കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിയിലുള്ള ചാല കാംപസില്‍ ബിഎഡ് കോഴ്സ് നിര്‍ത്തലാക്കാന്‍ നീക്കം നടത്തുന്നതോടെ ആയിരക്കണക്കിന് ഭാഷാ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ ഭാഷ വിദ്യാര്‍ഥികളാണ് ഇതോടെ പെരുവഴിയിലാകുന്നത്. ഈ വര്‍ഷം ബി എഡ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് അഞ്ചാണ്. എന്നാല്‍ കോഴ്‌സുകള്‍ നടത്താനുള്ള കേന്ദ്ര സര്‍കാരിന്റെ അഫിലിയേഷന്‍ ഇല്ലെന്നാണ് കണ്ണൂര്‍ സര്‍വകലാശാല അധികൃതരുടെ വിശദീകരണം.
കണ്ണൂര്‍ സര്‍വകലാശാലയുടെ ഔദ്യോഗിക ബിഎഡ് കേന്ദ്രമായ ഇവിടെ മലയാളം, കന്നഡ, അറബിക്, ഇന്‍ഡഗ്ലീഷ്, ഫിസികല്‍ സയന്‍സ്, കണക്ക് എന്നിങ്ങനെ ആറ് ബി എഡ് കോഴ്സുകളാണുള്ളത്. വിദ്യാഭ്യാസപരമായി വളരെ പിന്നാക്കം നില്‍ക്കുന്ന കാസര്‍കോട്, വയനാട് ജില്ലകള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കി 2000ത്തിലാണ് ചാല കാംപസ് ആരംഭിച്ചത്.
സ്ഥിരം അധ്യാപകരില്ലാത്തതിനാല്‍ കോഴ്സുകള്‍ നടത്താനുള്ള കേന്ദ്ര സര്‍കാരിന്റെ അഫിലിയേഷന്‍ ഈ കേന്ദ്രത്തിനില്ലെന്നാണ് അനൗദ്യോഗികമായുള്ള വിശദീകരണം. കോഴ്സ് കോ ഓര്‍ഡിനേറ്റര്‍ ഉള്‍പ്പെടെ താത്കാലിക അധ്യാപകരാണുള്ളത്. നിലവില്‍ ഇവിടെ 57 വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്. എന്നാല്‍ ഇവര്‍ ഇനി എന്ത് ചെയ്യും എന്ന ചോദ്യത്തിനൊന്നും സര്‍വകലാശാലയുടെ ഭാഗത്ത് നിന്ന് കൃത്യമായൊരു മറുപടി ലഭിച്ചിട്ടില്ല.
ഭാഷാ ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള കാസര്‍കോട് ജില്ലയില്‍ കന്നഡ അറബിക് ബിഎഡ് കോഴ്സുകളുള്ള ഏക കേന്ദ്രം കൂടിയാണിത്. ചാല കാംപസ് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭമാരംഭിക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാര്‍ഥി സംഘടനകള്‍.
Keywords: Kannur, News, Kerala, Kannur University, Education, Students, B ed Course, Kannur University cancels B ed courses in Chala Campus.