Follow KVARTHA on Google news Follow Us!
ad

Suspended | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; അസിസ്റ്റന്റ് എക്‌സിക്യൂടീവ് എന്‍ജിനീയറടക്കം 5 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

'ഗുരുതരമായ ക്രമക്കേട് കണ്ടെത്തി' Inspection, Vigilance, Local Self Government, Officials Suspended, Minister MB Rajesh
തിരുവനന്തപുരം: (www.kvartha.com) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇന്റേനല്‍ വിജിലന്‍സ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. ജൂണ്‍ ആറിനാണ് മൂന്ന് കോര്‍പറേഷനുകളിലും 16 മുനിസിപാലിറ്റികളിലും 25 ഗ്രാമ പഞ്ചായതുകളിലും ഓരോ ജില്ല/ബ്ലോക് പഞ്ചായതുകള്‍ എന്നിവിടങ്ങളിലായി ആകെ 46 സ്ഥാപനങ്ങളില്‍ പരിശോധന നടന്നത്. തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ആണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് തദ്ദേശ പൊതു സര്‍വീസ് രൂപീകൃതമായ ശേഷം ആദ്യമായാണ് ഇത്തരത്തില്‍ മിന്നല്‍ പരിശോധന നടക്കുന്നത്. ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായി മന്ത്രി അറിയിച്ചു. തിരുവനന്തപുരം കോര്‍പറേഷനിലെ നേമം സോണല്‍ ഓഫീസില്‍ പരിശോധന നടത്തിയിരുന്നു. കെട്ടിട നമ്പര്‍ അനുവദിച്ച ഫയലുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ കെഎംബിആര്‍ (KMBR) ലംഘനം മറച്ചുവച്ച് കൊണ്ട് തെറ്റായ റിപോര്‍ട് നല്‍കി ഒകുപന്‍സി സര്‍ടിഫികറ്റുകള്‍ നല്‍കിയതായി ബോധ്യപ്പെട്ടു. ഇപ്രകാരം തെറ്റായ റിപോര്‍ട് സമര്‍പിച്ച രണ്ട് ഓവര്‍സീയര്‍മാരെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

Thiruvananthapuram, News, Kerala, Inspection, Vigilance, Suspended, Inspection of vigilance in Local Self Government; 5 officials suspended.

നേമം ഓഫീസില്‍ തന്നെ മറ്റ് രണ്ട്  ഫയലുകളില്‍ നേരിട്ട് സ്ഥല പരിശോധന നടത്തി. കെഎംബിആര്‍ ചട്ടലംഘനമുള്ള രണ്ട് കെട്ടിടങ്ങള്‍ക്ക് കെഎംബിആര്‍ പാലിച്ചത് സംബന്ധിച്ച് ഓവര്‍സീയറുടെ റിപോര്‍ട് ഇല്ലാതെ 300 m2  വരെയുള്ള കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്നതിന് ചുമതലയുള്ള അസിസ്റ്റന്റ് എന്‍ജിനീയര്‍ ഓഫിസില്‍ ഉണ്ടായിരിക്കെ, ഇയാളെ മറികടന്ന് അസിസ്റ്റന്റ് എക്‌സിക്യൂടീവ് എന്‍ജിനീയര്‍ ഒകുപന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി കണ്ടു. ഇതിന് ഉത്തരവാദിയായ അസിസ്റ്റന്റ് എക്‌സിക്യൂടീവ് എന്‍ജിനീയറെ സര്‍വീസില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് മുനിസിപാലിറ്റിയില്‍ പരിശോധന നടന്നിരുന്നു പരിശോധനയില്‍ 2881 ലൈസന്‍സിനുള്ള അപേക്ഷകള്‍ പെന്റിംഗ് ആണെന്ന് കണ്ടെത്തി. വ്യാപാര സ്ഥാപനങ്ങളുടെ പേര് വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ട്രേഡേഴ്‌സ് ലിസ്റ്റ് തയ്യാറാക്കി സൂക്ഷിച്ചിട്ടില്ല. ഗുരുതരമായ കൃത്യവിലോപമാണ് ഉണ്ടായിട്ടുള്ളത്. ഇതിന് ഉത്തരവാദിയായ പാലക്കാട് നഗരസഭയിലെ ഹെല്‍ത് സൂപര്‍വൈസറെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം കല്ലിയൂര്‍ ഗ്രാമപഞ്ചായതില്‍ പരിശോധന നടത്തിയപ്പോള്‍ ചട്ടപ്രകാരം സൂക്ഷിക്കേണ്ട പേഴ്സണല്‍ രജിസ്റ്റര്‍, വാഹനങ്ങളുടെ ലോഗ് ബുക്, തൊഴില്‍ നികുതി രജിസ്റ്റര്‍, തുടങ്ങിയവയൊന്നും യഥാവിധി പാലിച്ചിട്ടില്ല.  

കെട്ടിട നിര്‍മാണ അനുമതി, ഒക്കുപ്പന്‍സി, കെട്ടിട നമ്പര്‍ എന്നിവയ്ക്കുള്ള അപേക്ഷകളിന്മേല്‍ യഥാസമയം നടപടിയെടുക്കാതെ ധാരാളം ഫയലുകള്‍ സെക്ഷനുകളില്‍ സൂക്ഷിക്കുന്നതായും പരിശോധനയില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. കെട്ടിട നിര്‍മ്മാണ അനുമതിയടക്കമുള്ള അപേക്ഷകളില്‍ യഥാസമയം നടപടി കൈക്കൊള്ളാതിരിക്കുന്നതു വഴി പൊതുജനങ്ങള്‍ക്ക് യഥാസമയം സേവനം ലഭിക്കുന്നില്ലാത്ത അവസ്ഥയുണ്ട്. പഞ്ചായത്ത് ഓഫീസിലെ ഭരണ നിര്‍വഹണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഹെഡ് ക്ലര്‍ക്കിന്റെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ച കണ്ടെത്തിയിട്ടുണ്ട്.  

