കണ്ണൂര്‍: (KVARTHA) ഔഷധി സ്ഥലം വിട്ടുകൊടുക്കാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ റൂറല്‍ പൊലീസ് ആസ്ഥാനം തുടങ്ങാന്‍ മാങ്ങാട്ടുപറമ്പില്‍ സര്‍കാര്‍ സ്ഥലം അനുവദിച്ചു. ആന്തൂര്‍ മുന്‍സിപല്‍ പരിധിയില്‍ മൊറാഴ വിലേജിലെ കെഎപി നാലാം ബറ്റാലിയന്റെ അധീനതയിലുള്ള ഭൂമിയാണ് എം വി ഗോവിന്ദന്‍ എംഎല്‍എയുടെ പ്രത്യേക ഇടപെടലിനെ തുടര്‍ന്ന് പൊലീസ് കണ്ണൂര്‍ റൂറല്‍ ജില്ലക്കായി കൈമാറിയത്.
കണ്ണൂരിനെ സിറ്റിയും റൂറലുമായി 2018ല്‍ വിഭജിച്ച് ഉത്തരവാകുകയും 2021ല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരികയും ചെയ്‌തെങ്കിലും സ്വന്തമായ ആസ്ഥാന മന്ദിരവും അനുബന്ധ സംവിധാനങ്ങളും തയ്യാറായിരുന്നില്ല. താല്‍ക്കാലികമായി കെഎപി നാലാം ബറ്റാലിയന്‍ കോമ്പൌണ്ടിലുള്ള കെട്ടിടത്തിലാണ് കണ്ണൂര്‍ റൂറല്‍ പോലീസ് ആസ്ഥാനം പ്രവര്‍ത്തിച്ച് വരുന്നത്. സ്വന്തമായി സ്ഥലമനുവദിച്ച് കിട്ടിയതോടെ വിപുലമായ ആസ്ഥാന മന്ദിരത്തിന്റെയും ആധുനികമായ അനുബന്ധ സൗകര്യങ്ങളുടെയും നിര്‍മാണം ഉടന്‍ ആരംഭിക്കാന്‍ സാധിക്കും.
അനുവദിക്കപ്പെട്ട സ്ഥലത്ത് എല്ലാ പൊലീസ് വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ജില്ലാ ആസ്ഥാന മന്ദിരം, വനിതാസെല്‍, സൈബര്‍ പൊലീസ് സ്റ്റേഷന്‍, ഡിപിസി കാംപ് ഓഫീസ്, വിപുലമായ പാര്‍കിങ് സ്ഥലം, പരേഡ് ഗ്രൌണ്ട്, കാന്റീന്‍, ക്വാടേഴ്‌സുകള്‍ എന്നിവയാണ് സ്ഥാപിക്കുക. പൂര്‍ണ രൂപത്തില്‍ സജ്ജീകരിക്കപ്പെടുന്നതോടെ, സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച സംവിധാനങ്ങള്‍ കാഴ്ചവയ്ക്കാന്‍ കണ്ണൂര്‍ റൂറല്‍ പൊലീസ് ആസ്ഥാനത്തിന് കഴിയും. ജില്ലയുടെ വികസന മുന്നേറ്റത്തിനും ക്രമസമാധാന പാലനത്തിനും നാഴിക കല്ലായി മാറുന്ന തീരുമാനമാണ് സര്‍കാരിന്റെ ഉത്തരവിലൂടെ സാധ്യമായിട്ടുള്ളത്.
Keywords: Government, Land, Kannur, Police Headquarters, Kannur, Kerala, Government allotted 5 acres of land for Kannur rural police headquarters.