കണ്ണൂര്‍: (www.kvartha.com) കെ സുധാകരനെ കായികമായി നേരിട്ട് ഇല്ലാതാക്കാന്‍ നോക്കി പരാജയപ്പെട്ടവരാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രതിഛായ തകര്‍ക്കാനുള്ള വിഫലശ്രമം നടത്തുന്നതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ടിന്‍ ജോര്‍ജ്. ജനനായകര്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, എഐ ക്യാമറ അഴിമതിയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, കെ ഫോണ്‍ ഇടപാടിലെ അഴിമതിക്കെതിരെ അന്വേഷണം നടത്തുക, രൂക്ഷമായ വിലക്കയറ്റം തടഞ്ഞുനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് യുഡിഎഫ് സംസ്ഥാന കമിറ്റിയുടെ ആഹ്വാനപ്രകാരം തലശ്ശേരി നിയോജകമണ്ഡലം യുഡിഎഫ് കമിറ്റി തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ ജനകീയ സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ സുധാകരനും വി ഡി സതീശനുമടക്ക് പ്രതിപക്ഷത്തുള്ള നേതാക്കളെ അഴിമതിക്കാരും ആഭാസന്മാരുമായി ചിത്രീകരിക്കാനുള്ള സിപിഎം നേതൃത്വത്തിന്റേയും ദേശാഭിമാനിയുടെയും നിരന്തരശ്രമം അവരെ തന്നെ തിരിഞ്ഞുകുത്തുന്നതാണ്. ഇന്നാട്ടിലെ പൊതുജനം സിപിഎമിന്റെ കാപട്യം ദിവസവും തിരിച്ചറിയുകയാണ്. പാര്‍ടിയേയും ഭരണത്തേയും അടക്കി വാഴുന്ന കണ്ണൂര്‍ ലോബിയുടെ കുത്സിത പ്രവര്‍ത്തനങ്ങളില്‍ മറ്റു ജില്ലകളിലെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും അമര്‍ഷം ഉള്ളിലൊതുക്കി കഴിയുകയാണ്. പ്രതിപക്ഷം പറയുന്നതാണ് ശരിയെന്ന് നീതിപീഠങ്ങള്‍ അംഗീകരിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമമാണ് എഐ ക്യാമറക്കൊള്ളയിലുണ്ടായ കോടതിയുടെ നിരീക്ഷണം.
പിണറായി വിജയനും കൂട്ടര്‍ക്കും ഖജനാവ് കട്ടുമുടിക്കാന്‍ പാവപ്പെട്ടവരുടെ പോക്കറ്റടിക്കുന്ന നെറികേടിനുള്ള തിരിച്ചടിയാണ് കോടതിയില്‍ നിന്നുണ്ടായത്. കെ സുധാകരനെ കണ്ണൂരില്‍ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ എത്രയോ കാലമായി സിപിഎം ശ്രമിച്ചു വരികയാണ്. സിപിഎം ക്രിമിനലുകളുടെ വധശ്രമങ്ങളില്‍ നിന്ന് രക്ഷപ്പെട്ട കെ സുധാകരനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്ന ലക്ഷക്കണക്കിനു കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ട്. ഗുണ്ടയെന്നും ക്രിമനലെന്നുമൊക്കെ കെ സുധാകരനെ വിളിച്ചാക്ഷേപിച്ച സിപിഎമുകാര്‍ക്ക് കണ്ണൂര്‍ ലോക് സഭാ മണ്ഡലത്തിലെ വോടര്‍മാര്‍ കൃത്യമായ മറുപടി നല്‍കിയതൊക്കെ ഓര്‍ക്കുന്നത് നല്ലത്.
ദുഷിച്ച പ്രചരണങ്ങളിലൂടെ തളര്‍ത്താന്‍ നോക്കുമ്പോഴെല്ലാം സിപിഎമിനെതിരേ പതിന്മടങ്ങ് പ്രഹരശേഷിയോടെ കെ സുധാകരന്‍ പ്രവര്‍ത്തിക്കുമെന്ന കാര്യം സിപിഎം നേതാക്കള്‍ അനുഭവിച്ചറിഞ്ഞവരാണ്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പൊളിറ്റിക്കല്‍ സെക്രട്ടറിയും പ്രസ് സെക്രട്ടറിയുമൊക്കെ ചേര്‍ന്ന കണ്ണൂരിലെ ഗൂഢസംഘത്തിന്റെ തിരക്കഥയില്‍ രൂപപ്പെട്ടതാണ് കെ സുധാകരനെതിരായ അപവാദ പ്രചരണം. സിപിഎം ബ്രാഞ്ച് സെക്രടറിയുടെ പോലും നിലവാരമില്ലാത്ത എം വി ഗോവിന്ദന്റെ ദുഷിച്ച ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം ഭാര്യയുടെ ധിക്കാരത്തിനും ധാര്‍ഷ്ട്യത്തിനുമിരയായി പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തപ്പോള്‍ സാജന്റെ ഭാര്യക്കെതിരായ അപവാദപ്രചരണത്തിന് ദേശാഭിമാനിയെ ഉപയോഗിച്ച എം വി ഗോവിന്ദന്‍ ഇപ്പോള്‍ പ്രത്യുപകാരമെന്ന മട്ടിലാണ് സിപിഎമിലെ ഒരു നേതാവും ഏറ്റെടുക്കാതിരുന്ന ദേശാഭിമാനിയിലെ വ്യാജവാര്‍ത്ത ഏറ്റുപിടിച്ചതെന്ന് സംശയിക്കേണ്ടി വരുമെന്ന് അഡ്വ. മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു.
നേതാക്കളായ എ കെ അബൂട്ടി ഹാജി, സി ടി സജിത്ത്, എം പി അരവിന്ദാക്ഷന്‍, ടി എച്ച് നാരായണന്‍, കെ സി അഹ് മദ്, ബശീര്‍ ചെറിയാണ്ടി, വി സി പ്രസാദ്, കെ ശശിധരന്‍, മണ്ണയാട് ബാലകൃഷ്ണന്‍, എം വി അസൈനാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: Kannur, News, Kerala, Adv. Matin George, CPM, Kannur: Adv. Matin George against CPM.