Martin George | നവകേരളസദസിന്റെ പേരില്‍ സഞ്ചാരസ്വാതന്ത്ര്യം തടയുന്നുവെന്ന് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്

 


കണ്ണൂര്‍: (KVARTHA) മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയ പ്രചരണത്തിനെത്തുന്നതിന്റെ പേരില്‍ പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്. മുഖ്യമന്ത്രിയും പരിവാരങ്ങളും പോകുന്ന വഴിയില്‍ മറ്റു രാഷ്ട്രീയപാര്‍ട്ടികളില്‍ പെട്ടവര്‍ നടക്കാന്‍ പാടില്ലെന്നാണോ പൊലീസ് കരുതുന്നത്. കല്യാശ്ശേരി മണ്ഡലം നവ കേരള സദസ്സിനായി മുഖ്യമന്ത്രി എത്തുന്നതിനു മുമ്പ് കെ എസ് യു ഭാരവാഹികളായ മുഹമ്മദ് റാഹിബ്, സി എച് മുബാസ് അര്‍ശാദ് വാടിക്കല്‍, സുഫൈല്‍ ഇരിണാവ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവം അങ്ങേയറ്റത്തെ ധിക്കാരമാണ്. പൊലീസ് വലയത്തിനു നടുവിലും പേടി കൂടാതെ യാത്ര ചെയ്യാന്‍ പിണറായി വിജയന് സാധിക്കുന്നില്ലെന്നാണോ കരുതേണ്ടത്. 

പ്രതിപക്ഷ യുവജന, വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെ മുഖ്യമന്ത്രി കടന്നു പോകുന്ന വഴിയില്‍ കാണാന്‍ പാടില്ലെന്നു പറയുന്നത് ഫാസിസമാണ്. ഉത്തര കൊറിയയും ചൈനയുമല്ല, പ്രബുദ്ധ കേരളമാണിതെന്ന് മുഖ്യമന്ത്രിയും കൂട്ടരും മനസിലാക്കണം. നവകേരള സദസിന്  വലിയ ജനപങ്കാളിത്തമുണ്ടെന്നു വരുത്താന്‍ തൊഴിലുറപ്പ് തൊഴിലാളികളേയും കുടുബശ്രീ പ്രവര്‍ത്തകരെയുമൊക്കെ ഭീഷണിപ്പെടുത്തി നിര്‍ബന്ധിതമായി മുഖ്യമന്ത്രിയുടെ പരിപാടികളിലേക്കെത്തിക്കുന്നതും ചില ഉദ്യോഗസ്ഥരാണ്. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുകയാണ് ചില ഉദ്യോഗസ്ഥന്മാര്‍. പിണറായിയായിരിക്കില്ല എല്ലാ കാലത്തും ഭരിക്കുന്നതെന്ന ബോധം ഇക്കൂട്ടര്‍ക്കുണ്ടാകണം.

Martin George | നവകേരളസദസിന്റെ പേരില്‍ സഞ്ചാരസ്വാതന്ത്ര്യം തടയുന്നുവെന്ന് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്

നവകേരള സദസിന്റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെടുക്കാനും ഉദ്യോഗസ്ഥരാണ് സിപിഎം പ്രാദേശിക നേതാക്കള്‍ക്കൊപ്പം മുന്നിട്ടിറങ്ങുന്നത്. സിപിഎമിന്റെ ബക്കറ്റു പിരിവു പോലെ രസീതും കണക്കുമില്ലാതെ നവകേരള സദസിന്റെ മറവില്‍ ലക്ഷങ്ങള്‍ സംഭാവന പിരിക്കാന്‍ മുന്നിട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നാളെ സകലതിനും കണക്കു പറയേണ്ടി വരുമെന്ന് ഓര്‍മ വേണം. നവകേരള സദസെന്നും പറഞ്ഞ് രാഷ്ട്രീയ പ്രചാരണയോഗങ്ങളാണ് സംഘടിപ്പിക്കുന്നത്. നവകേരള സദസില്‍ നല്‍കുന്ന പരാതികളില്‍ ഒരു പരിഹാരവും പ്രതീക്ഷിക്കേണ്ട. 

മുഖ്യമന്ത്രിയും കൂട്ടരും പോകുന്നതിനു പിന്നാലെ അപേക്ഷകളും ചവറ്റുകൊട്ടയില്‍ തള്ളുമെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. നാടിനോ നാട്ടുകാര്‍ക്കോ ഒരു പ്രയോജനവുമില്ലാതെ നാട്ടുകാരില്‍ നിന്നു പണമൂറ്റിയെടുക്കാന്‍ നടത്തുന്ന യാത്രയാണ് മുഖ്യമന്ത്രി നടത്തുന്നത്. മുഖ്യമന്ത്രിയുടെ പരാതിപരിഹാരപരിപാടിക്ക് ആളെയെത്തിക്കാന്‍ കോമഡി ഷോയും ഗാനമേളയും കലാപരിപാടികളും സംഘടിപ്പിക്കേണ്ട ഗതികേട് കേരളത്തില്‍ ഇതിനു മുമ്പൊരു മുഖ്യമന്ത്രിക്കും ഉണ്ടായിട്ടില്ലെന്ന് മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു.

Keywords: News, Kerala, Kerala News, Adv. Martin George, Nava Kerala Sadsa, Chief Minister, Kannur: Adv. Martin George about Nava Kerala Sadas.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia