Business | വാഴയില കൃഷിയിലൂടെ മികച്ച വരുമാനം നേടാം; കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ ലാഭം
● വാഴയിലയ്ക്ക് വിപണിയിൽ വലിയ ഡിമാൻഡ് ഉണ്ട്.
● കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ ലാഭം നേടാം.
● വാഴയില കൃഷി ഒരു നല്ല ഉപജീവനമാർഗമാണ്.
റോക്കി എറണാകുളം
(KVARTHA) ഇന്ന് കേരളത്തിൽ വാഴയിലയ്ക്ക് വൻ ഡിമാൻഡ് ആണ് ഉള്ളത്. പല സ്ഥലങ്ങളിലൂടെയും സഞ്ചരിച്ചാൽ ഇപ്പോൾ എല്ലായിടത്തും കാണുന്ന പരസ്യമാണ് വാഴയിലയിൽ വീട്ടിലെ ഊണെന്നുള്ളത്. ഇത് കഴിക്കാൻ ധാരാളം പേർ എത്താറുമുണ്ട്. വലിയ വലിയ ഹോട്ടലുകൾ ഉപേക്ഷിച്ച വാഴയിലയിൽ വീട്ടിലെ ചോർ ഉണ്ണാൻ ഇന്ന് പലർക്കും വലിയ താല്പര്യമാണ്. വിദേശത്തുനിന്ന് നാട്ടിലെത്തുന്നവർക്കാണ് ഇത് കൂടുതൽ താല്പര്യമെന്ന് തോന്നിപ്പോകും. അവർ ഈ ഇലയൂണിന് എത്ര തുക മുടക്കാനും തയ്യാർ ആണെന്നതാണ് സത്യം.
സദ്യയ്ക്കൊപ്പം വറുത്ത മീനോ കറിയോ ഉണ്ടെങ്കിൽ പിന്നെ ഭേഷ് ആയി. അത്ര സ്വീകാര്യതയാണ് ഇലവാഴ ഊണിന് കേരളത്തിലുള്ളത്. എന്നാൽ ഇവിടെ പലയിടത്തും വാഴയിലയ്ക്ക് ദൗർലഭ്യം നേരിടുന്നു എന്നതാണ് വാസ്തവം. തുടക്കയിൽ വാഴയിലയിൽ ഊണ് നൽകുന്നവർ പോലും പിന്നീട് ആർട്ടിഫിഷ്യൽ വാഴയിലയിലേയ്ക്ക് മാറുന്നതും ഇതുകൊണ്ട് തന്നെ. ശരിയ്ക്കുമുള്ള വാഴയിലയിൽ കിട്ടുന്ന രുചി ഒരിക്കലും ഇതിന് സങ്കൽപ്പിക്കാനെ പറ്റുന്നതല്ല. അതിനാൽ തന്നെ ഇലവാഴ കൃഷി കൂടുതലായി വ്യാപിപ്പിച്ചാൽ മികച്ച ലാഭവും പണവും കൊയ്യാം. അത് എങ്ങനെയെന്ന് നോക്കാം.
കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ ലാഭമുണ്ടാക്കാവുന്ന ഒന്നാണ് ഇലവാഴ കൃഷി. അധികം ആരും ചെയ്യാത്ത കൃഷിയായതിനാലും വിപണിയിൽ കിടമത്സരം ഉണ്ടാകില്ല എന്നതിനാലും ലാഭം ഉറപ്പുതരുന്നു. നാടൻ ഊണ് വാഴയിലയിൽ വേണ്ടവർ ഏറെയാണ് എന്നതിനാൽ തന്നെ ചെറിയ ഹോട്ടലുകൾ മുതൽ ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ വരെ വാഴയിലയുടെ ആവശ്യക്കാരാണ്. അതാണ് മനസ്സിലാക്കേണ്ടത്.
ഇലവാഴ കൃഷി ചെയ്യുന്നതിന് ഒരു പ്രത്യേകതരം വാഴയോ, കൃഷി രീതിയോ അവലംബിക്കേണ്ട ആവശ്യമില്ല. ഇല മുറിക്കുന്നതിന് സൗകര്യപ്രദമായ തരത്തിൽ അധികം ഉയരം വയ്ക്കാത്ത വാഴയും എളുപ്പത്തിൽ കീറിപോകാത്ത കട്ടികുറഞ്ഞ, വീതിയും മയമുള്ളതുമായ ഇലകൾ ഉള്ള എതിനം വാഴയും തിരഞ്ഞെടുക്കാം. ഞാലിപ്പൂവൻ, പാളയംകോടൻ വാഴകൾ ആണ് സാധാരണയായി ഇലവാഴ കൃഷിക്ക് ഉപയോഗിക്കാറുള്ളത്. കീടബാധ അധികം ഇല്ലാത്ത വാഴയായാൽ നന്ന്. വാഴകൾക്കു അതാതു സമയങ്ങളിൽ ആവശ്യത്തിന് ജലസേചനവും വളപ്രയോഗവും നടത്തണം.
നാലോ അഞ്ചോ മാസം മൂപ്പെത്തിയാൽ വാഴകളുടെ ഇലകൾ മുറിക്കാൻ തുടങ്ങാം. വളര്‍ച്ചയെത്തിയ വാഴയുടെ ഇല ഒരിക്കല്‍ മുറിച്ചാല്‍ ശരാശരി ഏഴ് ദിവസം വേണ്ടി വരും പുതിയ ഇല വരാന്‍. ഒരു വർഷത്തിൽ ഒരു വാഴയിൽ നിന്ന് 20 മുതൽ 25 എണ്ണം വരെ ഇലകൾ മുറിക്കാവുന്നതാണ്. നൂറ് ഇല വരുന്ന കെട്ടൊന്നിന് വിപണിയില്‍ 450 - 500 രൂപ വരെ ലഭിക്കും. ആയിരം വാഴ നട്ടാൽ ഒന്നിടവിട്ട ദിവസങ്ങളിൽ രണ്ടോ മൂന്നോ കെട്ട് ഇലകൾ മുറിക്കാം. ഒരു ഇലയ്ക്ക് അഞ്ച് രൂപവരെ ലഭിക്കും കല്യാണ സീസൺ ആയാൽ വിലയും കൂടും. തീർച്ചയായും 'ഇലവാഴ' കൃഷിയെ പ്രോത്സാഹിപ്പിക്കേണ്ടത് ഈ കാലഘട്ടത്തിൻ്റെ ആവശ്യമായിരിക്കുകയാണ്. വെറുതെ ജോലിയൊന്നുമില്ലാതെ വീട്ടിൽ കഴിയുന്ന വനിതകൾക്ക് ഇതൊരു ഉപജീവനമാർഗം ആകും. ഒന്ന് ശ്രദ്ധിച്ചാൽ മികച്ച വരുമാനം കൊയ്യുകയും ആവാം.
#bananafarming #agriculture #sustainablefarming #profit #keralaagriculture #organicfarming