കോഴിക്കോട്: (www.kvartha.com) കൊയിലാണ്ടിയിൽ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് എസ്ഐ മുഖത്തടിച്ചെന്ന് പരാതി. കണ്ണൂർ-കോഴിക്കോട് റൂടിലോടുന്ന ടാലൻറ് ബസ് ഡ്രൈവർ ഷിബിനാണ് കൊയിലാണ്ടി എസ്ഐ അനീഷ് തെക്കേടത്ത് തന്നെ മർദിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്. ഓഗസ്റ്റ് 22നാണ് സംഭവം.
കോഴിക്കോട്-കണ്ണൂർ റൂടിലോടുന്ന ബസ് കൊയിലാണ്ടിയിലെത്തിയപ്പോൾ ഗതാഗതക്കുരുക്കിൽപ്പെടുകയായിരുന്നു. കൊയിലാണ്ടി മാർകറ്റ് പരിസരത്തെ കുരുക്കിൽപ്പെട്ടതിന് പിന്നാലെ ബസിന്റെ ബ്രേക് ജാമാവുകയും റോഡിൽ കുടുങ്ങുകയും ചെയ്‌തു. ഇതിനിടയിൽ പുറകിൽ വരികയായിരുന്ന മറ്റൊരു ബസ് ടാലന്റിനെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന കാറിൽ ഉരസി. ഇതോടെ സ്ഥലത്തെത്തിയ പൊലീസ് ബസ് പിറ്റേ ദിവസം സ്‌റ്റേഷനിൽ ഹാജരാക്കാനും ജീവനക്കാർ സ്‌റ്റേഷനിലെത്താനും നിർദേശിക്കുകയായിരുന്നു.
ഇതനുസരിച്ച്, ബസ് ജീവനക്കാർ സ്‌റ്റേഷനിലെത്തിയതോടെ എസ്ഐ സഭ്യമല്ലാത്ത ഭാഷയിൽ സംസാരിക്കുകയും ഡ്രൈവറുടെ മുഖത്തടിക്കുകയും ചെയ്‌തുവെന്നാണ് പരാതി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സംഭവത്തെ തുടർന്ന് എസ്ഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് ചീഫിനും മനുഷ്യാവകാശ കമീഷൻ, പൊലീസ് ക്ലബിലടക്കം പരാതി നൽകിയെന്നാണ് ഷിബിൻ പറയുന്നത്.
എന്നാൽ, സംഭവം നടന്ന അന്ന് തന്നെ ബസ് സ്‌റ്റേഷനിൽ ഹാജരാക്കാൻ നിർദേശിച്ചിരുന്നുവെന്നും, രണ്ട് ദിവസം കഴിഞ്ഞാണ് ബസ് സ്‌റ്റേഷനിലെത്തിച്ചെതന്നും എസ്ഐ മാധ്യമങ്ങളോട് പ്രതികരിച്ചു. 'ബസ് ഡ്രൈവർ അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. ഇയാൾ മുമ്പും അശ്രദ്ധമായി വാഹനം ഓടിച്ചതിന് കേസ് നിലവിലുണ്ടെന്നും' എസ്ഐ കൂട്ടിച്ചേർത്തു.
ബ്രേക് ജാമായതാണെങ്കില്‍ എങ്ങനെയാണ് ബസ് ജീവനക്കാര്‍ കണ്ണൂരിൽ പോയി ട്രിപ് എടുക്കുകയെന്നും, ജീവനക്കാര്‍ സ്റ്റേഷനില്‍ വന്ന് പ്രകോപന ശ്രമം നടത്തിയതാണെന്നും എസ് ഐ വിശദീകരിച്ചു. പോകറ്റില്‍ കാമറ ഓണ്‍ ചെയ്‌ത് വച്ച് രഹസ്യമായാണ് ബസ് ജീവനക്കാര്‍ വീഡിയോ ചിത്രീകരിച്ചതെന്നും എസ്ഐ പറഞ്ഞു.
Keywords: Koyilandi, Kozhikode, news, Police, Bus Staff, Explained, Bus driver, Tried, provoked, Station, Case, Registered, Vehicle, Carelessly, Malayalam news, Bus got stuck in the traffic jam; The staff was called to the station and the SI shouted and complained.