയും ചെയ്യും. മികച്ച രീതിയിൽ 'ചീര കൃഷി' എങ്ങനെ ചെയ്യാം? അറിയാം.
ചീര കൃഷി ചെയ്യുന്ന വിധം:
വെള്ളം ഉള്ളവർക്കു ചീര കൃഷി ചെയ്യാൻ പറ്റിയ സമയം ആണ്. മണ്ണ് നന്നായി കിളച്ച് ഒരുക്കണം. കല്ലും കട്ടയും നീക്കണം. ഒരു തടം പോലെ ഉയർത്തി നിർത്തുക. കുമ്മായം ചേർത്തു രണ്ടാഴ്ച കഴിഞ്ഞു വളം ഇടാം. ചീരയ്ക്ക് നല്ല അടിവളം വേണം. ചാണകപ്പൊടി വേപ്പിൻ പിണ്ണാക്ക് എല്ലുപൊടി. എല്ലുപൊടി മസ്റ്റ് ആണ്. പുഴുങ്ങി പൊടിച്ച എല്ലുപൊടി കിട്ടിയാൽ ബെസ്റ്റ്. വളം ചേർത്തു രണ്ടു ദിവസം നനച്ചു ഇടണം. ശേഷം വിത്ത് പാകാം. മണ്ണ് വെറുതെ ഇളക്കി വിത്ത് നേരിട്ട് പാകാം. നനച്ചു കൊടുത്താൽ മതി. അല്ലെങ്കിൽ കുതിർത്ത വിത്ത് പാകാം. അതുമല്ലെങ്കിൽ രാവിലെവിത്ത് കിഴി കെട്ടി വെള്ളത്തിൽ ഇട്ട് വെയ്ക്കുക.
വൈകുന്നേരം കിഴി അങ്ങനെ എടുത്തു മാറ്റി വെയ്ക്കുക. നനവോടെ. രാവിലെ തുറന്നു നോക്കിയാൽ വേര് പൊട്ടി കാണും. അതു പാകാം. തടത്തിൽ അരിപ്പൊടി അല്ലെങ്കിൽ മഞ്ഞൾ പൊടി വിതറിയാൽ ഉറുമ്പ് വിത്ത് കൊണ്ടു പോകില്ല. വിത്ത് വളരെ കുറച്ചു മതിയാകും. നേരിട്ടു പാകുകയോ തൈകൾ പറിച്ചു നടുകയോ ആകാം. മൂന്നില ആകുമ്പോൾ പറിച്ചു നടണം. അയ്യോ ഇത് വളരെ ചെറിയ തൈ ആണല്ലോ എന്ന് കരുതരുത്. അതാണ് പാകം. തൈകൾ വൈകുന്നേരം പറിച്ചു നടുക. രണ്ടു ദിവസം തണൽ കൊടുക്കുക. ചെറിയ ചില്ലകൾ ഒക്കെ ഒടിച്ചു കുത്തിയാൽ മതി. ചീര പെട്ടെന്ന് വളരും. ഗോമൂത്രം കിട്ടുമെങ്കിൽ നന്നായി നേർപ്പിച്ചു തളിക്കുക. ആഴ്ചയിൽ ഒരിക്കൽ വേണം.
അടുത്ത വീട്ടിൽ പശു ഉണ്ടെങ്കിൽ തൊഴുത്തു കഴുകിയ വെള്ളം ആയാലും മതി. രണ്ടു നേരം നന നിർബന്ധം ആണ്. ചീര സ്നേഹം ഉള്ള ചെടി ആണ്. കൈ കൊണ്ടു നനയ്ക്കണം. ഇലകൾ നനയട്ടെ. ഇലകളിൽ കൂടുകെട്ടി പുഴുക്കൾ വരും. ഗോമൂത്രത്തിൽ കാന്താരി അരച്ചു തളിക്കണം. വേപ്പെണ്ണ ആയാലും മതി. കാന്താരി ഇല്ലെങ്കിൽ നല്ല എരിവുള്ള എന്തെങ്കിലും മുളക് ആയ്കോട്ടെ. ചീരയുടെ തണ്ട് ചുവട്ടിൽ പിടിച്ചു മൃദുത്വം നോക്കിയാൽ മുറിക്കേണ്ട പ്രായം അറിയാം. പൂക്കാൻ തുടങ്ങിയാൽ രുചി കുറയും. 25 ദിവസം കൊണ്ടു ചീര മുറിക്കാം. മുറിച്ചു നിർത്തിയാൽ വീണ്ടും എടുക്കാം. പക്ഷേ വിളവ് കുറയും. അതേ മണ്ണിൽ തന്നെ ഒന്ന് കൂടി നടാം. വേറെ ഒന്നും ചെയ്യേണ്ട.
നന്നായി ഇളക്കി വേരുകൾ ഒക്കെ നീക്കണം. അല്ലെങ്കിൽ രണ്ടാഴ്ച ഇടവിട്ട് ചീര പാകി കൊണ്ടേയിരിക്കുക. സ്ഥിരമായി ചീര എടുത്തു കൊണ്ടിരിക്കാം. എങ്ങനെ ആയാലും ഏറ്റവും എളുപ്പമുള്ള കൃഷി ആണ് ചീര. പിന്നെ ഒരിക്കൽ നട്ടു വിത്തിന് നിർത്തിയാൽ പിന്നെ എന്ത് കൃഷി ചെയ്താലും ആദ്യം ഉണ്ടാവുന്നത് ചീര ആയിരിക്കും. ഇലയിൽ പുള്ളി കണ്ടാൽ പിന്നെ ഇലയിൽ വെള്ളം ഒഴിക്കരുത്. പുള്ളി കണ്ട ഇല നുള്ളി ദൂരെ കളയുക. ഒരു കാര്യം ശ്രദ്ധിക്കുക. പൂക്കാൻ സഹായിക്കുന്ന വളങ്ങൾ ചീരയ്ക്ക് ഒഴിക്കരുത്, പൊട്ടാസ്യം വളങ്ങൾ, പുളിപ്പിച്ച പിണ്ണാക്കുകൾ, സ്ലറി തുടങ്ങിയവ.
എന്തായാലും എല്ലാവർക്കും അവരവരുടെ സ്ഥലത്ത് കുറഞ്ഞ ചെലവിൽ ചെയ്യാൻ പറ്റുന്ന ഒന്നാണ് ചീര കൃഷി. ഈ പറഞ്ഞപോലെ ചെയ്താൽ നല്ല വിളവ് എടുക്കാം. വരുമാനവും നേടാം. ചീര ഒരു കെട്ടിന് മായമില്ലാത്തത് ആണെങ്കിൽ 60 രൂപ മുതൽ 100 രൂപാ വരെ വരുമാനം ലഭിക്കും. വീടുകളിൽ ഇരുന്ന് തന്നെ വീട്ടമ്മമാർക്കൊക്കെ ഒരു മികച്ച വരുമാനം ചീര കൃഷിയിലൂടെ ഉണ്ടാക്കിയെടുക്കുകയും ചെയ്യാം.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Learn how to grow spinach at home. Prepare the soil, add fertilizers, and sow seeds. Transplant seedlings when they have three leaves. Water twice daily and use natural pest control. Harvest spinach in 25 days. Avoid fertilizers that promote flowering. You can earn a good income by selling homegrown spinach.
#SpinachFarming #HomeGarden #EasyCultivation #OrganicFarming #VegetableGarden #GardeningTips