കണ്ണൂര്‍: (KVARTHA) പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വാടക ക്വാര്‍ടേഴ്സില്‍ നിര്‍ത്തിയിട്ട സ്‌കൂടര്‍ തള്ളി പുറത്തെടുത്തുകൊണ്ടുപോയി തീവെച്ച് നശിപ്പിച്ചതായി പരാതി. ഏഴിലോട് തിരുവാതിര വെഞ്ചേഴ്സ് എന്ന ക്വാര്‍ടേഴ്സിലെ സാന്ദ്ര വര്‍ഗീസിന്റെ പേരിലുള്ള കെ എല്‍ 13 എ പി 6481 ഡിയോ സ്‌കൂടറാണ് വെള്ളിയാഴ്ച (20.10.2023) പുലര്‍ചെ ഒന്നരയോടെ കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
വിവരമറിഞ്ഞ് പയ്യന്നൂര്‍ അഗ്‌നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ കെ വി പ്രഭാകരന്റെയും അസി. സ്റ്റേഷന്‍ ഓഫീസര്‍ ഒ സി കേശവന്‍ നമ്പൂതിരിയുടെയും നേതൃത്വത്തിലെത്തിയ സേനാംഗങ്ങളാണ് തീയണച്ചത്. സ്‌കൂടര്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ടി പി ധനേഷ്, എ സുധീര്‍, പി പി രാഹുല്‍, സി എം രജിലേഷ്, ഹോംഗാര്‍ഡുമാരായ കെ മധുസൂതനന്‍, ടി കെ സനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
സ്‌കൂടറിന്റെ ആര്‍ സി ഉടമയായ സാന്ദ്ര സഊദി അറേബ്യയില്‍ ജോലിചെയ്യുകയാണ്. ഇവരുടെ സഹോദരന്‍ സരിനാണ് ഇപ്പോള്‍ സ്‌കൂടര്‍ ഉപയോഗിക്കുന്നത്. സരിനുമായി വ്യക്തി വിരോധമുള്ളവരാണ് സ്‌കൂടര്‍ കത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. പരിയാരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Keywords: News, Kerala, Kannur, Pariyaram, Scooter, Fire, Complaint, Police, Kannur: Scooter caught fire.