CUSAT Tragedy | കുസാറ്റ് ദുരന്തത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ്; സമയത്തിനനുസരിച്ച് വിദ്യാര്‍ഥികളെ ഓഡിറ്റോറിയത്തിലേക്ക് കടത്തിവിടുന്നതില്‍ വീഴ്ചയുണ്ടായെന്ന് വൈസ് ചാന്‍സലര്‍
Nov 26, 2023, 09:49 IST
എറണാകുളം: (KVARTHA) കളമശ്ശേരിയിലെ കുസാറ്റ് കാംപസില്‍ സ്കൂള്‍ ഓഫ് എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ടെക് ഫെസ്റ്റിലെ ഗാനമേളയ്ക്കെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ട് പേര് മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. വിസിയോടും ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപല്‍ സെക്രടറിയോടും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു റിപോര്‍ട് തേടി. അസ്വഭാവിക മരണത്തിന് കളമശ്ശേരി പൊലീസ് കേസെടുത്തു.
അതേസമയം ടെക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തില്‍ വീഴ്ചയുണ്ടായെന്ന് കുസാറ്റ് വൈസ് ചാന്‍സിലര്‍ ഡോ. പിജി ശങ്കരന് മാധ്യമങ്ങളോട് പറഞ്ഞു. പ്രോഗ്രാമിന്റ സമയത്തിന് അനുസരിച്ച് വിദ്യാര്‍ഥികളെ ഓഡിറ്റോറിയത്തിലേക്ക് കടത്തിവിടുന്നതില്‍ വീഴ്ചയുണ്ടായെന്നാണ് അദ്ദേഹം പറഞ്ഞത്. പരിപാടി തുടങ്ങാന്‍ കുറച്ചു വൈകുകയും അങ്ങനെ കുട്ടികളെ കയറ്റുന്നതിന് താമസമുണ്ടാകുകയും ചെയ്തു. പിന്നീട് ഏഴുമണിക്ക് പരിപാടി ആരംഭിക്കുമെന്ന് വന്നതോടെ പുറത്തുനിന്നുള്ളവരും ഇരച്ചുകയറി. ഇതോടെ തിരക്കായി. സ്റ്റെപ്പില്‍ നില്ക്കുന്നവര് താഴേക്ക് വീണു. ഓഡിറ്റോറിയത്തിന്റെ പിന്‍ഭാഗത്തായുള്ള സ്റ്റെപ്പുകള്‍ കുത്തനെയുള്ളതായിരുന്നു. വീതി കുറഞ്ഞ ഈ സ്റ്റെപില്നിന്ന വിദ്യാര്‍ഥികള്‍ തിരക്കില്‍പെട്ട് താഴേക്ക് വീഴുകയായിരുന്നുവെന്നും ഡോ. പിജി ശങ്കരന് കൂട്ടിച്ചേര്‍ത്തു.
അതേസമയം ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റ്മോര്‍ടം ഞായറാഴ്ച (26.11.2023) രാവിലെ ഏഴോടെ ആരംഭിച്ചു. ഉച്ചയോടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കും. തുടര്‍ന്ന് കുസാറ്റില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയില്‍ കെ എം തമ്പിയുടെ മകന് അതുല്‍ തമ്പി (21), പറവൂര്‍ കുറുമ്പത്തുരുത്ത് കോണത്ത് വീട്ടില്‍ കെ ജി റോയിയുടെ മകള്‍ ആന്‍ റിഫ്ത റോയി (21), കോഴിക്കോട് താമരശേരി കോരങ്ങാട് തുവ്വക്കുന്നില്‍ താമസിക്കുന്ന വയലപ്പള്ളില്‍ തോമസ് സ്കറിയയുടെ മകള്‍ സാറ തോമസ് (20), ഇലക്ട്രിഷ്യനായ, പാലക്കാട് മുണ്ടൂര്‍ എഴക്കാട് കോട്ടപ്പള്ളം തൈപ്പറമ്പില്‍ ജോസഫിന്റെ മകന് ആല്ബിന് ജോസഫ് (23) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച (25.11.2023) വൈകിട്ടാണ് സര്‍വകലാശാല കാംപസില്‍ ടെക് ഫെസ്റ്റിന്റെ ഭാഗമായ സംഗീത നിശക്ക് തൊട്ടുമുമ്പുണ്ടായ തിക്കിലും തിരക്കിലും മൂന്ന് വിദ്യാര്‍ഥികളടക്കം നാല് പേര് മരിച്ചത്. അപകടത്തില്‍ 66 പേര്‍ക്ക് പരുക്കേറ്റിരുന്നു. പരുക്കേറ്റ നാല് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
Keywords: News, Kerala, Kerala News, Accident, Death, Injured, Police, Case, Students, CUSAT Tragedy, Department of Higher Education, Investigation, Ernakulam: CUSAT Tragedy; Department of Higher Education announces investigation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.