കണ്ണൂര്‍: (KVARTHA) ദേശസാല്‍കൃത ബാങ്ക് കൊള്ളയടിച്ച് രാജ്യം വിട്ട വന്‍ കോര്‍പറേറ്റ് സിംഹങ്ങള്‍ സഹകരണ മേഖലയിലും കൊളളയടി നടത്താന്‍ പറ്റുമോയെന്നാണ് നോക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 70-ാമത് അഖിലേന്‍ഡ്യാ സഹകരണ വാരാഘോഷം സംസ്ഥാന തല ഉദ്ഘാടനം കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെഡറല്‍ തത്വങ്ങള്‍ പൂര്‍ണമായും നിരാകരിക്കുന്ന നീക്കങ്ങളാണ് കേന്ദ്രം നടത്തി കൊണ്ടിരിക്കുന്നത്.
കേരളത്തിലെ സഹകരണ മേഖലയിലെ കോടികളുടെ നിക്ഷേപങ്ങള്‍ അതാത് പ്രദേശത്ത് വായ്പയായി നല്‍കുന്നതിന് സാധിച്ചു. ഇത്തരത്തിലുള്ള നിക്ഷേപങ്ങളുടെ കുതിപ്പ് ചില സംവിധാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും അസൂയ ഉണ്ടാക്കി. കേന്ദ്ര നീക്കങ്ങള്‍ക്കെതിരെ സഹകരണ മേഖലയുടെ സംരക്ഷണത്തിനായി വ്യത്യസ്ത നിലപാടുകളുള്ളവരും കേരളത്തിലെ മാറി മാറി വന്ന സര്‍കാരുകളും ഒരേ മനസോടെ പ്രതിരോധിക്കാനായി. ഇത് സഹകരണ മേഖലയുടെ അതിജീവനത്തിനിടയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
തെറ്റ് ചെയ്തവര്‍ പൂര്‍ണമായും നിയമത്തിന്റെ കരങ്ങളിലാണെന്നും തെറ്റിനെതിരെ കര്‍ക്കശ നടപടിയെടുത്ത് നിക്ഷേപകരെയും വായ്പയെടുത്തവരേയും സംരക്ഷിക്കാന്‍ സഹകരണ മേഖലയ്ക്ക് സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം തെറ്റുകളെ അനാവശ്യമായി പെരുപ്പിച്ച് കാണിച്ച് സഹകരണ മേഖലയെ തകര്‍ക്കുന്നതിന് ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അധ്യക്ഷനായി. എംപിമാരായ ഡോ. വി ശിവദാസന്‍, പി സന്തോഷ്‌കുമാര്‍, എം എല്‍ എമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, കെ കെ ശൈലജ, കെ വി സുമേഷ്, എം വിജിന്‍, ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ, സഹകരണ വകുപ്പ് സെക്രടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ ടി വി സുഭാഷ്, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സി വി ശശീന്ദ്രന്‍, പി മുകുന്ദന്‍, ടി അനില്‍, വി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: News, Kerala, Kerala News, Chief Minister, Pinarayi Vijayan, Cooperative sector, Chief Minister Pinarayi Vijayan says that deliberately exaggerated some of the mistakes in the cooperative sector.