തിരുവനന്തപുരം: (www.kvartha.com) കേരളത്തിലെ പ്രധാനപ്പെട്ട വെല്ലുവിളികളില്‍ ഒന്നാണ് തെരുവുനായ്ക്കളുടെ അനിയന്ത്രിതമായ പെരുപ്പം. കാല്‍നടയാത്രക്കാരെ കടിച്ച് പരിക്കേല്‍പ്പിക്കുക മാത്രമല്ല വാഹനമോടിക്കുന്നവരുടെ കുറുകെ ചാടി വീണു തെരുവുനായ്ക്കള്‍ അപകടമുണ്ടാക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ കേള്‍ക്കാത്ത ദിവസങ്ങള്‍ ചുരുക്കമാണ്. മൃഗസംരക്ഷണവകുപ്പ് നടത്തിയ പുതിയ സെന്‍സസ് കണക്കുകള്‍ പ്രകാരം രണ്ടരലക്ഷത്തിലധികമാണ് കേരളത്തില്‍ തെരുവ് നായ്ക്കളുടെ ഏകദേശ എണ്ണം.
തെരുവുനായ്ക്കളും പേവിഷബാധയും ഭീതിയുണ്ടാക്കുന്ന വിഷയങ്ങളാണ്. ലോകത്താകമാനം 55000-60000 വരെ പേവിഷബാധയേറ്റുളള മരണങ്ങളാണ് പ്രതിവര്‍ഷം നടക്കുന്നത്. ഇതില്‍ മൂന്നിലൊന്ന് അതായത് 20000ത്തോളം മരണങ്ങള്‍ നടക്കുന്നത് ഇന്‍ഡ്യയിലാണെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. രോഗം ബാധിച്ച് മരണമടയുന്ന പത്തില്‍ നാലുപേരും കുട്ടികളാണെന്നാണ് ലോകാരോഗ്യസംഘടനയുടെ നിരീക്ഷണം.
പേവിഷബാധ നിര്‍മാര്‍ജനത്തിന്റെ ആദ്യത്തെ ചുവട് തെരുവുനായ്ക്കളുടെ ഫലപ്രദമായ നിയന്ത്രണവും പ്രതിരോധ കുത്തിവെയ്പുമാണ്. സംസ്ഥാനത്ത് 4.38 ലക്ഷം വളര്‍ത്തുനായ്ക്കള്‍ക്കും 3261 തെരുവുനായ്ക്കള്‍ക്കും പേവിഷബാധയുടെ കുത്തിവയ്‌പെടുത്തതായാണ് കണക്ക്. പക്ഷേ സംസ്ഥാനത്ത് നിലവില്‍ 2,89000 തെരുവുനായ്ക്കളാണുള്ളത്. ഇതില്‍ 3261 തെരുവുനായകള്‍ക്ക് മാത്രമാണ് കുത്തിവയ്‌പെടുക്കാന്‍ കഴിഞ്ഞത്. തെരുവുനായ ശല്യത്തിന് ഉടനടി പ്രതിവിധി കണ്ടെത്തണമെന്നാണ് പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നത്
ഫലപ്രദമായി തെരുവുനായ്ക്കളുടെ ശല്യം ഒരുപരിധി വരെ ഒഴിവാക്കിയ സംസ്ഥാനമാണ് ഗോവ. അതിനാല്‍ ഗോവുടെ മാതൃക കേരളത്തില്‍ പിന്തുടരാനാവുമോയെന്ന ആലോചനയിലാണ് നിലവില്‍ കേരള സര്‍കാര്‍. അതുസംബന്ധിച്ചുള്ള ആലോചനകള്‍ തുടങ്ങി. യുകെയിലെ സന്നദ്ധ സംഘടനയായ വേള്‍ഡ് വൈഡ് വെറ്ററിനറി സര്‍വീസസിന്റെ (WVS) സഹായത്തോടെ 2014ല്‍ ഗോവയില്‍ തുടക്കമിട്ട മിഷന്‍ റാബീസ് എന്ന പദ്ധതിയിലൂടെയാണ് ഗോവ പേവിഷമുക്തി നേടിയത്. പതിനെട്ടേകാല്‍ കോടിയോളം രൂപയാണ് ഇതിനായി ഗോവ ചെലവിട്ടത്. തെരുവ് നായ്ക്കളുടെ ഫലപ്രദമായ നിയന്ത്രണവും പ്രതിരോധ കുത്തിവയ്പും പേവിഷബാധ നിര്‍മാര്‍ജനവുമാണ് ആദ്യ ചുവടുവയ്‌പെന്നാണ് ഗോവന്‍ മാത്യക വ്യക്തമാക്കുന്നത്. അടുത്ത മൂന്ന് മാസത്തിനകം ഗോവന്‍ മാതൃക നടപ്പാക്കാനാണ് സര്‍കാര്‍ തീരുമാനം.
Keywords: Thiruvananthapuram, News, Kerala, Dog, Government, Goa, Stray Dogs in Kerala.