കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ കോര്‍പറേഷനിലെ മേയര്‍ സ്ഥാനത്തെ ചൊല്ലി മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മിലുളള ബന്ധം വഷളാകുന്നു. അവശേഷിച്ച രണ്ടര വര്‍ഷം മേയര്‍ സ്ഥാനം വേണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ പ്രഖ്യാപിച്ചതോടെയാണ് വിഷയം മുന്നണി സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലെത്തിയിരിക്കുകയാണ്.
വെള്ളിയാഴ്ച ബാഫക്കി തങ്ങള്‍ സൗധത്തില്‍ ചേര്‍ന്ന മുസ്ലിം ലീഗ് കണ്ണൂര്‍ മണ്ഡലം കമിറ്റി യോഗത്തില്‍ ഈക്കാര്യത്തില്‍ അടിയന്തിര നടപടി വേണമെന്ന പൊതുവികാരമാണ് ഉയര്‍ന്നത്. അശ്‌റഫ് ബംഗാളി മൊഹ്ല്‌ലയാണ് യോഗത്തില്‍ അധ്യക്ഷനായത്. മേയര്‍ സ്ഥാനം കൈമാറുന്നതിനായി കോണ്‍ഗ്രസില്‍ സമ്മര്‍ദം ശക്തമാക്കണമെന്നും വഴങ്ങിയില്ലെങ്കില്‍ കോര്‍പറേഷനില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കണമെന്നാണ് യോഗത്തിലുണ്ടായ പൊതുവികാരം. അന്‍പതുകളില്‍ കണ്ണൂര്‍ നഗരസഭ രൂപീകരിച്ച കാലം മുതല്‍ ഏറ്റവും കൂടുതല്‍ സീറ്റ് ലഭിക്കുന്നവര്‍ ആദ്യതവണയും രണ്ടാമത്തെ കക്ഷി രണ്ടാം ടേമിലും അധികാരം പങ്കിടുകയാണ് ചെയ്തുവന്നിരുന്നതെന്നും ഈക്കാര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്കു തയ്യാറല്ലെന്നും ലീഗ് നേതാക്കള്‍ പ്രതികരിച്ചു.
മുന്‍ധാരണ പ്രകാരം കോര്‍പറേഷന്‍ മേയര്‍ സ്ഥാനം കൈമാറണമെന്ന് കത്തുനല്‍കിയിരുന്നതായും മൂന്ന് വര്‍ഷം കോണ്‍ഗ്രസ് ഭരിക്കുമെന്ന വാദം അംഗീകരിക്കില്ലെന്നുമാണ് ഈക്കാര്യത്തില്‍ മുസ്ലിം ലീഗ് ജില്ലാപ്രസിഡന്റ് പ്രതികരിച്ചത്. എന്നാല്‍ മൂന്നുവര്‍ഷം തങ്ങള്‍ക്ക് മേയര്‍ സ്ഥാനം വേണമെന്ന പിടിവാശിയില്‍തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വമുളളത്. കഴിഞ്ഞ ദിവസം കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ വിളിച്ചു ചേര്‍ത്ത സമവായ യോഗത്തില്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഈക്കാര്യത്തില്‍ ഉറച്ചു നിന്നാണ് പ്രതികരിച്ചത്.
ടി ഒ മോഹനനെ പോലുളള കഴിവു തെളിയിച്ച ഒരു മേയര്‍ക്ക് പകരം മുസ്ലിം ലീഗില്‍ നേതാക്കളില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. തങ്ങള്‍ തളിപറമ്പ് നഗരസഭയില്‍ രണ്ടാംസ്ഥാനക്കാരായിട്ടും ഇതുവരെ മുസ്ലിം ലീഗ് നഗരസഭാ ചെയര്‍മാന്‍ സ്ഥാനം പങ്കിടാന്‍ തയ്യാറായിട്ടില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മില്‍ പരസ്യമായി ഏറ്റുമുട്ടലിന്റെ വക്കിലെത്തിയത് മുന്നണിയിലെ മറ്റുകക്ഷികള്‍ക്കും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
Keywords: Kannur, News, Kerala, Mayor, Kannur Corporation, Dispute, Muslim League, Congress, Kannur Corporation; Dispute between Muslim League and Congress.