പട്ടാള ഈച്ചയുടെ ലാർവ ഉപയോഗിച്ച് മത്സ്യതീറ്റ; കർഷകർക്ക് സൗജന്യ പരിശീലനം!


● ദേശീയ മത്സ്യകർഷക ദിനാചരണത്തിൻ്റെ ഭാഗമായാണ് പരിപാടി.
● കുറഞ്ഞ ചിലവിൽ പ്രോട്ടീൻ സമ്പുഷ്ടമായ തീറ്റയാണ് ലക്ഷ്യം.
● കൂടുമത്സ്യ-ബയോഫ്ളോക് കൃഷിരീതികൾക്ക് ഇത് സഹായകമാകും.
● പരമ്പരാഗത തീറ്റച്ചിലവ് കുറയ്ക്കാൻ പുതിയ സാങ്കേതികവിദ്യ.
● പട്ടികജാതി വിഭാഗത്തിൽപ്പെട്ട കർഷകർക്ക് പ്രത്യേക സഹായം.
കൊച്ചി: (KVARTHA) പട്ടാള ഈച്ചയുടെ (ബ്ലാക്ക് സോൾജിയർ ഫ്ലൈ) ലാർവ ഉപയോഗിച്ച് മത്സ്യതീറ്റ നിർമിക്കുന്നതിൽ കർഷകർക്ക് പരിശീലനവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ദേശീയ മത്സ്യകർഷക ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച മൂന്നുദിവസത്തെ പരിശീലന പരിപാടി സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് ഉദ്ഘാടനം ചെയ്തു.
ചിലവ് കുറഞ്ഞ മത്സ്യതീറ്റ, ഉയർന്ന ലാഭം
സിഎംഎഫ്ആർഐയുടെ ഷെഡ്യൂൾഡ് കാസ്റ്റ് സബ്പ്ലാനിന് (എസ്‌സിഎസ്‌പി) കീഴിലുള്ള ഗുണഭോക്താക്കൾക്കാണ് ഈ പ്രത്യേക പരിശീലനം നൽകുന്നത്. കൂടുമത്സ്യകൃഷി, ബയോഫ്ളോക് കൃഷിരീതികളിൽ ആവശ്യമായ മത്സ്യതീറ്റ നിർമാണത്തിൽ കർഷകർക്ക് പ്രായോഗിക പരിജ്ഞാനം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പട്ടാള ഈച്ചയുടെ ലാർവയിൽനിന്ന് മത്സ്യതീറ്റ നിർമിക്കുന്നതിനുള്ള സാങ്കേതികവിദ്യ സിഎംഎഫ്ആർഐ നേരത്തെ വികസിപ്പിച്ചിരുന്നു. പരമ്പരാഗത മത്സ്യത്തീറ്റയിലടങ്ങിയിട്ടുള്ള ഫിഷ് മീൽ, സോയബീൻ എന്നിവയ്ക്ക് പകരമായി ധാരാളം പ്രോട്ടീൻ അടങ്ങിയ പട്ടാള ഈച്ചയുടെ ലാർവയാണ് ഈ തീറ്റ നിർമാണത്തിന് ഉപയോഗിക്കുന്നത്. ഇത് മീനുകളുടെ വളർച്ചയെ സഹായിക്കുന്നതും സുസ്ഥിരത ഉറപ്പാക്കുന്നതുമാണ്.
മത്സ്യകൃഷിയിൽ തീറ്റയുടെ വില ഒരു പ്രധാന ഘടകമാണെന്ന് ഡോ. ഗ്രിൻസൺ ജോർജ് ചൂണ്ടിക്കാട്ടി. ഇത് മൊത്തം ചിലവിൻ്റെ 40-60% വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുമത്സ്യ-ബയോ-ഫ്ലോക്ക് മത്സ്യകൃഷിയിൽ നിന്നുള്ള ലാഭം വർദ്ധിപ്പിക്കുന്നതിന് ചിലവ് കുറഞ്ഞ മത്സ്യതീറ്റ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്‌സിഎസ്‌പി പദ്ധതിയുടെ ഭാഗമായി, ഇന്ത്യയിലാകെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട മത്സ്യകർഷകർക്ക് കൂട് മത്സ്യകൃഷി, ബയോഫ്ളോക്ക് കൃഷി എന്നിവയിൽ പരിശീലനവും സഹായവും സിഎംഎഫ്ആർഐ നൽകിവരുന്നുണ്ട്.
ഡോ. കെ. മധു, ഡോ. വിപിൻ കുമാർ വി.പി., ഡോ. രമ മധു, ഡോ. സനൽ എബനീസർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഈ നൂതന പരിശീലന പരിപാടിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്ത്? താഴെ കമൻ്റ് ചെയ്യുക.
Article Summary: CMFRI offers training on black soldier fly larvae fish feed.
#CMFRI #FishFeed #Aquaculture #BlackSoldierFly #Kerala #SustainableFarming