കണ്ണൂര്‍: (www.kvartha.com) ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍കാരിനെതിരെ ആഞ്ഞടിച്ച് തലശേരി ആര്‍ച് ബിഷപ് ജോസഫ് പാംപ്ലാനി. മണിപ്പൂരില്‍ നടക്കുന്നത് ക്രിസ്ത്യന്‍ വംശഹത്യയെന്ന് ജോസഫ് പാംപ്ലാനി ആരോപിച്ചു. വായാട്ടുപറമ്പില്‍ പൊതുപരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലാപം തടയുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍കാരുകള്‍ പരാജയപ്പെടുകയായിരുന്നു. കലാപം പടര്‍ന്നത് ക്രൈസ്തവ പള്ളികള്‍ ലക്ഷ്യമിട്ടാണെന്നും 2002ലെ ഗുജറാത് വംശഹത്യപോലെയാണ് മണിപ്പൂര്‍ കലാപമെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു. പ്രധാനമന്ത്രി അമേരിക്കയില്‍ പോയി യാതൊരു വിവേചനവും നടക്കുന്നില്ലെന്ന് പറയുന്നു. എന്നാല്‍ ഇക്കാര്യം മണിപ്പൂരിലെ ക്രൈസ്തവരോട് പ്രധാനമന്ത്രിക്ക് പറയാനാകുമോയെന്ന് ജോസഫ് പാംപ്ലാനി ചോദിച്ചു.
മറ്റിടങ്ങളിലും ന്യൂനപക്ഷ വേട്ട നടക്കുന്നുണ്ടെന്നും മണിപ്പൂരിലേത് ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത കലാപം ആണെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു. ഗുജറാതില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കലാപത്തിന്റെ മറ്റൊരു പതിപ്പായി മണിപ്പുരിലെ അവസ്ഥമാറിയിരിക്കുന്നു. വളരെ ആസൂത്രിതമായ കലാപനീക്കം നടന്നിട്ടുണ്ട്. ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍കാര്‍ ശ്രമത്തിനെതിരേയും പാംപ്ലാനി വിയോജിച്ചു. നിയമനിര്‍മാണ സഭകളില്‍ നിയമം അവതരിപ്പിച്ച് വിശദാംശങ്ങള്‍ പൂര്‍ണമായും ജനങ്ങളിലേത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Kannur, News, Kerala, Archbishop, Joseph Pamplany, Central government, BJP, Archbishop Joseph Pamplany against Central government.