ജീവനക്കാര്‍ക്ക് യഥാസമയം നിര്‍ദ്ദേശം നല്‍കുന്നതിലും പെന്റിങ് ഫയലുകള്‍ തീര്‍ക്കുന്നതിലും ഹെഡ് ക്ലാര്‍ക്കിന്റെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുള്ളതിനാല്‍ ഹെഡ് ക്ലാര്‍ക്കിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ജീവനക്കാരുടെ ഹാജര്‍നില,  കെട്ടിട നിര്‍മ്മാണ അനുമതി/നമ്പര്‍ അപേക്ഷകളിലെ കാലതാമസം, പൊതു ജനത്തിന് ലഭിക്കേണ്ട സേവന അപേക്ഷകളിന്‍മേലുള്ള കാലതാമസം എന്നിവയെ മുന്‍ നിര്‍ത്തിയാണ് പ്രധാനമായും പരിശോധന നടത്തിയത്. പരിശോധന നടന്ന സ്ഥാപനങ്ങളില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്, ഒക്യുപെന്‍സി നല്‍കുന്നതില്‍ ചട്ട ലംഘനങ്ങളും കാലതാമസവും കണ്ടെത്തി. 

മുന്‍ഗണനാക്രമം തെറ്റിച്ച് അപേക്ഷകളില്‍ നടപടി എടുക്കുന്നതും ഓണ്‍ലൈന്‍ ആയി അപേക്ഷ കൈകാര്യം ചെയ്യേണ്ടതിന് പകരം അപേക്ഷ നേരിട്ട് കൈകാര്യം ചെയ്യുന്നതും കണ്ടെത്തിയിട്ടുണ്ട്. ആവശ്യമായ സെറ്റ് ബാക്കുകള്‍ ഉണ്ടെന്ന് വ്യാജ റിപ്പോര്‍ട്ട് എഴുതി കെട്ടിടങ്ങള്‍ക്ക് ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ നേമം സോണല്‍ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. പാലക്കാട്, കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റിയില്‍ ലൈസന്‍സ് അപേക്ഷകളില്‍ നടപടി സ്വീകരിക്കുന്നതിന് വളരെയധികം കാലതാമസം ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 

ലൈസന്‍സുകള്‍ യഥാസമയം നല്‍കാത്ത കേസുകളും നിരവധി സ്ഥാപനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഗ്രാമ പഞ്ചായതുകളില്‍ ഫയല്‍ കൈകാര്യം ചെയ്യുന്ന കഘഏങട സോഫ്റ്റ് വെയറില്‍ കാലതാമസം വന്ന ഫയലുകള്‍ പ്രത്യേകം പരിശോധന നടത്തി. അകാരണമായി കാലതാമസം വന്ന ഫയലുകളില്‍ അപേക്ഷകരെ നേരില്‍ കണ്ട് വിവരം ശേഖരിച്ച് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേക റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ട്. സാമൂഹിക സുരക്ഷാ പെന്‍ഷനുകളുടെ അപേക്ഷയില്‍ യഥാസമയം നടപടി എടുക്കാത്ത ഉദ്യോഗസ്ഥരുടെ വീഴ്ചയും കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാര്‍ അനധികൃതമായി ഓഫീസില്‍ ഹാജരാകാതിരിക്കുക, മദ്യപിച്ച് ഓഫീസില്‍ എത്തുക തുടങ്ങിയ പ്രവണതകളും റിപോര്‍ട് ചെയ്തിട്ടുണ്ട്. ആഭ്യന്തര വിജിലന്‍സ് സംവിധാനം നിലവില്‍ വന്നതിനെത്തുടര്‍ന്ന് ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരെ നിയോഗിച്ച് നടന്ന ആദ്യത്തെ ആകസ്മിക പരിശോധനയാണ് നടന്നതെന്ന് മന്ത്രി വ്യക്തമാക്കി.

ഇന്റേണല്‍ വിജിലന്‍സ് ഓഫീസറോടൊപ്പം വിഷയ പരിജ്ഞാനമുള്ള രണ്ട് ഉദ്യോഗസ്ഥരടങ്ങുന്ന മൂന്നംഗ ടീമാണ് പരിശോധന നടത്തിയത്. ഇത്തരത്തില്‍ സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്ഥാപന ഓഫീസുകളിലും മാസത്തില്‍ ചുരുങ്ങിയത് 2 തവണ എങ്കിലും പരിശോധന നടത്തുന്നതിനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പരിശോധനയില്‍ കണ്ടെത്തുന്ന ക്രമക്കേടുകള്‍ക്ക് ഉത്തരവാദിയായ ഉദ്യേഗസ്ഥര്‍ക്കെതിരെ സമയബന്ധിതമായി കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുന്നതിനും വകുപ്പ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തദ്ദേശ സ്ഥാപന ആഫീസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും പൊതുജനങ്ങള്‍ക്ക് യഥാസമയം സേവനം എത്തിക്കുന്നതിനും ഫലപ്രദമായ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തുടര്‍ന്നും ഉണ്ടാവുന്നതാണെന്നും മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. 

Keywords: Thiruvananthapuram, News, Kerala, Inspection, Vigilance, Suspended, Inspection of vigilance in Local Self Government; 5 officials suspended.

Post a Comment